ജനകീയാസൂത്രണ പദ്ധതികളിൽ ബ്ലോക്ക്പഞ്ചായത്തുകളുടെ പങ്ക് നിർണായകം: ഒ ആർ കേളു

തിരുവനന്തപുരം: അടിസ്ഥാന-പശ്ചാത്തല വികസനം ലക്ഷ്യമാക്കുന്ന ജനകീയാസൂത്രണ പദ്ധതികളിൽ ബ്ലോക്ക്പഞ്ചായത്തുകൾ വഹിച്ച പങ്ക് നിർണായകമെന്ന് പട്ടികജാതി - പട്ടികവർഗ്ഗ - പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ ആർ കേളു. മാനന്തവാടി ബ്ലോക്ക്പഞ്ചായത്തിന്റെ നവീകരിച്ച കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
ഗ്രാമീണ റോഡ് നിർമാണം, ഭവന പദ്ധതി നിർവഹണം, ഗ്രാമ പഞ്ചായത്തുകളുടെ വികസന പ്രവർത്തന ഏകീകരണം തുടങ്ങിയ പ്രവർത്തനങ്ങളിൽ ബ്ലോക്ക് പഞ്ചായത്തുകൾ നിർണായക പങ്ക് വഹിക്കുന്നുണ്ട്. പുതിയ കെട്ടിടം മാനന്തവാടിയുടെ മുഖച്ഛായ മറ്റുന്നതാണെന്നു അദ്ദേഹം പറഞ്ഞു.
മൂന്നുനില ക്കെട്ടിടമാണ് നവീകരിച്ചത്. താഴത്തെ നില ജനപ്രതിനിധികൾക്കും രണ്ടാംനില ഓഫീസ് പ്രവർത്തനങ്ങൾക്കും മൂന്നാം നില കോൺഫറൻസ് ഹാളായും ഉപയോഗിക്കും. റബ്‌കോയുടെ നേതൃത്വത്തിൽ ഓഫീസ് മുറ്റം ഇന്റർലോക്ക് പതിക്കൽ, എസിപി ജോലികൾ, പെയിന്റിങ് ഉൾപ്പെടെയുള്ള പ്രവൃത്തികൾക്കായി 60.63 ലക്ഷം രൂപ വിനിയോഗിച്ചാണ് നവീകരണ പ്രവർത്തി പൂർത്തിയാക്കിയത്. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി അധ്യക്ഷനായ പരിപാടിയിൽ വൈസ് പ്രസിഡന്റ് എ കെ ജയഭാരതി, തിരുനെല്ലി -തൊണ്ടനാട് - എടവക-വെള്ളമുണ്ട - തവിഞ്ഞാൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ പി വി ബാലക്യഷ്ണൻ, അംബിക ഷാജി, അഹമ്മദ് കുട്ടി ബ്രാൻ, സുധി രാധാക്യഷ്ണൻ, എൽസി ജോയി, സെക്രട്ടറി കെ കെ രാജേഷ്, രാഷ്ട്രീയ പാർടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.









0 comments