തിരുവനന്തപുരം വിമാനത്താവളത്തിലെ യൂസർ ഫീ കൊള്ള; യാത്രക്കാരുടെമേൽ ഭാരം അടിച്ചേൽപ്പിച്ചത് എയർപോർട്ട് അതോറിറ്റി

തിരുവനന്തപുരം : തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരിൽനിന്ന് ഉയർന്ന യൂസർ ഫീ ഈടാക്കുന്നത് എയർപോർട്ട് അതോറിറ്റിയുടെ നടപടി കാരണം. കോവിഡ് കാലത്ത് വിമാന സർവീസുകൾ മുടങ്ങിയ പേരിലുണ്ടായ വരുമാന നഷ്ടത്തിന്റെ ഭാരമാണ് ഇപ്പോൾ ജനങ്ങളുടെമേൽ ചുമത്തുന്നത്.
ഈ നഷ്ടം നികത്താൻ വിമാനത്താവളം ഏറ്റെടുത്ത അദാനിയിൽനിന്ന് 902 കോടി രൂപ 2024ൽ എയർപോർട്ട് അതോറിറ്റി അധികമായി ഈടാക്കിയിരുന്നു. ഈ തുക യാത്രക്കാരിൽനിന്ന് യൂസർഫീയായി പിരിച്ചെടുക്കാൻ അദാനിക്ക് അനുമതിയും നൽകി. ഫലത്തിൽ കോവിഡ് കാലത്തെ മുഴുവൻ ബാധ്യതയും നൽകേണ്ടി വരുന്നത് യാത്രക്കാരാണ്. ഈ വർഷം ജനുവരിയിൽ മാത്രം 4,50,090 പേരാണ് വിമാനത്താവളം വഴി യാത്ര ചെയ്തത്. യാത്രക്കാരുടെ പ്രതിദിന ശരാശരി 15,000 ആണ്. കഴിഞ്ഞ വർഷം യൂസർ ഫീ ഇനത്തിൽ അദാനിക്ക് ലഭിച്ചത് 383.26 കോടി രൂപയാണ്. രാജ്യത്തെ വിമാനത്താവളങ്ങളിൽനിന്ന് ഈടാക്കുന്ന ഏറ്റവും വലിയ നിരക്കുകളിലൊന്നാണിത്.
തിരുവനന്തപുരം വിമാനത്താവളത്തിൽനിന്ന് വിദേശത്തേക്ക് യാത്രപോകുന്നവർ 1540 രൂപയും ആഭ്യന്തര യാത്രക്കാർ 770 രൂപയും അധിക ഫീസ് നൽകണം. വന്നിറങ്ങുന്നവർ യഥാക്രമം 660 രൂപയും 330 രൂപയും നൽകേണ്ടിവരും. അദാനി എയർപോർട്ട്സ് നിലവിൽ ഇന്ത്യയിൽ എട്ട് വിമാനത്താവളങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. സംസ്ഥാനത്തിന്റെ എതിർപ്പ് കൂസാതെ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം കേന്ദ്രസർക്കാർ അദാനിക്ക് തീറെഴുതിയിട്ട് അഞ്ച് വർഷം പിന്നിടുകയാണ്.










0 comments