മുക്കുപണ്ടമെന്ന് കരുതി ഉപേക്ഷിച്ചത് ഡയമണ്ട് ആഭരണങ്ങൾ: അബദ്ധം പിണഞ്ഞ് മോഷ്ടാക്കൾ

പ്രതീകാത്മക ചിത്രം, എഐ നിര്‍മിതം
കാസർകോട്: മോഷണ ശ്രമത്തിനിടെ മുക്കുപണ്ടമെന്ന് കരുതി മോഷ്ടാക്കൾ ഉപേക്ഷിച്ചിട്ട് പോയത് ഡയമണ്ടിന്റെ നെക്ലേസും കമ്മലും. അതേസമയം, വീട്ടിൽ നിന്ന് 45 പവന്റെ സ്വർണം നഷ്ടപ്പെട്ടു. ഡയമണ്ട് ആഭരണങ്ങൾ തിരികെ കിട്ടിയ ആശ്വാസത്തിലാണ് കുടുംബം. പൂച്ചക്കാട് തെക്കേപുറം അരയാൽ തറയിലെ അബ്‌ദുൾ മജീദിന്റെ പൂട്ടിയിട്ട വീട്ടിൽ നിന്നുമാണ് 45 പവൻ സ്വർണവും 50,000 രൂപയും നഷ്ടപ്പെട്ടത്.
മോഷണം നടത്തി തിരിച്ചു പോകുമ്പോൾ മുക്കുപണ്ടം എന്ന് കരുതി മുറ്റത്തേയ്ക്ക് വലിച്ചെറിഞ്ഞത് ഡയമണ്ട് ആഭരണങ്ങൾ പൊലീസ് ആണ് കണ്ടെടുത്തത്. ഏകദേശം ആറ് ലക്ഷം രൂപ വിലമതിക്കുന്നതാണ് കള്ളന്മാർ ഉപേക്ഷിച്ചിട്ട് പോയ ആഭരണങ്ങളെന്ന് കുടുംബം പറയുന്നു. വീടിന്റെ മുൻ വശത്തെ വാതിൽ പൊളിച്ച് അകത്ത് കടന്ന മോഷ്ടക്കൾ കിടപ്പ് മുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണവും പണവുമാണ് കവർന്നത്. ശനിയാഴ്ച വൈകീട്ടും ഞായറാഴ്ച ഉച്ചയ്ക്കുമുള്ള സമയത്താണ് മോഷണം നടന്നിരിക്കുന്നതെന്നാണ് പ്രാഥമിക നിഗമനം.
കുടുംബനാഥനായ അബ്‌ദുൾ മജീദ് വിദേശത്ത് ജോലി ചെയ്യുകയാണ്. ഭാര്യയും മാതാവുമായിരുന്നു വീട്ടിൽ താമസിച്ചു വന്നിരുന്നത്. കുടുംബം മറ്റൊരു ചടങ്ങിനായി മൂന്ന് ദിവസം മുമ്പ് ബന്ധു വീട്ടിൽ പോയി. ശനിയാഴ്ച മടങ്ങി എത്തിയെങ്കിലും വൈകുന്നേരം വീണ്ടും ബന്ധുവീട്ടിലേയ്ക്ക് പോയി. ഞായറാഴ്ച തിരികെ എത്തിയപ്പോഴാണ് വാതിൽ പൊളിച്ചതായി കണ്ടത്. സമീപത്തെ വീടിനു സമീപം വെച്ച പിക്കാസ് കൊണ്ടാണ് വാതിൽ പൊളിച്ചിരിക്കുന്നത്. സംഭവത്തിൽ അന്വേഷണം നടത്തി വരികയാണെന്ന് പൊലീസ് അറിയിച്ചു.










0 comments