print edition തിരുവിതാംകൂർ സഹകരണ സംഘത്തിലെ വായ്പ തട്ടിപ്പ് ; പരിഹാരവുമില്ല പണവുമില്ല; ബിജെപിയിൽ പോര് മുറുകുന്നു

തിരുവനന്തപുരം
തിരുവിതാംകൂർ സഹകരണ സംഘത്തിൽ നിന്ന് ബിജെപി നേതാക്കൾ വായ്പയെടുത്ത് മുങ്ങിയ സംഭവത്തിൽ പോര് മുറുകുന്നു. കുമ്മനം രാജശേഖരൻ ഉൾപ്പെടെ മുതിർന്ന നേതാക്കളെ പ്രശ്ന പരിഹാരത്തിന് നേതൃത്വം ചുമതലപ്പെടുത്തിയെങ്കിലും ഇവർ വിഷയത്തിൽ ഇടപെട്ടില്ല. ബിജെപിയുടെ സംസ്ഥാന – ജില്ലാ നേതാക്കൾ വായ്പയെടുത്ത് മുങ്ങിയെന്ന് പരസ്യപ്പെടുത്തിയ മുൻ വക്താവും സംഘം പ്രസിഡന്റുമായിരുന്ന എം എസ് കുമാറിനോട് സംസാരിക്കാൻ പോലും ഇവർ തയ്യാറായിട്ടില്ല. പ്രമുഖരായ നേതാക്കളാണ് 40 ലക്ഷം വരെ വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ ബാധ്യത വരുത്തിയത്. അനുനയമല്ല, വായ്പ തിരിച്ചടയ്‌ക്കണമെന്ന നിലപാടാണ് കുമാറിനുള്ളത്. മത്സരിക്കാൻ പോകുന്ന നേതാക്കളുടെവരെ തിരിച്ചടവിൽ പാർടിക്ക് ഉത്തരവാദിത്വമുണ്ട്. അല്ലാത്തപക്ഷം പേരുകൾ വെളിപ്പെടുത്തുമെന്നാണ് കുമാറിന്റെ ഭീഷണി.
സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ ഇടപെടാത്തതിൽ വായ്പയെടുത്തവർക്ക് രോഷമുണ്ട്. എന്ത് വിഷയം ചൂണ്ടിക്കാണിച്ച് ആരുചെന്നാലും രാജീവ് സംസാരിക്കാറില്ലെന്നും അനൂപ് ആന്റണി, എ സുരേഷ് എന്നിവരെ കാണാൻ നിർദേശിക്കലാണ് പതിവെന്നും നേതാക്കൾ പറയുന്നു. ഇതൊരു കോർപറേറ്റ് രീതിയാണെന്നും പാർട്ടിയിൽ എങ്ങിനെ ശരിയാകുമെന്നും നേതാക്കൾ ചോദിക്കുന്നു.
ബിജെപി നേതാക്കൾ തന്നെ ലക്ഷക്കണക്കിന് രൂപ വായ്പയെടുത്ത് മുക്കിയതിനെ തുടർന്നാണ് കടക്കെണിയിൽ നിന്ന് രക്ഷപ്പെടാനാവാതെ കൗൺസിലർകൂടിയായിരുന്ന ജില്ലാ ഫാം ടൂർ സഹകരണ സംഘം പ്രസിഡന്റായിരുന്ന തിരുമല അനിൽ ആത്മഹത്യ ചെയ്തത്. ബിജെപി നേതൃത്വത്തിൽ തന്നെ വലിയ പൊട്ടിത്തെറിയാണ് ഇത് ഉണ്ടാക്കിയത്.
ഇൗ സാഹചര്യത്തിലാണ് എം എസ് കുമാറിന്റെ വെളിപ്പെടുത്തൽ വലിയ ചർച്ചയാകുന്നത്. രണ്ട് വിഷയവും തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് കടുത്ത പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്.








0 comments