തെയ്യം കലാകാരന്റെ മരണം കൊലപാതകം ; സുഹൃത്ത് പിടിയിൽ

കൊല്ലപ്പെട്ട സതീശ്
മുള്ളേരിയ: കാസർകോട് ദേലംപാടി പഞ്ചായത്തിലെ അഡൂർ ചന്ദനക്കാട് മരിച്ച തെയ്യം കലാകാരൻ ടി സതീശൻ (43) എന്ന ബിജുവിന്റെ മരണം കൊലപതാകം. പ്രതിയായ സുഹൃത്ത് ചിതാനന്ദയെ ബുധനാഴ്ച രാത്രിയോടെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്. വ്യാഴം വൈകിട്ടോടെ അറസ്റ്റും രേഖപ്പെടുത്തും. ചൊവ്വാഴ്ച വൈകിട്ട് അഞ്ചിനാണ് സംഭവം. അയൽവാസിയായ തമ്പു നായിക് എന്ന ചോമണ്ണനായികിൻ്റെ വീട്ടുവരാന്തയിൽ അബോധാവസ്ഥയിൽ സഹോദരി സൗമിനിയാണ് സതീശനെ കാണുന്നത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ബുധനാഴ്ച നടന്ന പോസ്റ്റ്മോർട്ടത്തിൽ പ്രാഥമിക പരിശോധനയിൽ തന്നെ സംശയങ്ങൾ ഉയർന്നു. മൃതദേഹത്തിൽ ബാഹ്യഭാഗത്തു പരിക്കുകൾ ഒന്നും കണ്ടെത്തിയിരുന്നില്ല.
പോസ്റ്റ്മോർട്ടത്തിൽ കഴുത്തെല്ലു പൊട്ടിയതായി കണ്ടെത്തി. ശരീരത്തിൻ്റെ പിറകുഭാഗത്തും ആന്തരിക പരിക്കുള്ളതായി പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർ പൊലീസിൽ മൊഴി നൽകി. ബേഡകം പൊലീസ് ഇൻസ്‌പെക്ടർ രാജീവൻ വലിയ വളപ്പിലിന്റെ നേതൃത്വത്തിലുള്ള സംഘം മണിക്കൂറുകൾക്കുള്ളിലാണ് പ്രതിയെ കണ്ടെത്തിയത്.
മരിച്ച സതീശനും പൊലീസ് കസ്റ്റഡിയിൽ കഴിയുന്ന ചന്ദനക്കാട്ടെ ചിതാനന്ദനും സുഹൃത്തുക്കളാണ്. ഇരുവരും പലപ്പോഴും അയൽവാസിയായ ചോമണ്ണ നായികിന്റെ വീട്ടിലെത്തി മദ്യപിക്കാറുണ്ടായിരുന്നു. തിങ്കളാഴ്‌ച ഉച്ചയോടെ വീട്ടിലെത്തിയ ഇരുവരും പതിവുപോലെ മദ്യപിച്ചിരുന്നു. വീട്ടുടമസ്ഥനും മദ്യം നൽകി. തുടർന്ന് സതീശനും ചിതാനന്ദനും വാക്കുതർക്കത്തിലേർപ്പെട്ടു. തർക്കം രൂക്ഷമായതോടെ കോലായിൽ ഇരുന്ന സതീശനെ ചിതാനന്ദൻ പിറകിൽ നിന്നു തള്ളി താഴെയിട്ടു.
തല കുത്തി വീണ സതീശനെ മറ്റൊരാളുടെ സഹായത്തോടെ എടുത്തു കൊണ്ടുപോയി വരാന്തയിൽ കിടത്തി. വേദനിക്കുന്നുണ്ടെന്നു പറഞ്ഞപ്പോൾ ഓയിന്റ്മെന്റും വേദനയ്ക്കുള്ള ഗുളികകളും നൽകി. ഇതിനിടയിൽ സതീശൻ അബോധാവസ്ഥയിലായതോടെ ഉറങ്ങുകയാണെന്നു ധരിച്ച് ചിതാനന്ദൻ സ്ഥലത്തു നിന്നും പോയി. ചൊവ്വാഴ്‌ചയും വീട്ടിൽ എത്താത്തതിനെ തുടർന്ന് സഹോദരി സൗമിനി ഫോൺ വിളിച്ചു.എന്നാൽ ഫോൺ എടുത്ത് മറുപടി പറഞ്ഞത് വ്യക്തമായിരുന്നില്ല. മദ്യലഹരിയിലായിരിക്കുമെന്ന് കരുതി കൂടുതൽ അന്വേഷിച്ചില്ല.
ചൊവ്വാഴ്‌ച വൈകുന്നേരമായിട്ടും സഹോദരനെ കാണാത്തതിനെ തുടർന്ന് സൗമിനി അയൽവാസിയായ ചോമണ്ണ നായികിൻ്റെ വീട്ടിൽ അന്വേഷിച്ചപ്പോഴാണ് മരിച്ച നിലയിൽ കണ്ടത്. പോസ്റ്റുമോർട്ടം നടക്കുമ്പോഴോ സംസ്‌കാര ചടങ്ങിലോ പ്രതിയായ ചിതാനന്ദൻ പങ്കെടുത്തിരുന്നില്ല.










0 comments