ബിഷപ്പുമാർ വിലയിരുത്തേണ്ടത് പാർടികളുടെ പ്രത്യയശാസ്ത്രം: തേലക്കാട്ട്

പ്രത്യേക ലേഖകൻ
Published on Aug 17, 2025, 02:05 AM | 1 min read
തിരുവനന്തപുരം: നേതാക്കൾ പറയുന്നത് കേട്ടല്ല, പ്രത്യയ ശാസ്‌ത്രത്തിന്റെ അടിസ്ഥാനത്തിൽവേണം ബിഷപ്പുമാർ പാർടികളെ വിലയിരുത്താനെന്ന് സിറോ മലബാർ സഭ മുൻ വക്താവ് ഫാദർ പോൾ തേലക്കാട്ട്. 2014 ൽ ഡൽഹിയിൽ നടന്ന അന്താരാഷ്‌ട്ര ഹിന്ദു കോൺഗ്രസിൽ ക്രിസ്ത്യൻ മിഷനറിമാരെ 'അഞ്ച് ദുഷ്ട ഗ്രൂപ്പുകളിൽ' ഒന്നായി പ്രഖ്യാപിച്ചിരുന്നു. കേരളത്തിലെ ഏതെങ്കിലും ബിജെപി നേതാവ് ഇൗ പ്രത്യയശാസ്ത്രം മാറിയതായി പറഞ്ഞിട്ടില്ല. ഉത്തരേന്ത്യയിൽ ന്യൂനപക്ഷങ്ങൾക്കിടയിൽ ഭയം സൃഷ്ടിക്കുകയാണ് സംഘപരിവാർ. കന്യാസ്ത്രീകൾ ദശലക്ഷക്കണക്കിനാളുകളെ പഠിപ്പിച്ചു, പരിചരിച്ചു. അവരെല്ലാം മതപരിവർത്തനം നടത്തിയോ? ഛത്തീസ്ഗഢിൽ അറസ്റ്റിലായ കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിച്ചശേഷം ബിജെപിയോട് നന്ദി പ്രകടിപ്പിച്ച ബിഷപ്പ് പാംപ്ലാനിയുടെ പ്രസ്താവന നിർഭാഗ്യകരമാണ്. പക്ഷേ, മറ്റു ചിലർ വ്യക്തിപരമായ അഭിലാഷങ്ങൾക്കായി ചെയ്തതുപോലെ അദ്ദേഹം ക്രിസ്തുവിനെ ഒറ്റിക്കൊടുത്തില്ല. കന്യാസ്‌ത്രീകൾ എങ്ങനെ വസ്ത്രം ധരിക്കണം, എന്ത് കഴിക്കണം എന്നതൊക്കെ വ്യക്തിപരമായ കാര്യങ്ങളാണ്. ഹിന്ദുത്വ ശക്തികൾ ഇടപെട്ട് പലതും അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നു. മുസ്ലീങ്ങളെയും ക്രിസ്ത്യാനികളെയും തുല്യരായി അംഗീകരിക്കുന്ന മതനിരപേക്ഷ സംസ്കാരമാണ് കേരളത്തിലുള്ളത്. നിർഭാഗ്യവശാൽ, മുസ്ലീങ്ങൾക്കെതിരെ ക്രൈസ്തവ നേതൃത്വത്തിലെ ചില അംഗങ്ങൾ വർഗീയ വിദ്വേഷം പ്രചരിപ്പിച്ചു. ലവ് ജി-ഹാദ്, നർക്കോട്ടിക് ജിഹാദ് എന്നിവയെക്കുറിച്ച് സംസാരിക്കുന്നു. പരമ്പരാഗതമായി സിറിയൻ ക്രിസ്ത്യാനികൾ ഭൂമിയോടും കൃഷിയോടും താൽപ്പര്യം കാണിച്ചിരുന്നു. അതിൽ താൽപ്പര്യമില്ലാത്ത പുതിയ തലമുറ ഭൂമി വിൽക്കുമ്പോൾ, വിഭവങ്ങളും ജനസംഖ്യയുമുള്ള മുസ്ലീങ്ങൾ അത് വാങ്ങുന്നു. ഇത് ഒരു മത്സരത്തിന് കാരണമായെന്നും തേലക്കാട്ട് ഇംഗ്ലീഷ് പത്രത്തിനുനൽകിയ അഭിമുഖത്തിൽ പറഞ്ഞു.










0 comments