ad
Deshabhimani

print edition പ്രതിസന്ധിക്ക്‌ പരിഹാരമില്ല; ലോഡ്‌ഷെഡിങ്‌ തുടരും

load shedding

പ്രതീകാത്മകചിത്രം

വെബ് ഡെസ്ക്

Published on Jun 23, 2026, 12:00 AM | 1 min read

തിരുവനന്തപുരം : വൈദ്യുതിലഭ്യതയിൽ സ്ഥിരത ഉറപ്പാക്കാനാകാതെ കെഎസ്‌ഇബി. ശനി രാത്രിമാത്രം വൈദ്യുതിലഭ്യതയിൽ ശരാശരി 300 മുതൽ 500 മെഗാവാട്ടുവരെയാണ്‌ കുറവുണ്ടായത്‌. മഴയെത്തിയെങ്കിലും സംസ്ഥാനത്തെ വൈദ്യുതിപ്രതിസന്ധിക്ക്‌ പരിഹാരമില്ല. ഏകദേശം 650 മെഗാവാട്ട് വൈദ്യുതി ഉയർന്ന വിലയ്‌ക്ക്‌ വാങ്ങിയാണ്‌ കഴിഞ്ഞദിവസം കടന്നുപോയത്‌. ഷെഡ്യൂൾ ചെയ്തതിനേക്കാൾ അധികവൈദ്യുതി ഗ്രിഡിൽനിന്ന്‌ തുടർച്ചയായി എടുക്കുന്നത് ഗ്രിഡ് കോഡിന്റെ ലംഘനമായതിനാൽ ഇത് സ്ഥിരം സ്രോതസ്സായി കണക്കാക്കാനാകില്ല.


മൺസൂൺ ശക്തിപ്രാപിക്കാത്തതും അണക്കെട്ടുകളിൽ വെള്ളത്തിന്റെ അളവ് കുറഞ്ഞുനിൽക്കുന്നതുമാണ്‌ പ്രതിസന്ധിയെന്നാണ്‌ പറയുന്നത്‌. ദേശീയതലത്തിൽ വൈദ്യുതിലഭ്യതയിലുണ്ടായ കുറവ്‌ മറികടന്ന്‌ പ്രതിസന്ധി പരിഹരിക്കാൻ കൃത്യമായ ആസൂത്രണം ഇല്ലാതെപോയതാണ്‌ സംസ്ഥാനത്തെ ഇരുട്ടിലാക്കിയത്‌.


എല്ലാ ജലസംഭരണികളിലുമായി 21.1 ശതമാനമാണ്‌ വെള്ളം. ഏറ്റവും വലിയ പദ്ധതിയായ ഇടുക്കിയിൽ 23 ശതമാനംമാത്രം. ഞായറാഴ്‌ച കേവലം 8.38 ദശലക്ഷം യൂണിറ്റായിരുന്നു ആഭ്യന്തരോൽപ്പാദനം. ഉപയോഗം 84.38 ദശലക്ഷം യൂണിറ്റും. കേന്ദ്രവിഹിതമായി 43.58 ദശലക്ഷം യൂണിറ്റ്‌ ലഭിച്ചു. ഇതിനൊപ്പം തമിഴ്നാട്, കർണാടകം തുടങ്ങിയ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽനിന്നുള്ള അധികവൈദ്യുതിയും ലഭ്യമായി. മുന്പ്‌ വായ്‌പയായി വാങ്ങിയ 11.27 ദശലക്ഷം യൂണിറ്റ്‌ വൈദ്യുതി തിരിച്ചുകൊടുക്കേണ്ടിയും വന്നു.


അതേസമയം, മഴമൂലം അന്തരീക്ഷ താപനില കുറഞ്ഞ ഞായറാഴ്‌ച വൈദ്യുതി ആവശ്യകത 600 മുതൽ 700 മെഗാവാട്ടുവരെ കുറഞ്ഞു. ഇ‍ൗ അനുകൂലഘടകങ്ങൾ ഉണ്ടായതോടെ ശനി, ഞായർ ദിവസം ലോഷ്‌ഷെഡിങ്‌ വേണ്ടിവന്നില്ല. വരുംദിവസങ്ങളിൽ നിയന്ത്രണം തുടരുമെന്ന്‌ കെഎസ്‌ഇബി അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home