ദാവൂദ് ഇബ്രാഹിം മോദിയെയും യോഗിയെയും കൊലപ്പെടുത്താൻ കോടികൾ വാഗ്ദാനം ചെയ്‌തെന്ന് പൊലീസിന് ഭീഷണി സന്ദേശം: പ്രതിയ്ക്ക് രണ്ട് വർഷം ശിക്ഷ

തിരുവനന്തപുരം: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിം പ്രധാനമന്ത്രി നരേന്ദ്രമോദിയെയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും വധിക്കാൻ തനിക്ക് പണം വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് മുംബൈ പൊലീസിന് ഭീഷണി കോൾ ചെയ്തയാൾക്ക് രണ്ട് വർഷത്തെ തടവു ശിക്ഷ വിധിച്ച് മുംബൈ കോടതി.
2023ലെ കേസിൽ മാർച്ച് 28നാണ് കോടതി വിധി പറഞ്ഞത്. പ്രതി കമ്രാൻ ഖാന് മാനസിക പ്രശ്‌നമുണ്ടെന്നാണ് പ്രതിഭാഗം വാദിച്ചത്. എന്നാൽ ഇക്കാര്യം തെളിയിക്കുന്ന ഒരു രേഖകളും സമർപ്പിച്ചിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.രണ്ട് വർഷത്തെ തടവിന് പുറമേ കോടതി ഇയാൾക്ക് പതിനായിരം രൂപ പിഴയും വിധിച്ചിട്ടുണ്ട്. 2023 നവംബറിലാണ് മുംബൈ പൊലീസിന്റെ പ്രധാന കൺട്രോൾ റൂമിൽ ഭീഷണി സന്ദേശം വന്നത്. സർക്കാർ ആശുപത്രിയായ ജെജെ ഹോസ്പിറ്റലിൽ സ്‌ഫോടനം നടത്തുമെന്നും ഇയാൾ ഭീഷണി മുഴക്കിയിരുന്നു. മാത്രമല്ല മോദിയെ വധിക്കാൻ അഞ്ച് കോടിയും യോഗിയെ വധിക്കാൻ ഒരു കോടിയും ദാവൂദ് ഇബ്രാഹിം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും ഇയാൾ പറഞ്ഞു.
ജെജെ ആശുപത്രിയിൽ രോഗികളുടെ നീണ്ട നിരയുള്ളതിനാൽ സ്വന്തം പരിശോധന വൈകിയതിനിടയിലാണ് ഇയാൾ കൺട്രോൾ റൂമിലേക്ക് വിളിച്ചെതെന്ന് പൊലീസ് പറയുന്നു. ഇത്തരം പ്രവർത്തനങ്ങൾ സർക്കാർ സംവിധാനങ്ങൾക്കും പൊതുജനങ്ങൾക്കും ബുദ്ധിമുട്ടുണ്ടാക്കുന്നതാണെന്നും അതിനാൽ പ്രതിയോട് കരുണ കാണിക്കേണ്ട ആവശ്യമില്ലെന്നും കോടതി നിരീക്ഷിച്ചു. മാത്രമല്ല പ്രതിയുടെ ഫോണിൽ നിന്നാണ് ഭീഷണി സന്ദേശം വന്നതെന്ന് തെളിയിക്കാൻ പ്രോസിക്യൂഷന് കഴിയുകയും ചെയ്തിട്ടുണ്ട്.










0 comments