print edition വഖഫ് ബോർഡിൽ അമുസ്ലിം വന്നാൽ ഉത്തരവാദി യുഡിഎഫ്

തിരുവനന്തപുരം : സംഘപരിവാർ നിർദേശമനുസരിച്ച് അമുസ്ലീങ്ങളെ വഖഫ് ബോർഡിൽ അംഗങ്ങളാക്കിയാൽ ഉത്തരവാദിത്വം കോൺഗ്രസിനും മുസ്ലിം ലീഗിനുമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. സംഘപരിവാർ ആഗ്രഹിക്കുന്നത് നടപ്പാക്കാനുള്ള വ്യഗ്രതയാണ് മുഖ്യമന്ത്രി വി ഡി സതീശന്.
രണ്ട് അമുസ്ലിം അംഗങ്ങളെ നിയമിക്കണമെന്ന കേന്ദ്രനിയമത്തിനെതിരെ എൽഡിഎഫ് ഭരണകാലത്ത് നിയമസഭ ഏകകണ്ഠമായി പ്രമേയം പാസാക്കി. സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ നൽകിയ ഹർജി നിലനിൽക്കെയാണ് അത് തള്ളിപ്പോയെന്ന് മുഖ്യമന്ത്രി പറഞ്ഞത്. പിണറായി സര്‍ക്കാരിന്റെ കാലത്ത് വഖഫില്‍ രണ്ട് അമുസ്ലീങ്ങളെ നിയോഗിക്കുകയോ നിയോഗിക്കാമെന്ന് പറയുകയോ ചെയ്‌തിട്ടില്ലെന്ന് മുന്‍ നിയമമന്ത്രി പി രാജീവ് രേഖകള്‍ സഹിതം വ്യക്തമാക്കി. സുപ്രീംകോടതിയിലെ ഇടപെടല്‍ മുന്നോട്ടുകൊണ്ടുപോകുന്നതിന് പകരം സംഘപരിവാര്‍ നയങ്ങള്‍ നടപ്പാക്കാനാണ് സതീശൻ ശ്രമിക്കുന്നത്.
അമുസ്ലീങ്ങളെ ഉള്‍പ്പെടുത്തി ബോര്‍ഡ് പുനഃസംഘടിപ്പിക്കുമെന്ന് സര്‍ക്കാരിനുവേണ്ടി സീനിയര്‍ അഭിഭാഷകന്‍ ജയ്‌ദീപ് ഗുപ്‌തയും സ്റ്റാന്‍ഡിങ് കോണ്‍സല്‍ മര്‍സൂഖ് ബാഫഖി തങ്ങളുമാണ് സുപ്രീംകോടതിയിൽ വ്യക്തമാക്കിയത്. ലീഗ് നോമിനിയാണ് പാണക്കാട് കുടുംബാംഗമായ മര്‍സൂഖ് ബാഫഖി തങ്ങള്‍. ലീഗ് നേതാവും അഡീഷണല്‍ അഡ്വക്കറ്റ് ജനറലുമായ മുഹമ്മദ് ഷാ ഡൽഹിയിൽ എത്തിയാണ് ജയ്‌ദീപ് ഗുപ്‌തയോട് കേരളത്തിന്റെ നിലപാട് വിശദീകരിച്ചത്. ബാബ്റി മസ്‌ജിദ് തകർക്കാൻ സംഘപരിവാറിന് കോൺഗ്രസ് കൂട്ടുനിന്നപ്പോൾ ലീഗും കൂടെയുണ്ടായിരുന്നു. എന്നാൽ, അനേകായിരം പള്ളികളെ ബാധിക്കുന്ന വിഷയമാണ് വഖഫ് ബോര്‍ഡ് പുനഃസംഘടന –അദ്ദേഹം പറഞ്ഞു.










0 comments