ad
Deshabhimani

print edition അച്ഛനുവേണ്ടി പിഞ്ചുമക്കൾ പെരുമഴയത്ത്: സങ്കടതീരം കാണാതെ
സർക്കാർ

fishermen family strike

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിന്റെ ഭാര്യ സ്റ്റിജിയും മക്കളും 
തീരദേശ പൊലീസ് സ്റ്റേഷന് മുന്നിൽ പെരുമഴയത്ത് റോഡിൽ പ്രതിഷേധിക്കുന്നു

avatar
ബിജോ ടോമി

Published on Aug 08, 2026, 02:52 AM | 2 min read

തിരുവനന്തപുരം: മൂന്നു മത്സ്യത്തൊഴിലാളികളെ കടലിൽ കാണാതായി എട്ടുദിവസമായിട്ടും തിരച്ചിൽ കാര്യക്ഷമമാക്കാത്ത സർക്കാരിനെതിരെ പ്രതിഷേധം അലയടിച്ചു. ആഴങ്ങളിൽ മറഞ്ഞ പ്രിയപ്പെട്ടവനെ തിരികെക്കിട്ടാൻ പിഞ്ചു കുഞ്ഞുങ്ങളുമായി ഒരമ്മയ്‌ക്ക്‌ മഴയത്തിറങ്ങേണ്ടി വന്നു. ‘‘എട്ടു ദിവസമായി കണ്ണീരിൽ കിടക്കുന്നു. ആരെയും കണ്ടില്ല. ഞങ്ങളെന്താ മനുഷ്യരല്ലേ.’’ –വിഴിഞ്ഞത്ത്‌ കാണാതായ ജോൺ മത്യാസിന്റെ കുടുംബവും കൊല്ലം നീണ്ടകരയിൽ കാണാതായ ഗ‍ൗതം കൃഷ്‌ണന്റെ ഉറ്റവരും ചോദ്യമാവർത്തിക്കുന്നു. ചോദ്യങ്ങൾക്കു മുന്നിൽ സർക്കാർ മൗനം തുടരുന്നു. സിസ്റ്റം പരാജയപ്പെട്ടതിന്റെ തെളിവ് കൂടിയാണിത്.


ഷിജിനെ കാണാതായി എട്ടുദിവസം കഴിഞ്ഞിട്ടും ഫലപ്രദമായ തിരച്ചിലില്ലാതായതോടെയാണ്‌ വെള്ളി പകൽ പന്ത്രണ്ടോടെ മക്കളായ നാലുവയസ്സുകാരൻ എബ്രിൻ ജുവാക്കിമിനും രണ്ടുവയസ്സുകാരൻ റാഫേൽ ജ‍ൂഡിനുമൊപ്പം അഞ്ചുതെങ്ങ്‌ തീരദേശ പൊലീസ്‌ സ്റ്റേഷനുമുന്നിലെ റോഡിൽ സ്റ്റിജി കുത്തിയിരുന്നത്‌. നാട്ടുകാരും ഒപ്പംചേർന്നു. നിർത്താതെ പെയ്‌ത മഴയിൽ നനഞ്ഞൊലിച്ച്‌ ഹൃദയസംബന്ധമായ അസുഖമുള്ള മകൻ എബ്രിനും സ്റ്റിജിയോട് ചേർന്നിരുന്നു. സമീപത്ത് ബന്ധു ടെൽമയുടെ മടിയിൽ റാഫേലും. ‘പപ്പ എന്താ മടങ്ങി വരാത്തതെന്ന മക്കളുടെ ചോദ്യത്തിന്‌ ഞാനെന്ത്‌ ഉത്തരം നൽകും’ എന്ന സ്റ്റിജിയുടെ വാക്കുകൾക്ക്‌ ആർക്കും മറുപടിയില്ലായിരുന്നു. ഫിഷറീസ്‌ ഡെപ്യൂട്ടി ഡയറക്‌ടർ ഷീജ മേരി സ്ഥലത്തെത്തി. ആനൂകൂല്യങ്ങൾക്ക്‌ വേണ്ടിയല്ല ഇരിക്കുന്നതെന്നും ഭർത്താവിനെ തിരികെ ലഭിക്കാൻ സർക്കാർ ഇടപെടണമെന്നും സ്റ്റിജി പറഞ്ഞു. ഗന്ത്യന്തരമില്ലാതെ മന്ത്രി സി പി ജോൺ അഞ്ചുതെങ്ങിലെത്തി കുടുംബത്തെ കണ്ടു. വെള്ളിയാഴ്ച രാവിലെ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും കേന്ദ്ര കമ്മിറ്റിയംഗം പുത്തലത്ത്‌ ദിനേശനും മുൻ മന്ത്രി വി ശിവൻകുട്ടിയും ഷിജിന്റെ വീട്ടിലെത്തി കുടുംബത്തെ ആശ്വസിപ്പിച്ചിരുന്നു.


