print edition ഭീഷണി നോട്ടീസ്, സമൻസ്, റെയ്ഡ്; ദാസ്യവേല ശീലമാക്കി ഇ ഡി

പ്രത്യേക ലേഖകൻ
Published on Aug 19, 2026, 01:00 AM | 1 min read
തിരുവനന്തപുരം: സിഎംആർഎൽ – എക്സാലോജിക് കമ്പനികൾ നിയമപരമായി നടത്തിയ ഇടപാടിനെ ബിജെപി അജൻഡയ്‌ക്കൊത്ത് വളച്ചൊടിച്ച് കേന്ദ്ര അന്വേഷണ ഏജൻസിയായ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ദാസ്യവേല തുടരുന്നു. നിയമവിരുദ്ധ നടപടിക്കെതിരെ കോടതികൾ കർശന താക്കീത് നൽകിയിട്ടും ശിങ്കിടിപ്പണിക്ക് ഒരുകുറവുമില്ല. അതിന്റെ ഭാഗമാണ് ചൊവ്വാഴ്‌ച കോഴിക്കോട് ഇഡി നടത്തിയ റെയ്‌ഡുകൾ.
കുറ്റകൃത്യങ്ങളൊന്നുമില്ലാത്തതിനാൽ തെളിവൊന്നും കിട്ടില്ലെന്ന് ഉറപ്പായിട്ടും സിപിഐ എം നേതാക്കൾക്കെതിരെ വാർത്ത പ്രചരിപ്പിക്കുക മാത്രമായിരുന്നു ലക്ഷ്യം. എന്നാൽ, ആരോപണങ്ങളെ സാധൂകരിക്കുന്ന ഒരു തെളിവും കണ്ടെത്താത്തതിനാൽ ഇ ഡി കുഴങ്ങുകയാണ്. ഇഡിയെ കയറൂരി വിടുന്നതിൽ കോൺഗ്രസിനും വലിയ ഉത്സാഹമാണ്.
പ്രതിപക്ഷ നേതാവിന്റെ വീട്ടിൽ ഇഡി പരിശോധന നടത്തിയത് സംബന്ധിച്ച് മാധ്യമ പ്രവർത്തകർ പത്തിലധികം തവണ അഭിപ്രായം ചോദിച്ചിട്ടും മുഖ്യമന്ത്രി വി ഡി സതീശൻ മിണ്ടിയില്ല. പിണറായിയുടെ വീട്ടിൽ എന്തുകൊണ്ട് റെയ്‌ഡ് നടത്തുന്നില്ലെന്ന് ചോദിച്ചത് രാഹുൽ ഗാന്ധിയാണ്.
നോട്ടീസോ റെയ്‌ഡോ വന്നാൽ മുട്ടിലിഴഞ്ഞ് ബിജെപിയിൽ ചേരുന്ന കോൺഗ്രസുകാരെപ്പോലെ സിപിഐ എം നേതാക്കളെ കിട്ടുന്നില്ലെന്നതും ബിജെപിയുടെ പ്രകോപനമാണ്. കിഫ്‌ബിയുടെ പേരിൽ സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം തോമസ് ഐസകിന് നോട്ടീസ് അയച്ച് കൈപൊള്ളിയ അനുഭവം ഇഡിയുടെ മുന്നിലുണ്ട്. ഇത്തരം വേട്ടകളെ നിയമപരമായും ജനാധിപത്യരീതിയിലും പ്രതിരോധിക്കുമെന്നാണ് സിപിഐ എം നിലപാട്.










0 comments