"സ്ത്രീകൾക്ക് ഉപദ്രവം ചെയ്ത കമ്മിറ്റി; ഇത്രയുംനാൾ ലേഡീസ് കാർഡ് ഇറക്കി"; ശ്വേതയ്ക്കെതിരെ ബാബുരാജ്

ബാബുരാജ് മാധ്യമങ്ങളോട് സംസാരിക്കുന്നു
കൊച്ചി: താരസംഘടനയായ അമ്മയിലെ ആഭ്യന്തരകലഹം പരസ്യമായ പോർവിളിയിലേക്ക്. അംഗത്വം ഉൾപ്പെടെ രാജിവെച്ച മുൻ പ്രസിഡന്റ് ശ്വേത മേനോന്റെ ആരോപണങ്ങൾക്ക് രൂക്ഷമായ ഭാഷയിൽ മറുപടി നൽകി നടൻ ബാബുരാജ്. സ്ത്രീകൾക്ക് തന്നെ ഉപദ്രവമായയ കമ്മിറ്റിയായിരുന്നു ശ്വേതയുടേതെന്ന് ബാബുരാജ് ആരോപിച്ചു. എന്തെങ്കിലും എതിരഭിപ്രായം പറഞ്ഞാൽ അപ്പോൾ ലേഡീസ് കാർഡ് ഇറക്കി കളിക്കുകയായിരുന്നുവെന്നും സംഘടനയുടെ ജനറൽബോഡിക്ക് ശേഷം ബാബുരാജ് മാധ്യമങ്ങളോട് പറഞ്ഞു.
67 ലക്ഷം രൂപയുടെ കണക്ക് സംഘടനയിൽ വെച്ചിട്ടില്ല. വാർഷിക റിപ്പോർട്ടിന്റെ ഉത്തരവാദിത്തം ഏൽക്കില്ലെന്ന് ആ ഭരണസമിതിയിലെ ട്രഷറർ തന്നെ പറഞ്ഞു. കുറ്റാരോപിതരുടെ കൈകളിലേക്ക് സംഘടനയെ ഏൽപ്പിക്കാൻ ശ്രമിക്കുന്നുവെന്ന ആരോപണം ശരിയല്ല. അൻസിബ ഉൾപ്പെടെയുള്ളവരുടെ പരാതി കേൾക്കേണ്ടിയിരുന്നത് പ്രസിഡന്റായിരുന്ന ശ്വേത ആയിരുന്നു. അന്ന് അൻസിബയെപ്പോലുള്ള സ്ത്രീകൾ പരാതിപ്പെട്ടപ്പോൾ അന്ന് സംഘടനയ്ക്ക് ഒന്നും ചെയ്യാനാകില്ലെന്നാണ് ശ്വേത മറുപടി കൊടുത്തത്. അങ്ങനെ പ്രതികരിക്കുന്ന പ്രസിഡന്റിനെക്കൊണ്ട് എങ്ങനെ സംഘടന മുന്നോട്ടുപോകും. താൻ ഭാഗമായിരുന്ന അഡ്ഹോക് കമ്മിറ്റിയുടെ കണക്കുകൾ കൃത്യമായി കൊടുത്തതാണെന്നും ബാബുരാജ് പറഞ്ഞു.
ഞായറാഴ്ച കാക്കനാട് ചിറ്റിലപ്പിള്ളി സ്‌ക്വയറിൽ ചേർന്ന അമ്മ ജനറൽബോഡിയിൽ സംഘടനയുടെ വാർഷിക റിപ്പോർട്ടുമായി ബന്ധപ്പെട്ടുണ്ടായ തർക്കങ്ങളാണ് കൂട്ടരാജിയിലേക്ക് നയിച്ചത്. വാർഷിക റിപ്പോർട്ടിലെ കണക്കുകളിൽ പിഴവുകളും അവ്യക്തതയും ഉണ്ടെന്ന് ചൂണ്ടിക്കാട്ടി സിദ്ദിഖ്, ബാബുരാജ്, ഇടവേള ബാബു, രഞ്ജി പണിക്കർ എന്നിവർ രംഗത്തെത്തുകയായിരുന്നു. കണക്കുകളിൽ സുതാര്യതയില്ലെന്ന വിമർശനം ഉയർന്നതോടെ റിപ്പോർട്ട് പാസാക്കാൻ കഴിഞ്ഞില്ല.
