സ്വകാര്യ ആശുപത്രികളെ സഹായിക്കുന്നത് പ്രതിപക്ഷം ഡ്യൂട്ടിയായി ഏറ്റെടുത്തു: മന്ത്രി സജി ചെറിയാൻ

പത്തനംതിട്ട: ആരോഗ്യമേഖലയിലെ വൻകിട കുത്തകൾക്ക് സഹായം നൽകുക എന്നത് പ്രതിപക്ഷം ഡ്യൂട്ടിയായി ഏറ്റെടുത്തിരിക്കുകയാണെന്ന് മന്ത്രി സജി ചെറിയാൻ. ആരോഗ്യമേഖല തകർന്നെന്ന് പ്രചരിപ്പിച്ച് മന്ത്രി വീണാ ജോർജിനെ വേട്ടയാടുന്നതിനെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സാധാരണക്കാരുടെ ആശ്രയമായ പൊതുജനാരോഗ്യമേഖലയെ തകർക്കാനുള്ള ഗൂഡാലോചനയാണ് ഇപ്പോൾ നടക്കുന്നത്. അതിനുവേണ്ടി മന്ത്രി വീണാജോർജിനെ ബലിയാടാക്കുന്നു. ആരോഗ്യമന്ത്രിയെ വ്യക്തിപരമായി ആക്രമിക്കാൻ ശ്രമിച്ചാൽ സംരക്ഷിക്കാനുള്ള കഴിവ് ഇടതുപക്ഷത്തിനുണ്ട്. പൊതുജനാരോഗ്യമേഖലയേയും സംരക്ഷിക്കും. പഞ്ചായത്ത്, അസംബ്ലി തെരഞ്ഞെടുപ്പ് മുന്നിൽകണ്ടുള്ള ബഹളമാണ് യുഡിഎഫ് നടത്തുന്നത്. കോൺഗ്രസിന് അധികാരഭ്രാന്താണ്. എൽഡിഎഫ് സർക്കാർ മൂന്നാമതും അധികാരത്തിൽവരുമെന്നുറപ്പായപ്പോഴുള്ള വെപ്രാളമാണെന്നും മന്ത്രി പറഞ്ഞു.
കേരളത്തിന്റെ പൊതുജനാരോഗ്യ മേഖലയെ തകർക്കാൻ ശ്രമിക്കുന്നത് സ്വകാര്യാശുപത്രികളെ സഹായിക്കാനാണ്. വൻകിട കുത്തക കമ്പനികൾ കേരളത്തിൽ ആശുപത്രികൾ നിർമിക്കുകയാണ്. സർക്കാർ മേഖല തകർന്നാൽ ഇവർക്ക് സഹായകമാകും. അതിനുവേണ്ടിയാണ് മന്ത്രി വീണാ ജോർജിനോട് ദേഷ്യം കാണിക്കുന്നത്. കേരളത്തിലെ ആരോഗ്യമേഖല വെന്റിലേറ്ററിലാണ് എന്നാണ് മുൻ പ്രതിപക്ഷനേതാവുകൂടിയായ രമേശ് ചെന്നിത്തല പറഞ്ഞത്. ആദ്ദേഹത്തെപ്പോലുള്ള ഒരു നേതാവ് ഇങ്ങനെ പറയാൻ പാടില്ല. സർക്കാർ ആരോഗ്യമേഖല വെന്റിലേറ്ററിലാണ് എന്ന് വരുത്തിത്തീർത്താലേ സ്വകാര്യ മേഖലയ്‌ക്ക് ഗുണമുണ്ടാകൂ എന്നതിനാലാണ് ഇത്തരം പ്രചരണങ്ങൾ നടത്തുന്നത്.
ഇടതുപക്ഷം സ്വകാര്യാശുപത്രികൾക്കെതിരല്ല. അത്തരം ആശുപത്രികൾക്ക് സാമ്പത്തികശേഷിയുള്ളതുകൊണ്ട് കൂടിയ ഉപകരണങ്ങൾ വാങ്ങിവച്ച് കൂടുതൽമെച്ചപ്പെട്ട ചികിത്സ നൽകാൻ കഴിയുന്നുണ്ട്. താനും സ്വകാര്യാശുപത്രിയിലെ ചികിത്സ തേടിയിട്ടുണ്ട്. 2019 ൽ ഡെങ്കിപ്പനിവന്ന് മരിക്കും എന്ന അവസ്ഥയെത്തിയപ്പോൾ മെഡിക്കൽ കോളേജിൽനിന്ന് കൊച്ചിയിലെ സ്വകാര്യാശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പാവപ്പെട്ടവരുടെ ആശ്രയ കേന്ദ്രമായ സർക്കാർ ആശുപത്രികളിൽ വൻകിടക്കാരുടെ ആശുപത്രികളിലെ സംവിധാനങ്ങൾ ഉണ്ടാകാറില്ല. അപ്പോൾ സ്വകാര്യാശുപത്രികളെ ആശ്രയിക്കേണ്ടിവരും. അതിലൊന്നും തെറ്റില്ലെന്നും മന്ത്രി മറുപടി നൽകി.
‘ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള' എന്ന സിനിമയുടെ പേരുമാറ്റണമെന്ന സെൻസർബോർഡ് നിർദേശത്തിനെതിരേ ചലച്ചിത്ര സംഘടനകൾ നടത്തുന്ന സമരത്തിനൊപ്പമാണ് സർക്കാരെന്നും മന്ത്രി പറഞ്ഞു. പേരുമാറ്റണമെന്നുള്ള നിർദേശം ആവിഷ്‌കാര സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റമാണെന്നും അദ്ദേഹം പ്രതികരിച്ചു.









0 comments