ad
Deshabhimani

print edition 'മോദി' മോഡൽ; പൊതുമേഖലയെ കൈയൊഴിയും, സബ്‌സിഡി നിർത്തലാക്കും

VD MODI.jpg
avatar
ഒ വി സുരേഷ്‌

Published on Jun 05, 2026, 12:08 AM | 2 min read

തിരുവനന്തപുരം: കേന്ദ്ര ബിജെപി സർക്കാരിന്റെ പാത പിന്തുടർന്ന്‌ പൊതുമേഖലയെ സ്വകാര്യവൽക്കരിക്കാനും സബ്‌സിഡികൾ നിർത്തലാക്കാനും ലക്ഷ്യമിട്ട്‌ യുഡിഎഫ്‌ സർക്കാരിന്റെ ധവളപത്രം. വികസനവും ക്ഷേമവും പടിക്കുപുറത്താകുമെന്ന സൂചനകൂടി നൽകുന്നതാണ്‌ ‘കേരളത്തിന്റെ സാമ്പത്തിക ആരോഗ്യം: തൽസ്ഥിതി റിപ്പോർട്ട്‌’ എന്ന്‌ പേരിട്ട്‌ മുഖ്യമന്ത്രി വി ഡി സതീശൻ നിയമസഭയിൽ സമർപ്പിച്ച ധവളപത്രം.


സംസ്ഥാനം കടക്കെണിയിലാണെന്ന യുഡിഎഫ്‌ പ്രചാരണങ്ങളെ സാധൂകരിക്കാനുള്ള ശ്രമമാണ്‌ ധവളപത്രത്തിലൂടെ നടത്തിയതെങ്കിലും അതെല്ലാം പൊളിഞ്ഞുവീണു. സംസ്ഥാനത്തിന്റെ കടം അപകടസ്ഥിതിയിലല്ലെന്നും ഖജനാവ്‌ ശൂന്യമല്ലെന്നും മുൻ കാബിനറ്റ്‌ സെക്രട്ടറി കെ എം ചന്ദ്രശേഖരന്റെയും ധന അഡീഷണൽ ചീഫ്‌ സെക്രട്ടറി കെ ആർ ജ്യോതിലാലിന്റെയും നേതൃത്വത്തിലുള്ള സമിതി തയ്യാറാക്കിയ ധവളപത്രത്തിലുണ്ട്‌. സർക്കാർ മുടക്കുന്ന പണം മൂന്നുവർഷംകൊണ്ട്‌ തിരിച്ചുപിടിക്കണമെന്നും സർക്കാർ ഫെസിലിറ്റേറ്ററുടെ (സഹായകൻ) ചുമതല മാത്രം നിർവഹിച്ചാൽ മതിയെന്നും മുഖ്യമന്ത്രി വി ഡി സതീശൻ വാർത്താസമ്മേളനത്തിൽ ആവർത്തിച്ചതും സർക്കാരിന്റെ നയമെന്തായിരിക്കുമെന്ന സൂചനയാണ്‌.


