'ബ്ലൂ പ്രിന്റ്' ഗുണം ചെയ്തില്ല..! തിരുവനന്തപുരം വെള്ളത്തിൽ; ചാലക്കമ്പോളത്തിലെ കടകൾക്കും നാശനഷ്ടം

വഞ്ചിയൂർ കോടതിക്കുമുന്നിലുള്ള വെള്ളക്കെട്ട് (ഇടത്), തമ്പാനൂരിലെ ഹോസ്റ്റലിനുള്ളിൽ വെള്ളം കയറിയപ്പോൾ (വലത്)
തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിലെ വെള്ളക്കെട്ട് ഇല്ലാതാക്കാൻ ബിജെപി ഭരണസമിതി കൊണ്ടുവന്ന 'ബ്ലൂ പ്രിന്റും', 'ഇൻഡോർ മോഡൽ' വാഗ്ദാനങ്ങളും പാഴ്‌വാക്കായി. ഉച്ചയ്ക്ക് പെയ്ത മഴയിൽ നഗരത്തിലാകെ രൂക്ഷമായ വെള്ളക്കെട്ടാണ് രൂപപ്പെട്ടിരിക്കുന്നത്.
പ്രധാന കേന്ദ്രങ്ങളായ തമ്പാനൂർ ബസ് ടെർമിനൽ പരിസരത്തെ റോഡുകളിലും കടകളിലും വെള്ളം കയറി. വഞ്ചിയൂർ കോടതി പ്രദേശത്തും വലിയ വെള്ളക്കെട്ടാണ് രൂപപ്പെട്ടിരിക്കുന്നത്. കൂടാതെ ചാലക്കമ്പോളത്തിലും വെള്ളക്കെട്ട് മൂലം വ്യാപക നാശനഷ്ടങ്ങളുണ്ടായി.
കടകളിൽ വെള്ളം കയറിയതോടെ വലിയ നഷ്ടമാണ് വ്യാപാരികൾക്കുണ്ടായിരിക്കുന്നത്. ഹോൾസെയിൽ കടകളിലും ചെറിയ കടകളിലും സാധനങ്ങൾ പലതും വെള്ളം കയറി നശിച്ചു. വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. വെള്ളക്കെട്ടിലൂടെ സഞ്ചരിച്ച ഇലക്ട്രിക്ക് സ്കൂട്ടറുകൾ പലതും വഴിമധ്യേ നിന്നുപോയി.
തമ്പാനൂരിലെ പല കോച്ചിങ് സെന്ററുകളിലും പഠിക്കുന്നവർക്കായുള്ള ഹോസ്റ്റലുകളും പേയിങ് ഗസ്റ്റ് സെന്ററുകളും വെള്ളത്തിനടിയിലായതോടെ പലയിടങ്ങളിൽ നിന്ന് വന്ന വിദ്യാർത്ഥികളും ദുരിതക്കയത്തിലാണ്. കൂടാതെ തമ്പാനൂരിലെ വെള്ളക്കെട്ടുമൂലം നഗരത്തിലേക്കേ ഗതാഗതടസവും നേരിടുന്നുണ്ട്.
ജോലി കഴിഞ്ഞ് മടങ്ങുന്നവരും, വിദ്യാർഥികളുമുൾപ്പടെയുള്ളവർ മണിക്കൂറുകളോളം ഗതാഗതക്കുരുക്കിൽ കഴിയേണ്ട സാഹചര്യമാണ് നിലവിൽ. അധികാരത്തിലെത്തിയാൽ ഞൊടിയിടകൊണ്ട് വെള്ളക്കെട്ട് പരിഹരിക്കും തിരുവനന്തപുരം നഗരസഭയിലെ ബിജെപി ഭരണസമിതി ഇപ്പോൾ കൈമലർത്തുകയാണ്.
'ഇൻഡോർ മോഡൽ', വെള്ളക്കെട്ട് പരിഹരിച്ച് 'വികസിത അനന്തപുരിയാക്കാനുള്ള ബ്ലൂ പ്രിന്റ്' എന്നിങ്ങനെയുള്ള മോഹനവാഗ്ദാനങ്ങളാണ് അന്ന് ബിജെപി പ്രഖ്യാപിച്ചത്. എന്നാൽ പലയിടങ്ങളിലും കഴിഞ്ഞ വർഷങ്ങളിൽ വെള്ളക്കെട്ട് പരിഹരിച്ച പ്രദേശങ്ങളും കൃത്യമായ മഴക്കാലപൂർവ ശുചീകരണത്തിന്റെ അഭാവം കാരണം ഇപ്പോൾ വെള്ളത്തിനടിയിലാണ്. തമ്പാനൂരിലും ചാലയിലും പ്രധാനവഴികളിലുള്ള കടകൾ പോലും വെള്ളത്തിനടിയിലായി സ്ഥിതിയാണ്.









0 comments