എട്ട് വർഷങ്ങൾക്കിപ്പുറം ആ തൂക്കുപാലം നിന്നിരുന്ന പ്രദേശത്തിന് എന്ത് സംഭവിച്ചു? മാറിയതല്ല, മാറ്റിയതാണ്

മുൻപുണ്ടായിരുന്ന തൂക്കുപാലം (ഇടത്), നിർമാണം പൂർത്തിയായ പുലിക്കാട്ട് കടവ് പാലം (വലത്)
മാനന്തവാടി: വികസനകാഴ്ചപ്പാടും നിശ്ചയദാർഢ്യവും ഉണ്ടെങ്കിൽ ഒരു നാടിനെ എങ്ങനെ മാറ്റിതീർക്കാമെന്ന് ആവർത്തിച്ച് തെളിയിക്കുകയാണ് എൽഡിഎഫ് സർക്കാർ. മാനന്തവാടിയിലെ പുലിക്കാട്ട് കടവ് പാലം യാഥാർത്ഥ്യമാക്കിയതും ആ വികസനപ്രവർത്തനങ്ങളുടെ തുടർച്ചയാണ്. മാനന്തവാടി പുലിക്കാടുകടവിൽ ഒറ്റക്കയറിൽ പിടിച്ച് ആടിയാടി തൂക്കുപാലത്തിലൂടെയുള്ള ക്ലേശകരമായ യാത്രയാണ് പഴങ്കഥയാകുന്നത്. ഒരു പ്രദേശത്തിന്റെ സ്വപ്‌നമായി സാഫല്യമായി കടവിൽ പുതിയ പാലം നിർമാണം പൂർത്തിയായി.
പാലംവരുന്നതിന് മുൻപുള്ളതും അതിനുശേഷവുമുള്ള ചിത്രം മാനന്തവാടി എംഎൽഎയും മന്ത്രിയുമായ ഒ ആർ കേളു സോഷ്യൽമീഡിയയിൽ പങ്കുവെച്ചു. 2018ൽ തൂക്കുപാലത്തിൽ നിൽക്കുന്നതിന്റെയും ഇപ്പോൾ ആ പ്രദേശത്ത് പൂർത്തിയായ പാലത്തിന്റെയും ചിത്രങ്ങളും പോസ്റ്റ് ചെയ്തിട്ടുണ്ട്.
മാനന്തവാടി–കുളത്താട–പേര്യ ഹൈടെക് പാതയ്‌ക്കരികിൽ വാളാടിനടുത്ത് തവിഞ്ഞാൽ–തൊണ്ടർനാട് പഞ്ചായത്തുകളെ ബന്ധിപ്പിച്ച് ആധുനിക നിലവാരത്തിലുള്ളതാണ് പാലം. 12.63 കോടി രൂപ വിനിയോഗിച്ച് പൊതുമരാമത്ത് വകുപ്പ് നിർമിച്ച പാലം 20ന് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്‌ഘാടനംചെയ്യും.
വാളാട് പുഴയ്‌ക്ക് കുറുകെ പുലിക്കാട്ടുകടവിൽ കോൺക്രീറ്റ് പാലം വേണമെന്നത് നാട്ടുകാരുടെ പതിറ്റാണ്ടുകളായിട്ടുള്ള ആവശ്യമായിരുന്നു. ഇതാണ് എൽഡിഎഫ് സർക്കാർ യാഥാർഥ്യമാക്കിയത്. പുഴയുടെ ഒരുവശം തൊണ്ടർനാട് പഞ്ചായത്തിൽ ആലയ്‌ക്കൽ–-പുതുശ്ശേരി പ്രദേശവും മറുഭാഗം തവിഞ്ഞാൽ പഞ്ചായത്തിലെ വാളാട് ഭാഗവുമാണ്. മാനന്തവാടി–-കുളത്താട–-പേര്യ റോഡ് നവീകരണത്തിനൊപ്പമാണ് പാലവും നിർമിച്ചത്. ഇതിലൂടെ വാളാടുനിന്ന് വെള്ളമുണ്ട ഭാഗത്തേക്കും തിരിച്ചുമുള്ള ഗതാഗതം എളുപ്പത്തിലായി. 83.28 മീറ്റർ നീളത്തിലാണ് പാലം. വാളാട് റോഡിലേക്ക് ബന്ധിപ്പിച്ചുള്ള അപ്രോച്ച് റോഡ് സ്ലാബ് ഉപയോഗിച്ചുള്ള പുതിയ രീതിയാണ്. കുറഞ്ഞ ചെലവും കൂടുതൽ ഉറപ്പുമാണ് ഇതിന്റെ പ്രത്യേകത.
പുതുശ്ശേരി വളവ്, നീലോം എന്നിവിടങ്ങളിലേക്കും വാളാട് ടൗണിലേക്കും തിരിച്ചും ദിനംപ്രതി നിരവധി പേരാണ് സഞ്ചരിക്കുന്നത്. വാളാട് ഗവ. ഹയർ സെക്കൻഡറി, ജയ്ഹിന്ദ് എൽപി സ്‌കൂൾ എന്നിവിടങ്ങളിലേക്ക് വരുന്ന വിദ്യാർഥികൾക്കും ആശ്വാസമായി. നേരത്തെ തൂങ്ങിയാടുന്ന പാലത്തിലൂടെ അപകടകരമായാണ് യാത്ര ചെയ്‌തിരുന്നത്. മഴക്കാലത്ത് വലിയ ദുരിതമാണ് പ്രദേശവാസികൾ അനുഭവിച്ചുവരുന്നത്. ഇരുകരകളും വെള്ളത്തിലാകുന്നതോടെ യാത്ര പൂർണമായും നിലയ്ക്കുമായിരുന്നു. പാലം ഇതിനും പരിഹാരമായി. പുതുശ്ശേരി വളവ്, നീലോം പ്രദേശത്തുകാർക്ക് കാട്ടിമൂല, തവിഞ്ഞാൽ, കുളത്താട എന്നിവിടങ്ങളിലേക്കും മാനന്തവാടിയിലേക്കും എളുപ്പത്തിലെത്താനാകും.










0 comments