print edition പെൻഷൻ വീട്ടിലെത്തിക്കേണ്ടെന്ന ഉത്തരവ്; സർക്കാർ നടപടി ജനദ്രോഹം: തോമസ് ഐസക്

തിരുവനന്തപുരം : ക്ഷേമപെൻഷൻ സഹകരണ ബാങ്കുവഴി വീട്ടിലെത്തിക്കുന്നത് നിർത്തിയ സർക്കാർ തീരുമാനം ജനദ്രോഹമാണെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം തോമസ് ഐസക്. പദ്ധതി ഇല്ലാതാക്കാനാണ് നീക്കം. ഡയറക്ട് ബെനഫിറ്റ് ട്രാൻസ്‌ഫർ (ഡിബിടി) വഴി അക്കൗണ്ടിലേക്ക് പെൻഷൻ നൽകാനാണ് ഉത്തരവ്. ഇത്തരത്തിലാണ് ഗ്യാസ് സബ്‌സിഡി തുടങ്ങിയതും പിന്നീട് നിർത്തിയതും. വ്യക്തികളുടെ അക്കൗണ്ടിലേക്കായതിനാൽ പെൻഷൻ വൈകിയാലും മുടങ്ങിയാലും സംഘടിത പ്രതിഷേധമുണ്ടാകില്ലെന്ന കണക്കുകൂട്ടലിലാണ് സർക്കാർ നീക്കം. സ്‌ത്രീസുരക്ഷാ സഹായം ഇല്ലാതാക്കിയതിന് പിന്നാലെയാണിത്.
സാമൂഹ്യസുരക്ഷാ ഫണ്ടിലെ കേന്ദ്രവിഹിതം നഷ്ടപ്പെടാതിരിക്കാനാണ് ഡിബിടി എന്ന മുഖ്യമന്ത്രിയുടെ വാദം കളവാണ്. കേന്ദ്ര സർക്കാർ ഉത്തരവുണ്ടെങ്കിൽ പുറത്തുവിടണം. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് കർഷകത്തൊഴിലാളി പെൻഷൻ പോലുള്ളവ തദ്ദേശ സ്ഥാപനങ്ങളിലൂടെയും മറ്റുള്ളവ പോസ്റ്റോഫീസിലൂടെയും വിതരണംചെയ്‌തു. എത്ര വീതം പെൻഷൻ കിട്ടി, കുടിശ്ശികയെത്ര എന്ന് അറിയാത്ത സ്ഥിതിയായി. അതിലേക്കാണ് വീണ്ടും പോകുന്നത്.
വയോധികരായ ഗുണഭോക്താക്കൾ അക്കൗണ്ട് തുടങ്ങാനും മാസം പെൻഷൻ വാങ്ങാനും ബാങ്കിൽ പോകേണ്ടിവരുന്നത് കഷ്ടമാണ്. സഹകരണ ബാങ്കുകൾ കാര്യക്ഷമമല്ലെന്നും ക്രമക്കേടുണ്ടെന്നുമാണ് ന്യായം പറയുന്നത്. 272 സംഘങ്ങളിൽ ക്രമക്കേട് കണ്ടെത്തിയപ്പോൾ അതിൽ 202ഉം യുഡിഎഫിന്റേതാണെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ടുചെയ്‌തിട്ടുണ്ട്. ക്രമക്കേട് പരിഹരിക്കണമെന്നും പെൻഷൻ വിതരണം മുടക്കരുതെന്നും അദ്ദേഹം പറഞ്ഞു.










0 comments