തുടർന്നാണ് ഭരണസമിതി ഒന്നടങ്കം രാജിവെച്ചത്. ജനറൽബോഡിക്ക് ശേഷം പുറത്തിറങ്ങിയ ശ്വേത മേനോൻ അംഗങ്ങൾക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചു. പാവകളായില്ലെങ്കിൽ സംഘടന നടത്തിക്കൊണ്ടുപോകാനാകില്ലെന്നും, പാവയാകാൻ താൻ തയ്യാറല്ലാത്തതിനാലുമാണ് രാജിവെക്കുന്നതെന്നും ശ്വേത മാധ്യമങ്ങളോട് പറഞ്ഞു. കുറ്റാരോപിതരുടെ കൈകളിലേക്ക് സംഘടനയെ വീണ്ടും എത്തിക്കാനാണ് ചിലര്‍ ശ്രമിക്കുന്നതെന്നും ആദ്യം മുതൽക്കെ അജണ്ടവെച്ച് തന്നെ പുറത്താക്കാൻ ചിലർ ശ്രമിച്ചുവെന്നും ശ്വേത പറഞ്ഞു. "പണ്ട് കുറച്ച് സ്ത്രീകൾ പറഞ്ഞതുപോലെ കുറ്റാരോപിതരുടെ കയ്യിലെത്തിക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത് എന്ന് എനിക്കും തോന്നി. മിക്ക അംഗങ്ങളെയും പിടിച്ചുകൊണ്ടുപോയി അവിശ്വാസത്തിൽ ഒപ്പുവെപ്പിച്ചു. ഓഫീസ് സ്റ്റാഫിന്റെ പരാതി ഉയർന്നപ്പോൾ മുതൽ ട്രഷറർ രഹസ്യമായി കടന്നുകളഞ്ഞു. സംഘടനോട് ഒരറിയിപ്പുമില്ലാതെ ഓടിപ്പോകുകയായിരുന്നു ട്രഷറർ. സെപ്തംബർ ഒന്നുമുതലുള്ള ഈ ഭരണസമിതിയുടെ എല്ലാ കണക്കുകളും കൃത്യമാണ്. അതിന് മുൻപേ ബാബുരാജ് കൈകാര്യം ചെയ്തിരുന്ന സമയത്ത് ഒരുപാട് കുഴപ്പങ്ങളുണ്ട്. അത് ഇന്നുവരെ പുറത്തുറഞ്ഞിട്ടില്ല. ഇന്ന് ഞാൻ അമ്മയിൽ അംഗമല്ല. അതുകൊണ്ട് തുറന്നുപറയാനാകുന്നതിൽ ആശ്വാസമുണ്ട്. എനിക്കൊരു വ്യക്തിത്വമുണ്ട്, പറയാനുള്ളത് ഞാൻ തുറന്നുപറയും."- ശ്വേത മേനോൻ മാധ്യമങ്ങളോട് പറഞ്ഞു.
'അമ്മ' സംഘടനയുടെ ആദ്യ വനിതാപ്രസിഡന്റാണ് ശ്വേത മേനോൻ. പദവിയിലെത്തി ഒരു വർഷം തികയും മുൻപെയാണ് ആഭ്യന്തരകലഹത്തെ തുടർന്ന് രാജിവെക്കേണ്ടി വന്നത്.
പുതിയ എക്‌സിക്യൂട്ടീവ് കമ്മിറ്റി വരുന്നത് വരെ സംഘടനയുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത് അഡ്ഹോക് കമ്മിറ്റി ആയിരിക്കും.










0 comments