കെഎസ്‌ആർടിസി, വാട്ടർ അതോറിറ്റി, കെഎസ്‌ഇബി തുടങ്ങിയവ ഉൾപ്പെടെയുള്ള പൊതുമേഖലാ സ്ഥാപനങ്ങൾ നഷ്‌ടത്തിലാണെന്ന്‌ സ്ഥാപിച്ച്‌ സബ്‌സിഡി നിർത്താനുള്ള ശുപാർശ ജനക്ഷേമകരമല്ല. സബ്‌സിഡികൾ നേരിട്ട്‌ ഗുണഭോക്താക്കൾക്ക്‌ എത്തിക്കണമെന്നാണ്‌ നിർദേശം. പാചകവാതകം, ക്ഷേമപെൻഷനുകൾ, നെല്ല്‌ സംഭരണം തുടങ്ങിയവയ്‌ക്കുള്ള കേന്ദ്രസഹായം നേരിട്ട്‌ ഗുണഭോക്താക്കളിലേക്ക്‌ നൽകാനുള്ള മോദിയുടെ തീരുമാനത്തിന്റെ ദുരിതം അനുഭവിക്കുന്ന കേരളത്തിന്‌ ഇ‍ൗ നിർദേശം ആശങ്കയുണ്ടാക്കുന്നതാണ്‌. സർക്കാരിന്റെ റവന്യൂ വരവിൽ 77 ശതമാനവും ശമ്പളവും പെൻഷനും നൽകാനാണ്‌ വിനിയോഗിക്കുന്നത്‌ എന്നാണ്‌ പറയുന്നത്‌. ജീവനക്കാരോടുള്ള പഴയ യുഡിഎഫ്‌ സർക്കാരിന്റെ നയം ഓർമിപ്പിക്കുന്നതാണിത്‌. കിഫ്‌ബി വായ്‌പകൾ സർക്കാരിന്‌ ബാധ്യതയാകുന്നു എന്നുപറയുന്ന ധവളപത്രം സംസ്ഥാനത്തിന്റെ വികസനത്തുടർച്ചയ്‌ക്കുള്ള മാർഗം നിർദേശിക്കുന്നില്ല.


കടത്തിന്റെ കേവലക്കണക്ക് പറഞ്ഞ് ഭയാന്തരീക്ഷം സൃഷ്‌ടിക്കുന്ന സർക്കാർ ക്ഷേമ നടപടികളിൽനിന്ന്‌ പിന്നോട്ടുപോകുമെന്ന സൂചനയാണ്‌ നൽകുന്നത്‌. ഒന്നിനും പണമില്ല, അതിനാൽ മുണ്ടുമുറുക്കിയുടുക്കണമെന്നും അൽപം കയ്‌പുനീർ കുടിക്കണമെന്നും മുതിർന്ന കോൺഗ്രസ്‌ നേതാവ്‌ എ കെ ആന്റണി നൽകിയ ഉപദേശം അതേപടി അടിച്ചേൽപ്പിക്കുകയാണ്‌ വി ഡി സതീശൻ.


മുഖ്യമന്ത്രി വാദം 
വിചിത്രം: പിണറായി


ഇതുവരെ പ്രസിദ്ധീകരിച്ച ധവളപത്രങ്ങളെല്ലാം രാഷ്ട്രീയ രേഖകളാണെന്നും ഇതാണ്‌ ശരിയായ ധവളപത്രമെന്നുമുള്ള മുഖ്യമന്ത്രി വി ഡി സതീശന്റെ വാദം വിചിത്രമാണെന്ന്‌ പ്രതിപക്ഷ നേതാവ്‌ പിണറായി വിജയൻ. മാറിമാറി വന്ന സർക്കാരുകൾ ധവളപത്രം പുറത്തിറക്കിയിട്ടുണ്ട്‌. അതെല്ലാം ധനവകുപ്പാണ്‌ തയ്യാറാക്കിയത്‌. അതെല്ലാം രാഷ്‌ട്രീയ രേഖയാണെന്നാണ്‌ മുഖ്യമന്ത്രി പറയുന്നത്‌. ധനവകുപ്പിനെ ഇരുട്ടിൽ നിർത്തുകയാണ്‌. മുഖ്യമന്ത്രി വീണിടത്ത്‌ കിടന്ന്‌ ഉരുളുകയാണെന്നും പിണറായി പറഞ്ഞു.


ധവളപത്രത്തിന്റെ കാര്യത്തിൽ നടപടിക്രമങ്ങളുടെ ലംഘനമാണുണ്ടായത്‌. തെരഞ്ഞെടുപ്പു വിജയംകൊണ്ട്‌ എന്തുംചെയ്യുമെന്ന്‌ പറയുന്നത്‌ ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. ധവളപത്രം സംബന്ധിച്ച മുഖ്യമന്ത്രിയുടെ വിശദീകരണത്തിന്‌ നിയമസഭയിൽ മറുപടി നൽകുകയായിരുന്നു പിണറായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home