ad
Deshabhimani

തീരദേശ റോഡ്‌ തകർന്നു കടലാക്രമണം ര‍ൂക്ഷം; 
കാവുഗോളി ഒറ്റപ്പെട്ടു

നെല്ലിക്കുന്ന് -കാവുഗോളി തീരദേശ റോഡ് കടലെടുത്തപ്പോൾ                                                                                                                                                                                                                                                          ഫോട്ടോ: ശരത്‌ കൽപ്പാത്തി
വെബ് ഡെസ്ക്

Published on Jul 28, 2026, 03:01 AM | 1 min read

കാസർകോട്‌ ശക്തമായ കടലാക്രമണത്തെതുടർന്ന്‌ മൊഗ്രാൽ– പുത്തൂർ പഞ്ചായത്തിലെ 14–ാം വാർഡ്‌ കാവുഗോളി കടപ്പുറം ഒറ്റപ്പെട്ടു. കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തിനു സമീപത്ത്‌ നെല്ലിക്കുന്ന്‌ –കാവുഗോളി റോഡ്‌ പൂർണമായും തകർന്നതോടെയാണ്‌ പ്രദേശം ഒറ്റപ്പെട്ടത്‌. കാവുഗോളിയിലേക്ക്‌ എത്തിച്ചേരാനുള്ള ഏകമാർഗമാണ്‌ ഇതോടെ ഇല്ലാതായത്‌. ഇനി കിലോമീറ്ററോളം നടന്ന്‌ കിഴക്ക്‌ വശത്തുള്ള റെയിൽപ്പാളം മുറിച്ചു കടന്നാൽമാത്രമാണ്‌ ഇവിടേക്കുള്ള യാത്ര സാധ്യമാവുക. 98 മത്സ്യത്തൊഴിലാളി കുടുംബങ്ങളുൾപ്പെടെ 130ലേറെ വീടുകളുള്ള മേഖലയാണ്‌ ദിവസത്തിനിപ്പുറം ഒരു തുരുത്തായി മാറിയത്‌. പ്രായമായവർക്കും കുട്ടികൾക്കും രോഗികൾക്കുമുൾപ്പെടെ ഇനി സുഖമമായയാത്ര സാധ്യമല്ല. തോട്ടവിള ഗവേഷണ കേന്ദ്രത്തിന്റെ മതിൽക്കെട്ടും കോമ്പ‍ൗണ്ടും ഏതുനിമിഷവും കടലെടുക്കാവുന്ന അവസ്ഥയിലുമാണ്‌. ഇത്തവണത്തെ കാലവർഷത്തിൽ 50 മീറ്ററിലേറെ കരയാണ്‌ കടലെടുത്തത്‌. റോഡരികിലെ തെങ്ങുകൾ കടപുഴകിയിട്ടുണ്ട്‌. കഴിഞ്ഞദിവസം കരയിടിഞ്ഞ്‌ ഒമ്പത്‌ തെങ്ങ്‌ ഒലിച്ചുപോയി. അതിനുമുന്നെ 13 തെങ്ങുകൾ വേരറ്റുവീണു. കരഭാഗം ഇടിഞ്ഞുതാഴ്‌ന്നു. പ്രദേശത്ത് വലിയ അപകട ഭീഷണിയാണുള്ളത്‌. ഇ‍ൗ ഭാഗത്തെ തീരദേശറോഡ്‌ സമ്പൂർണമായി കടലെടുക്കാവുന്ന അവസ്ഥയിലാണ്. വർഷങ്ങളായുള്ള കടലേറ്റത്താൽ 200 മീറ്ററിലേറെ കരയില്ലാതായി. 70 മീറ്ററോളം റോഡ്‌ തകർന്നു. മംഗുളൂരുവിൽ ഉൾപ്പെടെ കർണാടകത്തിന്റെ പല ഭാഗത്തുനിന്നും മറ്റുപലയിടങ്ങളിൽനിന്നുമെത്തി തീരത്തെ മണലൂറ്റുന്ന മാഫിയകളുടെ വർഷങ്ങളായുള്ള പ്രവർത്തനവും കടലേറ്റത്തെ ശക്തമാക്കിയെന്നും നാട്ടുകാർ പറഞ്ഞു. വർഷങ്ങളായുള്ള കടലേറ്റംമൂലം നിരവധി വീടുകളും തകർന്നു. അവശേഷിക്കുന്നവ കടുത്ത ഭീഷണിയിലാണ്‌. ചിലത്‌ താമസയോഗ്യമല്ലാതായതിനെതുടർന്ന്‌ ആളുകൾ ഒഴിഞ്ഞുപോയി. ചേരങ്കൈ, മഞ്ചേശ്വരം, ഉപ്പള ഭാഗത്തും സമാന സ്ഥിതിയാണ്‌. കുമ്പള പെർവാഡ്, നാങ്കി കടപ്പുറം, കീഴൂർ, ചെമ്പിരിക്ക, ഉദുമ, തൃക്കണ്ണാട് തുടങ്ങിയ തീരപ്രദേശങ്ങളിലും കഴിഞ്ഞവർഷം രൂക്ഷമായ കടലാക്രമണം നേരിട്ടിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home