ad
Deshabhimani

തൊഴിലുറപ്പ്‌ സംരക്ഷണ അസംബ്ലി ഇന്ന്‌

print edition തൊഴിലുറപ്പിൽ കേരള മാതൃക ; അധികമായി സൃഷ്‌ടിച്ചത്‌ 
4.41 കോടി തൊഴിൽദിനങ്ങൾ

തൊഴിലുറപ്പ് തൊഴിലാളികൾ വിശ്രമവേളയിൽ 	(ഫയൽ ചിത്രം)
avatar
ബിജോ ടോമി

Published on Jan 05, 2026, 03:00 AM | 2 min read


തിരുവനന്തപുരം

ബിജെപിയും കോൺഗ്രസും ഭരിക്കുന്ന സംസ്ഥാനങ്ങളിൽ തൊഴിലുറപ്പ്‌ പദ്ധതി നിലച്ച മട്ടിൽ തുടരുമ്പോൾ രാജ്യത്തിന്‌ മാതൃകയായി കേരളം. കേന്ദ്രം അനുവദിച്ചതിനേക്കാൾ 4.41 കോടി അധികം തൊഴിൽദിനങ്ങളാണ്‌ കഴിഞ്ഞ അഞ്ചരവർഷത്തിനിടെ സംസ്ഥാനത്ത്‌ സൃഷ്‌ടിച്ചത്‌.


മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ്പദ്ധതിയിൽ 2020 –21 സാമ്പത്തിക വര്‍ഷംമുതല്‍ 51 കോടി തൊഴിൽ ദിനങ്ങളാണ്‌ കേന്ദ്രം അനുവദിച്ചത്‌. കേരളം ഇ‍ൗ കാലയളവിൽ 53.5 കോടി തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിച്ചു. 17216.57 കോടി രൂപ വേതനമായി തൊഴിലാളികള്‍ക്ക് നല്‍കി. ഇതിനു പുറമെ, അയ്യൻകാളി നഗര തൊഴിലുറപ്പ് പദ്ധതിയിൽ അഞ്ചര വർഷത്തിനിടെ 1.91 കോടി തൊഴിൽദിനങ്ങൾ സൃഷ്‌ടിച്ചു. നഗരസഭകൾ 634.01 കോടി ചെലവഴിച്ചു. തൊഴിലുറപ്പ്‌ നിയമഭേദഗതിയിലൂടെ പദ്ധതിതന്നെ ഇല്ലാതാകുന്നത്‌ കേരളത്തിൽ 19.44 ലക്ഷം കുടുംബങ്ങളെ പ്രതികൂലമായി ബാധിക്കും.


ഓരോ വർഷവും കേന്ദ്രം തൊഴിൽ ദിനവും പദ്ധതിക്കുള്ള തുകയും വെട്ടിച്ചുരുക്കുന്ന സാഹചര്യത്തിലും കേരളം അധിക തൊഴിൽ സൃഷ്‌ടിച്ചു. 2020–21 സാമ്പത്തിക വർഷം ലേബർ ബജറ്റ്‌ 10 കോടി ആയിരുന്നത്‌ 2025–26 ആയപ്പോഴേക്കും അഞ്ച്‌കോടിയിലേക്ക്‌ വെട്ടിച്ചുരുക്കി. പദ്ധതിക്ക് ആവശ്യമായ തുകയുടെ നാലിലൊന്നുമാത്രമാണ് അനുവദിക്കുന്നത്. ഇ‍ൗ സാഹചര്യത്തിലും കൂടുതൽ ശരാശരി തൊഴിൽ ദിനങ്ങൾ ലഭ്യമാക്കുന്നതും കൂടുതൽ തൊഴിലാളി കുടുംബങ്ങൾക്ക് 100 തൊഴിൽ ദിനങ്ങൾ കിട്ടുന്നതും കേരളത്തിൽ മാത്രമാണ്. കുടുംബങ്ങള്‍ക്ക്‌ 100 ദിവസത്തെ തൊഴില്‍ നല്‍കുന്നതിനാണ്‌ കേന്ദ്രം വേതനം ലഭ്യമാക്കുന്നത്‌. എന്നാല്‍ സംസ്ഥാനത്തെ മുഴുവന്‍ പട്ടിക വര്‍ഗ കുടുംബങ്ങള്‍ക്കും 200 ദിവസത്തെ തൊഴില്‍ ദിനങ്ങള്‍ ലഭ്യമാക്കുന്നതിനാവശ്യമായ തുക സംസ്ഥാന ബജറ്റില്‍ നീക്കിവയ്‌ക്കുകയും 100 തൊഴില്‍ ദിനങ്ങള്‍കൂടി ലഭ്യമാക്കുന്നതിന്‌ കേരള ട്രൈബല്‍ പ്ലസ്‌ പദ്ധതി നടപ്പിലാക്കുകയുംചെയ്തു. തൊഴില്‍ ദിനങ്ങള്‍ നല്‍കുന്നതിനൊപ്പം ഗ്രാമീണ അടിസ്ഥാന സ‍ൗകര്യ വികസനത്തിലും കേരളം ശ്രദ്ധ നല്‍കി.​



