print edition നഗരം ഗുണ്ടകളുടെ പിടിയിൽ

തിരുവനന്തപുരം: നഗരവാസികളുടെ സ്വൈരജീവിതത്തിന് തടസ്സമായി ഗുണ്ടാസംഘം പിടിമുറുക്കുന്നു. നഗരത്തിലും പരിസരപ്രദേശങ്ങളിലും രണ്ടു മാസത്തിനിടെയുണ്ടായത് ഒട്ടേറെ ആക്രമണങ്ങൾ. മുഖ്യസൂത്രധാരരായി പിടിയിലകപ്പെട്ടവർ ബിജെപി–ആർഎസ്‌എസ്, കോൺഗ്രസ് ബന്ധമുള്ളവർ. ചിറ്റാറ്റുമുക്കിൽ സാക്ഷി പറഞ്ഞ യുവാവിനെ വെട്ടിക്കൊല്ലാൻ ശ്രമിച്ചു. അൽസാജ് ഹോട്ടൽ ജീവനക്കാരിയടക്കം രണ്ടുപേരെ കോൺഗ്രസ് കഴക്കൂട്ടം ബ്ലോക്ക് ഭാരവാഹിയുടെ നേതൃത്വത്തിലാണ് ക്രൂരമായി മർദിച്ചത്. ഭാരവാഹി ഷാജി പിന്നീട് പിടിയിലായി. ജയിലിൽനിന്നിറങ്ങിയ ക്രിമിനൽ കേസ് പ്രതി പഞ്ചായത്ത് ഉണ്ണി എന്ന രതീഷ് ചിറ്റാറ്റുമുക്കിൽവച്ച് യുവാവിനെ മർദിച്ച് പരിക്കേൽപ്പിച്ചു.
ഇയാൾക്കെതിരെ പൊലീസിൽ പരാതിപ്പെട്ടയാളെയാണ് ആക്രമിച്ചത്. മൺവിളയിൽ ചന്ദനക്കടത്ത് കേസിൽ പിടിയിലായതും ബിജെപി– കോൺഗ്രസ് പ്രവർത്തകർ. ബിജെപി ബൂത്ത് ഏജന്റായിരുന്ന വിഷ്‌ണു ചെമ്പഴന്തിയെയടക്കം പാലോട് റേഞ്ച് ഓഫീസർ പിടികൂടി. ടെക്നോപാർക്കിൽനിന്ന് രാത്രി ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ വനിതാ ഐടി ജീവനക്കാർക്കുനേരെയും ആക്രമണമുണ്ടായി. പൊലീസിൽ പരാതിപ്പെട്ട അസോസിയേഷൻ ഭാരവാഹികളെ പരാതി പിൻവലിച്ചില്ലെങ്കിൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി.
കോൺഗ്രസ് പ്രവർത്തകനും കാപ്പ പ്രതിയും റിയൽ എസ്റ്റേറ്റുകാരനുമായ ബോംബെ കുമാർ എന്ന വിജയകുമാറിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണം. ഇയാൾക്കുവേണ്ടി കോൺഗ്രസിലെ ഉന്നത നേതാക്കൾ ഇടപെട്ടു. ടെക്നോപാർക്ക് ഇൻഫോസിസ് ക്യാമ്പസിന് സമീപമുള്ള പെട്രോൾപമ്പ് മണക്കാട്ടിൽ ഫ്യുവൽസിലെ ജീവനക്കാരെ കാറിലെത്തിയ മദ്യപസംഘം മർദിച്ചു. ശ്രീകാര്യം റോഡ് കോൺക്രീറ്റ് ചെയ്തുകൊണ്ടിരുന്ന പൊതുമരാമത്ത് ജീവനക്കാരനെയും കരാറുകാരനും കൈയേറ്റം ചെയ്‌തത് ആർഎസ്എസുകാരനായ അർജുൻ ഗോപാൽ.
അയിരൂപ്പാറയിൽ യുവാവിനെ ഇരുമ്പുകമ്പികൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചു. സ്‌കൂട്ടർ നന്നാക്കാൻ ഷവർമക്കത്തി എടുത്തിന്റെ പേരിൽ പോത്തൻകോട് ബേക്കറിയിൽ കത്തിക്കുത്തുണ്ടായി. ലഹരിവസ്തു വാങ്ങാൻ 700 രൂപ നൽകാത്തതിന് കണിയാപുരത്ത് യുവാവ് ബന്ധുവീടിന് തീയിട്ടു. വെന്പായം ബാറിലെ തീവയ്‌പിൽ രണ്ടുപേർ മരിച്ചു. പൊലീസ് ഭീഷണിപ്പെടുത്തിയ ദൃക്‌സാക്ഷിയായ നെടുമങ്ങാട് സ്വദേശി ആത്മഹത്യ ചെയ്‌തു. ഫോർട്ട് ആശുപത്രിക്കു സമീപം മാലിന്യം തള്ളാനെത്തിയ ഗുണ്ടാസംഘത്തെ തടഞ്ഞ ശുചീകരണത്തൊഴിലാളികളെ ഓട്ടോയിടിച്ച് കൊല്ലാൻ ശ്രമിച്ചു.
