ad
Deshabhimani

'ഫുഡ് ഡെസ്റ്റിനേഷൻ' ആകാന്‍ കേരളം: തിരുവനന്തപുരം ഫുഡ് സ്ട്രീറ്റ് ഹബ് യാഥാർഥ്യമായി

tvm food street hub
വെബ് ഡെസ്ക്

Published on Nov 06, 2025, 07:23 AM | 1 min read

തിരുവനന്തപുരം: മോഡേണൈസേഷൻ ഓഫ് ഫുഡ് സ്ട്രീറ്റ്‌സ് പദ്ധതിയുടെ ഭാഗമായി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ സജ്ജമാക്കിയ തിരുവനന്തപുരം ശംഖുമുഖത്തെ ഫുഡ് സ്ട്രീറ്റ് ഹബ്ബിന്റെ ഉദ്ഘാടനം ആരോഗ്യ മന്ത്രി വീണാ ജോർജ് നിർവഹിച്ചു. ശംഖുമുഖം ബീച്ച് സൗന്ദര്യവത്ക്കരണത്തിന്റെ ഉദ്ഘാടനം പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിച്ചു.


കേരളത്തെ ഒരു ഫുഡ് ഡെസ്റ്റിനേഷൻ ആക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. അതിൽ സുരക്ഷിത ഭക്ഷണം ഉറപ്പ് വരുത്തും. ആദ്യ ഘട്ടത്തിൽ 4 സ്ഥലങ്ങളാണ് തെരഞ്ഞെടുത്തത്. തിരുവന്തപുരം കൂടാതെ എറണാകുളം കസ്തൂർബാ നഗർ, കോഴിക്കോട് ബീച്ച്, മലപ്പുറം കോട്ടക്കുന്ന് എന്നീ സ്ഥലങ്ങളിലും ഫുഡ് സ്ട്രീറ്റുകൾ സജ്ജമായി. കൂടുതൽ സ്ഥലങ്ങളിൽ ഫുഡ് സ്ട്രീറ്റ് വ്യാപിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി.


സേഫ് ഫുഡ് സ്ട്രീറ്റ് ഭക്ഷ്യ സുരക്ഷാ വകുപ്പ് ഏറ്റെടുത്ത പ്രധാന പദ്ധതിയാണ്. ആഹാരം ആരോഗ്യകരമാകണം. ഭക്ഷണം സംസ്‌കാരത്തിന്റെ ഭാഗം കൂടിയാണ്. ഭക്ഷണത്തിന്റെ സുരക്ഷിതത്വം ഉറപ്പാക്കാൻ ഭക്ഷ്യസുരക്ഷാ വകുപ്പ് വലിയ പ്രവർത്തനമാണ് നടത്തി വരുന്നത്. പാഴ്‌സലിൽ തീയതിയും സമയവും കൃത്യമായി രേഖപ്പെടുത്തണം.


വൃത്തിയുള്ള, മനോഹരമായ അന്തരീക്ഷത്തിൽ നല്ല ഭക്ഷണം ഒരുക്കുന്നതിന്റെ ഭാഗമായാണ് ആധുനിക ഫുഡ് സ്ട്രീറ്റുകൾ യാഥാർഥ്യമാക്കിയത്. ഒരു കോടി രൂപ ചിലവിൽ ആണ് തിരുവനന്തപുരത്തെ ഫുഡ് സ്ട്രീറ്റ് യാഥാർഥ്യമാക്കിയിട്ടുള്ളത്. ഈ പദ്ധതി ടൂറിസം മേഖലയെ കൂടി ശക്തിപ്പെടുത്തും. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് ഡിടിപിസി, എൻഎച്ച്എം, നഗരസഭ എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. അടിസ്ഥാന സൗകര്യങ്ങളുള്ള 18 സ്ഥിരം ഭക്ഷണ സ്റ്റാളുകളും, പൊതുവായ ഡൈനിംഗ് സ്ഥലം, മാലിന്യ നിർമാർജന സംവിധാനം, വാഷിംഗ് ഏരിയ, ശുചിമുറികൾ എന്നിവ സജ്ജമാക്കിയിട്ടുണ്ട്. ഭക്ഷ്യ സുരക്ഷാ മാനദണ്ഡം പാലിച്ചായിരിക്കും ഈ ഭക്ഷണ ശാലകൾ പ്രവർത്തനം നടത്തുന്നത്. ശംഖുമുഖത്തെത്തുന്ന പൊതുജനങ്ങൾക്കും വിനോദ സഞ്ചാരികൾക്കും വിവിധ രുചിവെവിധ്യം സുരക്ഷിതമായി ആസ്വദിക്കാൻ ഈ ഫുഡ് സ്ട്രീറ്റ് സഹായകമാകും. തിരുവനന്തപുരത്തിന്റെ ഭക്ഷണ സംസ്‌കാരത്തിനും രാത്രി ജീവിതത്തിനും പുതിയ മാനം നൽകുന്നതാണ് പദ്ധതി.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home