ad
Deshabhimani

കോമൺവെൽത്ത്‌ ഗെയിംസ്‌; ഹൈജമ്പിൽ ഇന്ത്യയുടെ സർവേഷ്‌ കുഷാരെയ്ക്ക് വെള്ളി

sarvesh kushare
വെബ് ഡെസ്ക്

Published on Jul 28, 2026, 06:15 AM | 2 min read

ഗ്ലാസ്‌ഗോ : കോമൺവെൽത്ത്‌ ഗെയിംസ്‌ പുരുഷ ഹൈജമ്പിൽ ഇന്ത്യയുടെ സർവേഷ്‌ കുഷാരെ വെള്ളി നേടി. 2.25 മീറ്റർ ചാടിയാണ്‌ നേട്ടം. ഇതോടെ ഇന്ത്യയുടെ മെഡല്‍നേട്ടം പത്തായി ഉയര്‍ന്നു. നാസിക്കിൽനിന്നുള്ള മുപ്പത്തൊന്നുകാരൻ ആദ്യം ചാടിയത്‌ 2.05 മീറ്ററാണ്‌. തുടർന്ന്‌ 2.10, 2.15, 2.20 മീറ്ററുകൾ മറികടന്നു. 2.25 മീറ്റർ മൂന്നാമത്തെ അവസരത്തിലാണ്‌ മറികടന്നത്‌. 2.28 മീറ്ററിനായി ശ്രമിച്ചെങ്കിലും സാധ്യമായില്ല. മറ്റ്‌ ഇന്ത്യക്കാരായ തേജസ്വിൻ ശങ്കർ ഒറ്റച്ചാട്ടത്തിനുശേഷം പിൻമാറി. ആദർശ്‌ റാം 2.15 മീറ്ററിൽ അവസാനിപ്പിച്ചു. ജമൈക്കയുടെ റൊമനി ബെക്ക്‌ഫോർഡിനാണ്‌(2.25) സ്വർണം. ഇ‍ൗ ഉയരം മറികടക്കാൻ കുറഞ്ഞ അവസരമെടുത്തത്‌ നേട്ടമായി. ഇംഗ്ലണ്ടിന്റെ കിമാനി ജാക്ക്‌ വെങ്കലം നേടി.


പുരുഷന്മാരുടെ ലോങ്ജമ്പ് യോഗ്യതാറ‍ൗണ്ടിൽ എം ശ്രീശങ്കർ ഒറ്റച്ചാട്ടത്തിന്‌ ഫൈനലിലേക്ക്‌ ടിക്കറ്റെടുത്തു. 8.01 മീറ്ററാണ്‌ മലയാളിതാരം താണ്ടിയത്‌. ഫൈനലിലെത്താനുള്ള യോഗ്യതാദൂരം എട്ട്‌ മീറ്ററായിരുന്നു. ഇന്ത്യയുടെ ലോകേഷ്‌ സത്യനാഥനും (7.77 മീറ്റർ) ഫൈനലിൽ കടന്നു. നാളെ രാത്രി 11.30നാണ്‌ മെഡൽ പോരാട്ടം. രണ്ട്‌ ഗ്രൂപ്പിലായി 20 ചാട്ടക്കാരാണ്‌ മത്സരിച്ചത്‌. എ ഗ്രൂപ്പിൽ എം ശ്രീശങ്കറിന്‌ മാത്രമാണ്‌ യോഗ്യതാദൂരം മറികടക്കാനായത്‌. ബി ഗ്രൂപ്പിൽ ജമൈക്കയുടെ തജയ്‌ ഗെയ്‌ലും (8.10 മീറ്റർ) സെന്റ്‌വിൻസന്റ്‌ ദ്വീപിലെ ഉറോയ്‌ റിയാനും (8.04 മീറ്റർ) നേരിട്ട്‌ യോഗ്യത നേടി. ഇ‍ൗ ഗ്രൂപ്പിലായിരുന്ന ലോകേഷിന്റെ ആദ്യ ചാട്ടമാണ്‌ 7.77 മീറ്റർ. അടുത്ത രണ്ടും ഫ‍ൗളായി.


12 പേർക്കാണ്‌ ഫൈനലിലേക്ക്‌ യോഗ്യത. മൂന്ന്‌ പേർ യോഗ്യതാദൂരം കണ്ടെത്തിയപ്പോൾ ബാക്കി ഒമ്പതുപേർ മികച്ച ചാട്ടത്തിന്റെ അടിസ്ഥാനത്തിൽ മുന്നേറി. പരിക്കുമാറി തിരിച്ചെത്തിയ ശ്രീശങ്കർ ഇ‍ൗ സീസണിൽ മികച്ച ഫോമിലാണ്‌. ജൂണിൽ ഭുവനേശ്വറിൽ നടന്ന ഇന്റർ സ്‌റ്റേറ്റ്‌ മീറ്റിൽ 8.38 മീറ്റർ ചാടിയിരുന്നു. മൂന്ന്‌ വർഷം മുമ്പത്തെ 8.41 മീറ്ററാണ്‌ മികച്ചത്‌. 2022 കോമൺവെൽത്ത്‌ ഗെയിംസിൽ പാലക്കാട്ടുകാരന്‌ വെള്ളിയുണ്ട്‌. അന്ന്‌ 8.08 മീറ്ററാണ്‌ മറികടന്നത്‌. ഇക്കുറി സ്വർണം പ്രതീക്ഷിക്കുന്നതായി അച്ഛനും പരിശീലകനുമായ എസ്‌ മുരളി പറഞ്ഞു. ‘ യോഗ്യതാറ‍ൗണ്ടിൽ സുരക്ഷിതമായാണ്‌ ചാടിയത്‌. മഴയും തണുപ്പുമുണ്ടായിരുന്നു. ഫൈനലിൽ നല്ല പ്രതീക്ഷയുണ്ട്‌’– മുരളി പറഞ്ഞു. ബംഗളൂരു സ്വദേശിയായ ലോകേഷ്‌ സത്യനാഥന്റെ മികച്ച ദൂരം 8.21 മീറ്ററാണ്‌. 2019 ദക്ഷിണേഷ്യൻ ഗെയിംസിൽ ഇരുപത്താറുകാരന്‌ സ്വർണമുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home