print edition എല്ലാവർക്കും റേഷൻ ഉറപ്പാക്കിയ ഏക സംസ്ഥാനം: മന്ത്രി അനിൽ

തിരുവനന്തപുരം: കേരളം വിശപ്പുരഹിത സംസ്ഥാനമാണെന്നത് ലോകത്തെവിടെയുമുള്ള മലയാളികൾക്ക് അഭിമാനപൂർവം പറയാമെന്ന് മന്ത്രി ജി ആർ അനിൽ. എല്ലാ കുടുംബങ്ങൾക്കും റേഷൻ ഉറപ്പാക്കുന്ന ഏക സംസ്ഥാനമാണിതെന്നും 65,000 മുൻഗണനാ കാർഡുകളുടെ സംസ്ഥാനതല വിതരണോദ്ഘാടനം നിർവഹിച്ച് മന്ത്രി പറഞ്ഞു.
സാർവത്രിക റേഷനിങ് നിലനിന്ന കേരളത്തിൽ കേന്ദ്രനിയമം വന്നതോടെ മുൻഗണനാ വിഭാഗത്തിന് മാത്രമായി ഭക്ഷ്യധാന്യം പരിമിതപ്പെട്ടെങ്കിലും സംസ്ഥാനം സ്വന്തം നിലയിൽ പണം ചെലവഴിച്ച് എല്ലാവർക്കും റേഷൻ ഉറപ്പാക്കുകയാണ്. 51 ലക്ഷം കുടുംബങ്ങൾക്ക് എഫ്സിഐയിൽനിന്ന് സർക്കാർ പണം കൊടുത്ത് അരി വാങ്ങിയാണ് നൽകുന്നത്. 2013ൽ രാജ്യത്ത് നിലവിൽവന്ന ദേശീയ ഭക്ഷ്യഭദ്രതാ നിയമം നടപ്പാക്കാൻ അന്നത്തെ സർക്കാർ തയ്യാറായിരുന്നില്ല. 2016ൽ എൽഡിഎഫ് സർക്കാരാണ് അത് നടപ്പാക്കിയത്. 2017 മാർച്ച് ഒമ്പതിന് വാതിൽപ്പടി റേഷൻവിതരണവും 2018 ജനുവരി ആറിന് ഇ -പോസ് മെഷീനിൽ വിരലടയാളം പതിപ്പിച്ചു റേഷൻ വിതരണംചെയ്യുന്ന സംവിധാനവും നടപ്പാക്കി.
148 ആദിവാസി ഉന്നതികളിൽ നേരിട്ട് ഭക്ഷ്യധാന്യം എത്തിക്കുന്നു. അനാഥാലയങ്ങളും അഗതിമന്ദിരങ്ങളും ഉൾപ്പെടെയുള്ള ക്ഷേമ സ്ഥാപനങ്ങളിൽ ആവശ്യമുള്ള ഭക്ഷ്യധാന്യമെത്തുന്നു എന്ന് ഉറപ്പുവരുത്തുന്നു. കിടപ്പുരോഗികൾക്ക് ഓട്ടോറിക്ഷാ ഡ്രൈവർമാരുടെ സഹായത്തോടെയാണ് ഭക്ഷ്യധാന്യങ്ങൾ വീട്ടിലെത്തിക്കുന്നത്. കോവിഡ് മഹാമാരിയും പ്രളയവും ഉണ്ടായ ദുരന്തകാലത്തുപോലും ആരും പട്ടിണികിടക്കാത്തത് സർക്കാരിന്റെ ഉറച്ച ഭരണനയവും ഇച്ഛാശക്തിയും കൊണ്ടാണെന്നും മന്ത്രി പറഞ്ഞു.










0 comments