ഒരാഴ്‌ചമുമ്പ്‌ വിഴിഞ്ഞത്ത്‌ കാണാതായ ജോൺ മത്യാസിന്റെ കുടുംബവും സർക്കാർ അലംഭാവത്തിനെതിരെ പ്രതിഷേധം കടുപ്പിച്ചു. ജോണിന്റെ മകൾ ജിജിയെ മുഖ്യമന്ത്രി വി ഡി സതീശൻ വെള്ളിയാഴ്‌ച ഫോണിൽ വിളിച്ചു. കൊല്ലം നീണ്ടകരയിൽ കാണാതായ ഗ‍ൗതം കൃഷണന് വേണ്ടി സർക്കാർ ഇടപെടാത്തതിനാൽ അമ്മ രേഷ്‌മയ്‌ക്ക്‌ വ്യാഴാഴ്‌ചയും തെരുവിലിറങ്ങി. ഇതോടെ വെള്ളിയാഴ്‌ച തീരദേശ പൊലീസ്‌ തിരച്ചിലിനിറങ്ങി. അപകടത്തിൽ രേഷ്‌മയുടെ അച്ഛൻ രാജീവനും ഭർത്താവ്‌ രാധാകൃഷ്‌ണനും മരിച്ചിരുന്നു.


മറുപടിയില്ലാതെ ഫിഷറീസ്‌ മന്ത്രി


കൊച്ചി: മത്സ്യത്തൊഴിലാളികൾക്കുള്ള രക്ഷാപ്രവർത്തനം വേഗത്തിലാക്കാൻ തീരപ്രദേശം സന്ദർശിക്കാത്തതെന്തെന്ന ചോദ്യങ്ങൾക്ക് മറുപടിയില്ലാതെ ഫിഷറീസ്‌ മന്ത്രി വി ഇ അബ്‌ദുൾ ഗഫൂർ. ‘‘സർക്കാർ വന്നിട്ട്‌ രണ്ട്‌ മാസമേ ആയിട്ടുള്ളൂ. മത്സ്യത്തൊഴിലാളികളെ കണ്ടെത്താനുള്ള സ‍ൗകര്യങ്ങൾവച്ച്‌ തിരച്ചിൽ നടത്തുന്നുണ്ട്‌. കുടുംബങ്ങളുമായി ഉദ്യോഗസ്ഥർ സംസാരിക്കുന്നുണ്ട്‌’’– ഇതുമാത്രമായിരുന്നു മന്ത്രിയുടെ മറുപടി. സ്ഥലം സന്ദർശിക്കാത്തതെന്തുകൊണ്ടെന്ന് മാധ്യമപ്രവർത്തകർ വീണ്ടും ചോദിച്ചപ്പോൾ, പ്രഥമ പരിഗണന കാണാതായവരെ കണ്ടുപിടിക്കാനാണെന്ന്‌ പറഞ്ഞ്‌ മന്ത്രി തടിതപ്പി. രാവിലെ കൃഷിമന്ത്രി ടി സിദ്ദിഖിനൊപ്പം മറ്റൊരു വാർത്താസമ്മേളനത്തിലും മറുപടി പറയാതെ മന്ത്രി ഒഴിഞ്ഞുമാറി.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home