ആർഎസ്‌എസ് ഗുണ്ടകൾ തമ്മിലുള്ള കുടിപ്പകയിലാണ് കൈതമുക്കിൽ വൈശാഖിനെ ഞായർ പട്ടാപ്പകൽ വെട്ടിക്കൊന്നത്. രാപകൽ വ്യത്യാസമില്ലാതെയാണ് ഗുണ്ടകൾ നഗരത്തിൽ ആക്രമണം അഴിച്ചുവിടുന്നത്. നഗരവാസികൾക്ക് പുറത്തിറങ്ങാൻ കഴിയാതായി. പൊലീസും നോക്കുകുത്തിയാകുന്നു.
അറസ്റ്റിലായവർ സ്ഥിരം കുറ്റവാളികൾ
വഞ്ചിയൂർ കൊലപാതകത്തിൽ അറസ്റ്റിലായ പ്രദീപ്, ശിവപ്രസാദ് എന്നിവർ നിരവധി കൊലപാതകശ്രമ കേസുകളിലെ പ്രതികളാണ്. പ്രതിയായ പ്രദീപ് വഞ്ചിയൂർ പൊലീസ് സ്റ്റേഷനിലെ റൗഡി ഹിസ്റ്ററി ഷീറ്റിൽ ഉൾപ്പെട്ട സ്ഥിരം കുറ്റവാളിയാണ്. മുന്പ് സിപിഐ എം വഞ്ചിയൂർ ലോക്കൽ കമ്മിറ്റി അംഗം ഡി എസ് രഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ ഒന്നാം പ്രതി കൂടിയാണ് ഇയാൾ. മറ്റൊരു പ്രതിയായ റാസിം, ചാക്കയിൽ ഓട്ടോ ഡ്രൈവറായ ദിപിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ്. സമാനമായ നിരവധി കേസുകളിലും പ്രതിയാണ്.
ക്രമസമാധാനം തകർന്നു: പൊലീസിന് വലിയ വീഴ്ചയെന്ന് സിപിഐ എം
വഞ്ചിയൂർ: നഗരത്തിൽ ക്രമസമാധാനം തകർന്നതിന്റെ തെളിവാണ് പട്ടാപ്പകൽ കൈതമുക്കിൽ നടന്ന കൊലപാതകമെന്ന് സിപിഐ എം. കഴിഞ്ഞ 10 വർഷമായി അമർച്ച ചെയ്യപ്പെട്ട ഗുണ്ടാസംഘങ്ങൾ വീണ്ടും സജീവമായി. സെക്രട്ടറിയറ്റിന്റെ ഒരു കിലോമീറ്റർ ചുറ്റളവിൽ നിരന്തര ഗുണ്ടാ ആക്രമണങ്ങളുണ്ടാകുന്നു. ഇതിന് നേതൃത്വം നൽകുന്നത് ആർഎസ്എസ് ക്രിമിനലുകളാണ്. വഞ്ചിയൂർ സ്റ്റേഷൻ പരിധിയിൽമാത്രം ഒരു മാസത്തിനിടെ രണ്ട് ഗുണ്ടാ ആക്രമണങ്ങളുണ്ടായി.
വഴിയിൽ തടഞ്ഞുനിർത്തി ബിഎസ്എൻഎൽ ജീവനക്കാരനെയും പ്രായപൂർത്തിയാകാത്ത മകനെയും ക്രൂരമായി ആക്രമിച്ചു. ഇതിന്റെ തുടർച്ചയാണ് ഞായറാഴ്ച കൈതമുക്കിൽ ആർഎസ്എസ് പ്രവർത്തകർ തമ്മിൽ നടത്തിയ കൊലപാതകം. പ്രതി പ്രദീപ് വഞ്ചിയൂർ സ്റ്റേഷനിലെ റൗഡി ഹിസ്റ്ററി ഷീറ്റിലുള്ള സ്ഥിരം കുറ്റവാളിയാണ്. മുന്പ് സിപിഐ എം വഞ്ചിയൂർ ലോക്കൽ കമ്മിറ്റി അംഗം ഡി എസ് രഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ ഒന്നാം പ്രതിയുമാണ്. പൊലീസിന്റെ ഗുരുതര വീഴ്ചകൾ അക്രമികൾക്ക് വളമാകുന്നു. കൊലപാതകം നടന്ന് അരമണിക്കൂറിനുശേഷമാണ് വഞ്ചിയൂർ പൊലീസ് സ്ഥലത്തെത്തിയത്.
പട്ടാപ്പകൽ കൃത്യം നടത്തി ഇത്രയേറെ സിസിടിവികളും പൊലീസ് സംവിധാനങ്ങളുമുള്ള നഗരത്തിലൂടെ പ്രതികൾ കാറിൽ സുഗമമായി രക്ഷപ്പെടാൻമാത്രം നിഷ്‌ക്രിയമായിരുന്നു ഭരണസംവിധാനം. നഗരത്തിലെ ജനങ്ങളുടെ സൈര്വജീവിതം ഉറപ്പാക്കാൻ നടപടിയുണ്ടാകണമെന്ന് സിപിഐ എം വഞ്ചിയൂർ ഏരിയ സെക്രട്ടറി എം പി റസ്സൽ ആവശ്യപ്പെട്ടു. അക്രമികളെ അമർച്ച ചെയ്യാൻ പൊലീസ് തയ്യാറായില്ലെങ്കിൽ ജനകീയ പ്രതിരോധം തീർക്കുമെന്നും അദ്ദേഹം പറഞ്ഞു.










0 comments