കൊറിയർ വഴി കഞ്ചാവ് കടത്ത്: ഒളിവിലായിരുന്ന മുഖ്യപ്രതി അറസ്റ്റിൽ

പ്രതീകാത്മകചിത്രം
തൃശൂർ : കൊറിയർ സർവീസുകളുടെ മറവിൽ ഓൺലൈൻ കൂട്ടായ്മകൾ രൂപീകരിച്ച് ലഹരിമരുന്ന് വിൽപ്പന നടത്തിവന്ന സംഘത്തിന് കഞ്ചാവ് അയച്ചുകൊടുത്ത കേസിലെ മുഖ്യപ്രതി പിടിയിൽ. ഇടുക്കി തൊടുപുഴ ഒളമറ്റം സ്വദേശി ചെറ്റാരിക്കൽ വീട്ടിൽ അലൻ മാത്യു (25)വിനെയാണ് ആളൂർ പൊലീസ് തൊടുപുഴയിൽ നിന്ന് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ജനുവരി 24ന് വൈകിട്ട് 5.30ഓടെ കൊമ്പൊടിഞ്ഞാമാക്കൽ വെച്ച് 6.50 കിലോ കഞ്ചാവുമായി ചാലക്കുടി മൂഞ്ഞേലി അമ്പൂക്കൻ വീട്ടിൽ ജിത്തു വർഗീസ് (28), തിരുത്തിപ്പറമ്പ് ചില്ലായി വീട്ടിൽ ഷൈൻ ഷിജു (25) എന്നിവരെ ഡാൻസാഫ് സംഘവും ആളൂർ പൊലീസും ചേർന്ന് പിടികൂടിയിരുന്നു. തുടർന്ന് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിൽ അലൻ മാത്യുവാണ് വെർച്വൽ നമ്പറുകൾ ഉപയോഗിച്ച് ബന്ധപ്പെട്ട് കൊറിയർ വഴി കഞ്ചാവ് എത്തിച്ചുനൽകിയതെന്ന് പൊലീസ് കണ്ടെത്തി. അന്യസംസ്ഥാനങ്ങളിൽ ഒളിവിൽ കഴിഞ്ഞ ഇയാൾ നാട്ടിലെത്തിയ വിവരമറിഞ്ഞ് തൊടുപുഴ പൊലീസിന്റെ സഹായത്തോടെയാണ് ആളൂർ പൊലീസ് ഇയാളെ പിടികൂടിയത്.
മുട്ടം, കളമശേരി, കുളമാവ്, രാജാക്കാട്, അമ്പലമേട് സ്റ്റേഷൻ പരിധികളിലായി അഞ്ച് ക്രിമിനൽ കേസുകളിൽ പ്രതിയാണ് അലൻ മാത്യു. ആളൂർ എഎസ്എ മിനിമോൾ, സിപിഒമാരായ ലിജോ ആന്റണി, പി എ അരുൺ, ബി ഹരികൃഷ്ണൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.








0 comments