print edition വിഷുക്കാലത്തും ഗ്യാസില്ല; തീയണഞ്ഞ് കാറ്ററിങ് മേഖല

പാചക വാതക ക്ഷാമത്തെ തുടർന്ന് തൃശൂരിലെ അമ്പിസ്വാമീസ് കാറ്ററിങ്സിൽ വിറക് അടുപ്പിൽ പാചകം ചെയ്യുന്നു
തൃശൂർ : പശ്‌ചിമേഷ്യൻ യുദ്ധ പ്രതിസന്ധിയുടെ പേരിൽ പാചകവാതക ക്ഷാമം രൂക്ഷം. വിഷുക്കാലത്ത് കാറ്ററിങ് മേഖല കടുത്ത പ്രതിസന്ധിയിൽ. ആയിരക്കണക്കിനാളുകൾക്ക് ഭക്ഷണം ഒരുക്കേണ്ട കാറ്ററിങ് സ്ഥാപനങ്ങൾക്ക് പാചകവാതകം ലഭിക്കാതായതോടെ വിഷുവിന് ലഭിച്ച ഭക്ഷണ ഓർഡറുകളും ഉപേക്ഷിക്കേണ്ടിവന്നു. പാചകവാതകത്തിന് പകരം വിറകിലേക്ക് മാറിയാണ് ചില സ്ഥാപനങ്ങൾ പാചകം ചെയ്യുന്നത്. എന്നാൽ വിറകിനും വില കൂടി.
"വിഷുവിന് പായസം ഉൾപ്പെടെ സദ്യ ഒരുക്കേണ്ടതുണ്ട്. ഇതിനായി നേരത്തേ ബുക്കിങ് എടുത്തിട്ടുമുണ്ട്. എന്നാൽ പാചക വാതകം ലഭിക്കാതായതോടെ പ്രതിസന്ധിയിലാണ്. പ്രതിസന്ധി മറികടക്കാൻ ചില കാറ്ററിങ് സ്ഥാപനങ്ങൾ വിറകിലേക്ക് വീണ്ടും മാറി.
പുതിയ ആറ് വിറകടുപ്പുകൾ നിർമിക്കേണ്ടി വന്നു' ഒല്ലൂർ പടവരാട് ചുങ്കത്ത് ഹെവൻലി ട്രീറ്റ് കാറ്ററിങ്സ് ഉടമ റാഫേൽ പറഞ്ഞു. എന്നാൽ വിറകിനും വില കുതിച്ചുയർന്നു. 4500 രൂപ മുതൽ 5000 രൂപ വരെയാണ് ടണ്ണിന് വിറകിന് വില ഇൗടാക്കുന്നത്. പാചകവാതകമായാൽ അതിവേഗം പാചകം ചെയ്യാനാവും. എന്നാൽ വിറകടുപ്പ് കത്തിപ്പിടിക്കാൻ സമയമെടുക്കും. ഇതും പ്രതിസന്ധിയാവുന്നതായി അദ്ദേഹം പറഞ്ഞു. തൃശൂരിലെ അന്പിസ്വാമീസ് കാറ്ററിങ്സും വിറകടുപ്പ് ഉപയോഗം വർധിപ്പിച്ചാണ് പ്രതിസന്ധി മറികടക്കുന്നത്.
കാറ്ററിങ് സ്ഥാപനങ്ങൾ നേരത്തേ ഏറ്റെടുത്ത വിവാഹ സദ്യകളിൽ വിഭവങ്ങളുടെ എണ്ണം ചുരുക്കിയാണ് ഇപ്പോൾ നടത്തുന്നത്. ചടങ്ങുകൾക്കിടയിൽ ലൈവ് ഭക്ഷണം ഒരുക്കുന്നതും ഒഴിവാക്കി.
പാചകവാതകം ലഭിക്കാതായതോടെ നിരവധി ഹോട്ടലുകൾ പൂട്ടി. ആയിരക്കണക്കിനാളുകൾക്ക് തൊഴിലില്ലാതായി. പല ഹോട്ടലുകളിലും ഭക്ഷണം ബിരിയാണി മാത്രമായി. ഗ്യാസ് ബുക്ക് ചെയ്യുന്നതിനുള്ള തീയതി ദീർഘിപ്പിച്ചതോടെ വീടുകളിലും കടുത്ത പ്രതിസന്ധിയായി.
ഇന്ധന പ്രതിസന്ധിക്ക് പരിഹാരമായെന്ന് കേന്ദ്രസർക്കാർ പറയുന്പോഴും ജനങ്ങൾ നെട്ടോട്ടമോടുകയാണ്.










0 comments