തൊഴിലുറപ്പ്‌ സംരക്ഷണ അസംബ്ലി ഇന്ന്‌

തൊഴിലുറപ്പ്‌ പദ്ധതി അട്ടിമറിച്ച്‌ ഗ്രാമീണരുടെ ജീവിതം തകർക്കുന്ന കേന്ദ്രസർക്കാരിനെതിരെ തിങ്കളാഴ്‌ച വ്യാപക പ്രതിഷേധമുയരും. എൻആർഇജി വർക്കേഴ്‌സ്‌ യൂണിയൻ നേതൃത്വത്തിൽ പഞ്ചായത്ത്‌ വാർഡുകളിൽ തൊഴിലുറപ്പ്‌ സംരക്ഷണ അസംബ്ലി ചേരും.


കേന്ദ്രാവിഷ്‌കൃത പദ്ധതിയിൽ മുഴുവൻ ചെലവും കേന്ദ്രസർക്കാറിൽ നിക്ഷിപ്‌തമായിരുന്നു. എന്നാൽ മോദി സർക്കാർ അടിച്ചേൽപ്പിച്ച പുതിയ നിയമം 40 ശതമാനം ചെലവ്‌ സംസ്ഥാനത്തിനുമേൽ കെട്ടിവയ്‌ക്കുകയാണ്‌. സാധാരണക്കാരെ വഞ്ചിച്ച്‌ ജീവിതം ഇരുട്ടിലാക്കുന്ന മോദി സർക്കാരിന്റെ നീക്കം അവസാനിപ്പിക്കണമെന്നും തൊഴിലാളികൾ ആവശ്യപ്പെടും.​


തൊഴിലുറപ്പ്‌ അട്ടിമറി–ലേബർകോഡ്‌ ; കർഷകത്തൊഴിലാളി പ്രക്ഷോഭം നാളെ

ഗ്രാമീണ ഇന്ത്യയിലെ ദരിദ്ര ജനവിഭാഗങ്ങൾക്ക് ഭരണഘടനാപരമായ തൊഴിലവകാശം ഉറപ്പാക്കുന്ന മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അട്ടിമറിച്ചതിനെതിരെയും തൊഴിലാളിവിരുദ്ധ ലേബർകോഡുകൾക്കെതിരെയും ചൊവ്വാഴ്‌ച ജില്ലാ കേന്ദ്രങ്ങളിൽ കർഷകത്തൊഴിലാളി സംഘടനകൾ പ്രതിഷേധം സംഘടിപ്പിക്കും. കെഎസ്‌കെടിയു, ബികെഎംയു എന്നീ സംഘടനകൾ ചേർന്നാണ്‌ സമരം നടത്തുക.


പ്രതിഷേധശബ്‌ദങ്ങളെ മുഖവിലയ്ക്കെടുക്കാതെ കേന്ദ്രസർക്കാർ വിബിജി റാം ജി ബില്ല് നടപ്പാക്കുമ്പോൾ, പാവപ്പെട്ട ജനവിഭാഗങ്ങളുടെ ജീവിതം താറുമാറാകുകയാണ്. ജനവിരുദ്ധ ബില്ലുകൾ രാജ്യത്തിന് മുകളിൽ അടിച്ചേൽപ്പിക്കുന്ന കേന്ദ്രസർക്കാരിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നുവരുമെന്ന് ഇരുസംഘടനകളുടെയും സംസ്ഥാന ജനറൽ സെക്രട്ടറിമാർ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.


ആലപ്പുഴയിൽ കെഎസ്‌കെടിയു സംസ്ഥാന പ്രസിഡന്റ്‌ ആനാവൂർ നാഗപ്പനും കണ്ണൂരിൽ ജനറൽ സെക്രട്ടറി എൻ ചന്ദ്രനും കൊല്ലത്ത് ബികെഎംയു സംസ്ഥാന പ്രസിഡന്റ്‌ ചിറ്റയം ഗോപകുമാറും കാസർകോട്‌ ജനറൽ സെക്രട്ടറി ഗോവിന്ദൻ പള്ളിക്കാപ്പിലും ഉദ്ഘാടനം ചെയ്യും. എറണാകുളത്ത്‌ കെ കോമളകുമാരി ഉദ്ഘാടനം ചെയ്യും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home