print edition ‘ഞങ്ങളെ അവർ കണ്ടത് നികൃഷ്ട ജീവികളെപ്പോലെ’

കൊല്ലം: ‘നികൃഷ്ട ജീവികളെപ്പോലെയാണ് ഞങ്ങളെ അവർ കണ്ടത്, പാവങ്ങളുടെ ജീവന് ഇവിടെ ഒരു വിലയുമില്ലേ. അറ്റൻഡർ അടക്കം മൂന്നു ജീവനക്കാർ വളരെ മോശമായി പെരുമാറി. അപമാനം മറക്കാനാകില്ല.’– തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശസ്‌ത്രക്രിയക്ക് വിധേയനായ പാരിപ്പള്ളി തെറ്റിക്കുഴി പുതിയപാലം രാജേഷ് ഭവനിൽ രാജേന്ദ്രപ്രസാദിന്റെ (61) മരുമകൾ എം വിദ്യാദാസ് പറഞ്ഞു.
തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശസ്‌ത്രക്രിയ നടത്തിയ രാജേന്ദ്രപ്രസാദിന്റെ കാലിലെ മുറിവിൽ പുഴുവരിച്ച സംഭവം വിവാദമായിരുന്നു. തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച ഭർതൃപിതാവിനെ സ്‌ട്രച്ചറിൽ ഓപ്പറേഷൻ തിയേറ്ററിലേക്ക് കൊണ്ടുപോകുന്നത് ഞങ്ങളുടെ ജോലിയല്ലെന്നും വേറെ ആളിനെ വിളിച്ചുകൊണ്ടുവരാനും അറ്റൻഡർ പറഞ്ഞു. ആശുപത്രിയുടെ താഴത്തെ നിലയിൽ ഡോക്ടറെ കാണാൻപോയ ഭർത്താവ് ആർ രാജേഷിനെയും ബന്ധുവിനെയും പിന്നീട് വിളച്ചുവരുത്തിയാണ് ഭർതൃപിതാവിനെ കൊണ്ടുപോയത്.
അതിനിടെ സ്‌ട്രെച്ചറിൽ ഷീറ്റ് വിരിക്കാൻ പറഞ്ഞ ഡോക്ടറോടും അറ്റൻഡർ കയർത്തു. താഴെനിന്നുള്ള നിർദേശം മാത്രം തങ്ങൾക്ക് കേട്ടാൽമതിയെന്നും ഡോക്ടർക്കെതിരെ പരാതി നൽകുമെന്നും പറഞ്ഞ് അറ്റൻഡർ തട്ടിക്കയറി. രോഗിയുടെ എക്‌സ്‌റേ എടുക്കണമെന്ന് ഡോക്ടർ പറഞ്ഞപ്പോഴും ബുദ്ധമുട്ടാണെന്നായിരുന്നു മറുപടി. അഞ്ചു ദിവസവും ചികിത്സ ലഭിക്കാത്തതിനെ തുടർന്ന് ശസ്‌ത്രക്രയ നടത്തിയ ഭാഗത്ത് പുഴുവരിച്ച വിവരം അറിഞ്ഞ് എത്തിയ തങ്ങൾ ബഹളമുണ്ടാക്കി. ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്‌സുമാർ ആരും തിരിഞ്ഞുനോക്കിയില്ലെന്നും വിദ്യാദാസ് പറഞ്ഞു.










0 comments