'ഭീഷണിയുടെ സ്വരം വില പോകില്ല'; പി സി ജോർജിനും മകനുമെതിരെ പാലാ ബിഷപ്പ്

പി സി ജോർജ്, പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട്
കോട്ടയം: ക്രൈസ്‌തവസഭകളെയും മെത്രാന്മാരെയും അസഭ്യം പറഞ്ഞ ബിജെപി നേതാക്കളായ പി സി ജോർജിനും മകൻ ഷോൺ ജോർജിനുമെതിരെ രൂക്ഷ വിമർശനവുമായി പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട്. ഭീഷണിയുടെ സ്വരം വില പോകില്ലെന്നും ആയിരക്കണക്കിന് വൈദികരും വിശ്വാസികളുമുള്ള സഭയെ മൂലയ്ക്ക് ഇരുത്താമെന്നോ, സഭ മിണ്ടാപ്രാണികളായി ന്യൂട്രൽ ആയിരിക്കണമെന്നോ ആരും കരുതേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. ആരെടെയും പേരെടുത്ത് പറയാതെയാണ് ബിഷപിന്റെ മറുപടി.
'പൊതുരംഗത്ത് പ്രവർത്തിക്കുന്നവർ മാന്യതയുടെ അതിർവരമ്പുകൾ ലംഘിക്കുന്നു. മതനേതാക്കന്മാരെക്കുറിച്ച് എന്തും വിളിച്ച് പറയുന്നു. വിമർശനം മാന്യമായ ഭാഷയിലാവണം. പൊതുപ്രവർത്തകർ മതനേതാക്കളെക്കുറിച്ച് സംസാരിക്കുമ്പോൾ പാലിക്കേണ്ട മര്യാദകൾ ലംഘിക്കുന്നത് പതിവായിരിക്കുകയാണ്. ചാനലുകളിൽ കയ്യടി നേടുന്നതിന് വേണ്ടി സംസാരിക്കരുത്. ഭീഷണിയുടെ സ്വരം വിലപ്പോകില്ല. ആരും തങ്ങളെ പേടിപ്പിക്കേണ്ടതില്ല. രഹസ്യമായിട്ടല്ല, പരസ്യമായി വോട്ട് ചോദിക്കാൻ സഭയ്ക്ക് അവകാശം ഉണ്ട്. വൈദികരും മെത്രാന്മാരും എപ്പോഴും നിഷ്പക്ഷരായി മിണ്ടാതിരിക്കണമെന്ന് പറയുന്നത് ജനാധിപത്യ രാജ്യത്ത് സാധ്യമല്ല'- പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു.
മെത്രാന്മാർ നാണംകെട്ടവരാണെന്നും അവരെ തള്ളിപ്പറയേണ്ടിവരുമെന്നുമായിരുന്നു പി സി ജോർജ് മാധ്യമങ്ങളോട് പ്രതികരിച്ചത്. ‘‘ഇവനൊക്കെ ബോധവും വിവരവും വേണ്ടേ. എഫ്‌സിആർഎ ബില്ല് വരും. വിദേശപണത്തിന്റെ കണക്ക് കൊടുത്താലെന്താ കുഴപ്പം? എന്തിനാ ഇവന്മാർ കുരയ്‌ക്കുന്നത്? ആ കുര ഇവന്റെയൊക്കെ മനസ്സിലെ നാറിയ രാഷ്‌ട്രീയമാണ്. ആശങ്കയുംകൊണ്ട് വീട്ടിലിരുന്നാൽ മതി. മെത്രാന്മാർ ഉൗളത്തരവുമായി നടക്കാൻ പാടില്ല. രാഷ്‌ട്രീയം പറയുന്ന മെത്രാന്മാരോട് ഞങ്ങൾ ബഹുമാനം കാണിക്കില്ല. എനിക്കെതിരെ വോട്ട് ചെയ്യണമെന്ന് അവർ ആവശ്യപ്പെട്ടു. കാഞ്ഞിരപ്പള്ളി ബിഷപ് മര്യാദക്കാരനാണെന്നാ കരുതിയത്. പക്ഷേ അയാൾ എന്താ കാണിച്ചത്? മഠങ്ങളിൽ വിളിച്ചിട്ട് യുഡിഎഫിന് വോട്ട് ചെയ്യാൻ പറഞ്ഞു. മര്യാദയാണോ? ‘ദീപിക’ പത്രത്തിൽ എന്റെ പ്രചാരണചിത്രം വന്നില്ല''– പി സി ജോർജ് പറഞ്ഞു.










0 comments