print edition മൂന്നുപേരെ കടലിൽ കാണാതായിട്ട് രണ്ടാഴ്ച; കാത്തിരിപ്പിന്റെ കടലിൽ കുടുംബങ്ങൾ

തിരുവനന്തപുരം: ശക്തമായ കാലവർഷത്തിലുണ്ടായ ബോട്ടപകടങ്ങളിൽപ്പെട്ട് മൂന്നുപേരെ കാണാതായിട്ട് രണ്ടാഴ്‌ചയായി. തുടക്കത്തിൽ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ അലംഭാവത്താൽ തിരച്ചിൽ വൈകിയതും കേന്ദ്രസേനയെയുൾപ്പെടെ വിന്യസിക്കാൻ വൈകിയതുമാണ് മൂന്നുകുടുംബങ്ങളുടെ സങ്കടത്തിന് കാരണം. ജൂലൈ 31-നാണ് വിഴിഞ്ഞം, മുതലപ്പൊഴി, നീണ്ടകര എന്നിവിടങ്ങളിലുണ്ടായ അപകടങ്ങളിൽ അഞ്ചുതെങ്ങ് സ്വദേശി ഷിജിൻ, പുല്ലുവിളയിലെ ജോൺ മത്യാസ്, പുത്തൻതുറ സ്വദേശി ഗൗതം കൃഷ്‌ണ എന്നിവരെയാണ് കാണാതായത്.
അപകടമുണ്ടായ ഉടൻ ഉണർന്നുപ്രവർത്തിക്കേണ്ട സർക്കാർസംവിധാനങ്ങൾ അപകടമുണ്ടായ ആദ്യ മണിക്കൂറുകളിൽ അനങ്ങിയില്ല. കടൽ അപകടങ്ങളിൽ രക്ഷാപ്രവർത്തനത്തിന് ഉപയോഗിക്കാവുന്ന മത്സ്യത്തൊഴിലാളി മേഖലയിലെ യുവാക്കളടങ്ങുന്ന ടീമിനെ ഉപയോഗിച്ചിരുന്നുവെങ്കിൽ തിരച്ചിൽ കാര്യക്ഷമമാക്കാമായിരുന്നു.
2017ലെ ഓഖി ദുരന്തത്തെത്തുടർന്നാണ് അന്നത്തെ എൽഡിഎഫ് സർക്കാർ 200 പേരടങ്ങുന്ന സംഘത്തെ രൂപീകരിച്ചത്. അവരെ ഗോവയിലേക്ക് അയച്ച് പ്രത്യേക പരിശീലനം നൽകുകയും ചെയ്‌തു.
നീണ്ടകരയിലെ ബോട്ടപകടത്തിൽ ഭർത്താവ് രാധാകൃഷ്ണനെയും അച്ഛൻ രാജീവനെയും രേഷ്‌മയ്ക്ക് നഷ്ടമായിരുന്നു. കാണാതായ മകൻ 26 വയസ്സുള്ള ഗൗതംകൃഷ്‌ണയ്ക്കായാണ് ഇൗ അമ്മ കാത്തിരിക്കുന്നത്. മകനെ കണ്ടെത്താനുള്ള തിരച്ചിൽ വൈകുന്നതിനെതിരെ നീണ്ടകര കോസ്റ്റൽ പൊലീസ് സ്റ്റേഷനുമുന്നിൽ രേഷ്‌മ കുത്തിയിരിപ്പ് സത്യഗ്രഹം തുടങ്ങിയശേഷമാണ് തിരച്ചിൽ അൽപ്പമെങ്കിലും കാര്യക്ഷമമായത്. ജോണിന്റെ മകൾ ജിജിയും സർക്കാരിന്റെ അലംഭാവത്തിനെതിരെ രംഗത്തുവന്നിരുന്നു. ഇത്തരം സന്ദർഭങ്ങളിൽ ഓടിയെത്തേണ്ട ഫിഷറീസ് മന്ത്രി മൂന്നിടത്തും എത്തിയത് പത്താം ദിവസമാണ്.








0 comments