ad
Deshabhimani

മേയറെ കാണാനാണോ പോയിട്ട്‌ മൂന്നുമണിക്ക് വാ...

print edition മേയറുടെ ദർശനം പകൽ മൂ‍ന്നിനും വൈകിട്ട് അഞ്ചിനും ഇടയിൽ മാത്രം

vvrajesh
വെബ് ഡെസ്ക്

Published on Jun 06, 2026, 01:33 AM | 1 min read

തിരുവനന്തപുരം: കോർപറേഷനിലെത്തി മേയറെക്കണ്ട്‌ പരാതി നൽകേണ്ടതുണ്ടോ? പകൽ മൂന്നിനുശേഷവും വൈകിട്ട്‌ അഞ്ചിന്‌ ഇടയ്‌ക്കുമാണ്‌ ദർശനസമയം. ഇനി, പഴയ ഓർമയിൽ രാവിലെയെങ്ങാനും ഓഫീസിലെത്തിയാലോ? വൈകിട്ടുവരെ ഉപവാസമിരിക്കേണ്ടിവരും. ആറുമാസം മുന്പുവരെ ഇങ്ങനെയായിരുന്നില്ല കാര്യങ്ങൾ. ഓഫീസ്‌ സമയത്ത്‌ എപ്പോഴെത്തിയാലും മേയർമാരെ കാണാമായിരുന്നു.


ബിജെപി വന്നതോടെ അതെല്ലാം മാറി. ദർശനത്തിന്‌ സമയം നിശ്ചയിച്ചു. അതും മേയറെ തനിച്ചുകണ്ട്‌ സങ്കടമുണർത്തിക്കാമെന്ന്‌ കരുതേണ്ട. എത്രപേർ കാത്തിരിപ്പുണ്ടോ, അത്രയും പേർക്ക്‌ ഒരുമിച്ചേ ദർശനം ലഭിക്കൂ.. ആര്യ രാജേന്ദ്രൻവരെയുള്ള മേയർമാരെ ഏതുസമയത്തെത്തിയാലും നേരിൽക്കണ്ട്‌ പരാതികൾ അറിയിക്കാമായിരുന്നു. വി വി രാജേഷ്‌ തന്റെ ഓഫീസിനുമുന്നിൽ ‘സന്ദർശന സമയം 3 മുതൽ 5വരെ’ എന്ന്‌ ബോർഡ്‌ സ്ഥാപിച്ചു. 101 വാർഡുകളിൽനിന്നും പരാതികളുമായി ദിവസവും നൂറിലേറെപേർ മേയറെ നേരിൽ കാണാൻ കോർപറേഷനിലെത്താറുണ്ട്‌. വിഴിഞ്ഞം ഉൾപ്പെടെയുള്ള തീരദേശ വാർഡുകളിൽനിന്നുള്ളവർ ഒരുദിവസം മാറ്റിവച്ചാണ്‌ പരാതികൾ അറിയിക്കാനെത്തുന്നത്‌. മേയറെ കാണാൻ സന്ദർശനസമയം നിശ്ചയിച്ചതറിയാതെ ഇവർ രാവിലെ 10നുതന്നെ എത്തും.


കാത്തിരുന്ന്‌ കണ്ടിട്ടുപോകാമെന്നുകരുതിയാൽ ചിലപ്പോൾ അന്നേദിവസം മേയർ ഓഫീസിൽ വരികയുമില്ല. കഴിഞ്ഞദിവസം രാവിലെയെത്തിയ നിരവധിപേർ വൈകിട്ടുവരെ കാത്തിരുന്നെങ്കിലും മേയർ ഓഫീസിൽവന്നില്ല. കലക്ടറുടെ മീറ്റിങ്ങിൽ പങ്കെടുക്കുകയാണെന്നും അടുത്തദിവസം വന്നാൽമതിയെന്നും പറഞ്ഞ്‌ ജീവനക്കാർ തിരിച്ചയച്ചു. ഡെപ്യൂട്ടി മേയറും പതിവായി ഓഫീസിൽ എത്താറില്ലത്രേ. പ്രായമായവരും സ്‌ത്രീകളും ഉൾപ്പെടെയുള്ളവരാണ്‌ ദിവസവും മേയറെ കാത്തിരുന്ന് മുഷിയുന്നത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home