അമ്മത്തൊട്ടിലിൽ കുഞ്ഞിനായ് കാതോർത്തവർ കേട്ടത് വിങ്ങലല്ല; പുതിയ അതിഥി നന്മയുടെ 'പണക്കിഴി'

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം : സംസ്ഥാന ശിശുക്ഷേമ സമിതി സ്ഥാപിച്ചിട്ടുള്ള അമ്മത്തൊട്ടിലിൽ നിന്ന് അതിഥിയുടെ വരവ് അറിയിച്ച് അലാറം മുഴങ്ങിയതോടെ എല്ലാവരും അങ്ങോട്ടേക്ക് ഓടിയെത്തി. ഏതോ ഒരു കുരുന്നിനെ പ്രതീക്ഷിച്ചിരുന്ന ഏവരുടെയും മുഖത്ത് അമ്പരപ്പും അത്ഭുതവും. ഇത്തവണ അവിടെ കരയുന്ന ഒരു കുഞ്ഞായിരുന്നില്ല ഉണ്ടായിരുന്നത്. പകരം, ഒരു പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ കുറെ നാണയത്തുട്ടുകളായിരുന്നുവെന്ന് സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി അഡ്വ. ജി എൽ അരുൺ ഗോപി ഫേസ്ബുക്കിൽ കുറിച്ചു.
പത്തും ഇരുപതും അഞ്ചും രൂപയുടെ ചില്ലറത്തുട്ടുകൾ... ആകെ 795 രൂപ. ഒരു കുഞ്ഞിന്റെ ഭാരം തിരിച്ചറിഞ്ഞ് അലാറം മുഴങ്ങുന്ന ആ തൊട്ടിലിൽ, ആരോ തങ്ങളുടെ ഹൃദയത്തിലെ സ്നേഹം മുഴുവൻ ഒരു പണക്കിഴിയാക്കി വെച്ചിട്ടു പോയിരിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
അമ്മത്തൊട്ടിലിൽ കുഞ്ഞിനായ് കാതോർത്തവർ കേട്ടത് ഒരു വിങ്ങലല്ല; ഒരു നന്മയുടെ മണികിലുക്കം 
തിരുവനന്തപുരം ശിശുക്ഷേമ സമിതിയുടെ ആസ്ഥാനത്ത് ആ അലാറം മുഴങ്ങിയപ്പോൾ പതിവുപോലെ ഞങ്ങളുടെ ഉള്ളൊന്ന് പിടഞ്ഞു. ഏതോ ഒരു കുരുന്നിനെ ആ നിമിഷം ആരോ അവിടെ ഞങ്ങളെ ഏൽപ്പിച്ചു പോയിരിക്കുന്നു എന്ന തിരിച്ചറിവിൽ, ഒരു നിമിഷം പോലും വൈകാതെ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സിംഗ് സൂപ്രണ്ട് അജിതാ റാണിയും കെയർടേക്കർമാരും അമ്മത്തൊട്ടിലിലേക്ക് ഓടിയെത്തി.
വാതിലുകൾ തുറന്നപ്പോൾ അവിടെ കണ്ട കാഴ്ച ഏവരുടെയും കണ്ണുകളെ ഈറനണിയിപ്പിക്കുന്നത് ആയിരുന്നു. ഇത്തവണ അവിടെ കരയുന്ന ഒരു കുഞ്ഞായിരുന്നില്ല ഉണ്ടായിരുന്നത്. പകരം, ഒരു പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ കുറെ നാണയത്തുട്ടുകൾ! പത്തും ഇരുപതും അഞ്ചും രൂപയുടെ ചില്ലറത്തുട്ടുകൾ... ആകെ 795 രൂപ.
ഒരു കുഞ്ഞിന്റെ ഭാരം തിരിച്ചറിഞ്ഞ് അലാറം മുഴങ്ങുന്ന ആ തൊട്ടിലിൽ, ആരോ തങ്ങളുടെ ഹൃദയത്തിലെ സ്നേഹം മുഴുവൻ ഒരു പണക്കിഴിയാക്കി വെച്ചിട്ടു പോയിരിക്കുന്നു. അമ്മത്തൊട്ടിലിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു കുരുന്നിന് പകരം ഇങ്ങനെയൊരു 'നിധി' ഞങ്ങൾക്ക് ലഭിക്കുന്നത്.
ആരായിരിക്കാം ആ നന്മമനസ്സ്? താൻ സ്വരുക്കൂട്ടിവെച്ച സമ്പാദ്യം ഈ കുരുന്നുകൾക്കായി നൽകിയ ആ അജ്ഞാതൻ ആരായാലും, അവർ നൽകിയത് വെറുമൊരു തുകയല്ല. മറിച്ച്, ഞങ്ങൾ സംരക്ഷിക്കുന്ന മക്കൾക്ക് സമൂഹത്തിന്റെ കരുതലും സ്നേഹവും ഉണ്ടെന്ന വലിയ ഉറപ്പാണ്. ആ പണക്കിഴിയേക്കാൾ അതിന്റെ പിന്നിലെ ആ വലിയ മനസ്സിന് മുന്നിൽ ഞാൻ ശിരസ്സു നമിക്കുന്നു.
ഈ കുഞ്ഞുങ്ങളെ ചേർത്തുപിടിക്കാൻ നിങ്ങൾ കാണിക്കുന്ന ഈ വലിയ മനസ്സ് തന്നെയാണ് ഞങ്ങളുടെ കരുത്ത്. ആ വലിയ സ്നേഹത്തിന്, ആ നന്മയ്ക്ക് ഒരായിരം നന്ദി.










0 comments