print edition കുഞ്ഞുങ്ങളെ വിൽക്കൽ: സഹായിയായ സ്ത്രീ അറസ്റ്റിൽ

അനീന തസ്‌നിയെ മെഡിക്കൽ പരിശോധനക്കായി ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷനിൽനിന്ന് കൊണ്ടുപോകുന്നു
ഈരാറ്റുപേട്ട: തീക്കോയിയിൽ നവജാത ശിശുക്കളെ വിറ്റെന്ന പരാതിയിൽ, പ്രതികളുടെ സഹായിയായ സ്ത്രീ അറസ്റ്റിലായി. കൊല്ലം പരവൂർ അനിൽനിവാസിൽ അനീന തസ്‌നി(26)യെയാണ് ഈരാറ്റുപേട്ട പൊലീസ് അറസ്റ്റ് ചെയ്തത്.
ഇവരെ റിമാൻഡ് ചെയ്തു. കേസിൽ വാഗമൺ പുതുക്കാട് കുന്ദാനിയിൽ കെ എസ് അർജുൻ (21), സഹോദരീഭർത്താവ് തമിഴ്നാട് തിരുനെൽവേലി സ്വദേശി മുപ്പിലിരാജ (27) എന്നിവർ കഴിഞ്ഞദിവസം അറസ്റ്റിലായിരുന്നു. അസം സ്വദേശിനിയായ ഗർഭിണിയെ തടഞ്ഞുവച്ചതിനായിരുന്നു ആദ്യം കേസെടുത്തത്. പിന്നീട് വിൽപന നടക്കുന്നതായി മനസ്സിലായതിനെ തുടർന്ന് പുതിയ എഫ്ഐആർ രജിസ്റ്റർ ചെയ്യുകയായിരുന്നു.
തീക്കോയി ഞണ്ടുകല്ലിലെ വീട്ടിൽ ഗർഭിണികളെ എത്തിച്ച്, ഇവർ പ്രസവിക്കുന്ന കുഞ്ഞുങ്ങളെ ആവശ്യക്കാർക്ക് പണം വാങ്ങി നൽകുകയായിരുന്നു സംഘം ചെയ്തിരുന്നതെന്നാണ് പൊലീസിന്റെ നിഗമനം.
സമൂഹമാധ്യമങ്ങൾ വഴി ആവശ്യക്കാരെ കണ്ടെത്തിയിരുന്നത് അനീനയായിരുന്നു. ഇവരെ കൊല്ലത്ത് ചെന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കൊല്ലം ചന്ദനത്തോപ്പിൽ വാടകവീട്ടിൽ ആണ് ഇവർ കഴിയുന്നത്. ആദ്യ ഭർത്താവിൽ ഒരു കുട്ടിയുണ്ട്. രണ്ടാമത് വിവാഹം ചെയ്തയാൾ വിദേശത്താണ്.
പ്രതികളുടെ മൊഴികൾ തമ്മിൽ പൊരുത്തക്കേടുണ്ടെന്ന് പൊലീസ് അറിയിച്ചു. മൂന്നുപേരെയും കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യംചെയ്യും. ഇവർ തമ്മിൽ ഒന്നരവർഷത്തെ പരിചയമുണ്ട്. അനീനയുമായി മറ്റുരണ്ടുപേർ നിരന്തരം ബന്ധപ്പെട്ടിരുന്നതിന്റെ ഫോൺകോൾ വിവരങ്ങൾ പൊലീസ് ശേഖരിച്ചു.
പ്രതികൾ ഈ മാസം 16ന് തീക്കോയിയിലെ വീട്ടിലെത്തിച്ച അസം സ്വദേശിനിയായ ഗർഭിണി കഴിഞ്ഞദിവസം രക്ഷപ്പെട്ട് പൊലീസിനെ സമീപിച്ചതോടെയാണ് കുറ്റകൃത്യത്തിന്റെ വിവരങ്ങൾ പുറത്തുവരുന്നത്. ഈരാറ്റുപേട്ട എസ്എച്ച്ഒ ബി എസ് ശ്രീജിത്തിനാണ് അന്വേഷണച്ചുമതല.










0 comments