രാം നാരായണിനെ കൊല്ലണമെന്ന് ഉദ്ദേശിച്ച് മർദ്ദിച്ചത് തന്നെ; ബിജെപിക്കാരായ പ്രതികൾ സ്ഥിരം കുറ്റവാളികൾ

അനു, ബിപിൻ, പ്രസാദ്, മുരളി, അനന്തൻ
വാളയാർ: അട്ടപ്പള്ളത്ത് ആൾക്കൂട്ട മർദനത്തിൽ ജീവൻ നഷ്ടപ്പെട്ട ഛത്തീസ്‌ഗഢ് ബിലാസ്‌പുർ സ്വദേശി രാംനാരായൺ ഭയ്യാലിനെ കൊല്ലണമെന്ന ഉദ്ദേശം അറസ്റ്റിലായ ബിജെപി-ആർഎസ്എസ് പ്രവർത്തകർക്ക് ഉണ്ടായിരുന്നുവെന്ന് റിമാൻഡ് റിപ്പോർട്ട്.
രണ്ട് മണിക്കൂറിലേറെ ഇയാളെ പ്രതികൾ വടിയും മറ്റ് ആയുധങ്ങളും ഉപയോഗിച്ച് ക്രൂരമായി മർദ്ദിച്ചതായി റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. ഇതിനിടയിൽ ബംഗ്ലാദേശി അല്ലേ എന്ന് ചോദിച്ച് കൈ കൊണ്ട് മാരകമായും മർദ്ദിച്ചു. കേസിലെ പ്രതികളും ബിജെപി പ്രവർത്തകരുമായ അനു, പ്രസാദ്, മുരളി, വിപിൻ, അനന്തൻ എന്നിവർ ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ നിരവധി കേസുകളിൽ പ്രതികളാണ്. മുരളി, അനു എന്നിവർ 15 വർഷം മുൻപ് അട്ടപ്പള്ളത്ത് സിപിഐ എം പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികളാണ്. നിലവിൽ ആൾക്കൂട്ട കൊലപാതക കേസിൽ ഒന്നാം പ്രതിയായ അനുവിന് വാളയാർ, കസബ സ്റ്റേഷനുകളിലായി 15 കേസുകളാണ് നിലവിലുള്ളത്. രണ്ടാം പ്രതി പ്രസാദിന് വാളയാറിൽ രണ്ട് കേസും, മൂന്നാം പ്രതി മുരളിക്ക് വാളയാർ സ്റ്റേഷനിൽ രണ്ട് കേസും നാലാം പ്രതി അനന്തന് വാളയാറിൽ ഒരു കേസുമാണുള്ളത്. അഞ്ചാം പ്രതിയായ വിപിന് വാളയാർ, ടൗൺ നോർത്ത് സ്റ്റേഷനുകളിലായി മൂന്ന് കേസുകളുണ്ട്.
ഒന്നും രണ്ടും പ്രതികളായ അനു, പ്രസാദ് എന്നിവർ രാം നാരായണിൻ്റെ പുറത്തും കൈകളിലും വടി കൊണ്ട് ക്രൂരമായി അടിച്ച് പരിക്കേൽപ്പിച്ചെന്നും മൂന്നാം പ്രതി മുരളി മുഖത്ത് കൈകൊണ്ട് ശക്തമായി മർദ്ദിച്ചെന്നും, നാലാം പ്രതി അനന്തൻ വയറുഭാഗത്ത് കാലുകൊണ്ട് ശക്തമായി ചവിട്ടി പരിക്കേൽപ്പിച്ചെന്നും അഞ്ചാം പ്രതി ബിപിൻ കൈ കൊണ്ട് തലയിൽ അടിച്ച് പരിക്കേൽപ്പിച്ചതായും സാക്ഷി മൊഴികളുള്ളതായി റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. വീഡിയോ ദൃശ്യങ്ങളും തെളിവായിട്ടുണ്ട്.
വീഡിയോ ദൃശ്യങ്ങളും സാക്ഷിമൊഴികളും അടിസ്ഥാനമാക്കി കൂടുതൽ പ്രതികൾ ഇനിയും പൊലീസിന് കണ്ടെത്താനുണ്ട്. ഇവയിലേറെയും ബിജെപി പ്രവർത്തകരാണെന്ന് നാട്ടുകാർ പറയുന്നു.











0 comments