പെൺകുട്ടിയെ ശല്യപ്പെടുത്തുന്നത് തടഞ്ഞതിലെ വൈരാഗ്യം; പാലക്കാട് യുവാവിനെ അയൽവാസി തലയ്ക്കടിച്ച് കൊല്ലാൻ ശ്രമിച്ചു

മുണ്ടൂർ : കൂട്ടുപാതയിൽ യുവാവിനെ ഇരുമ്പ് പൈപ്പുകൊണ്ട് തലയ്ക്കടിച്ച് കൊല്ലാൻ ശ്രമിച്ച കേസിൽ അയൽവാസിയായ യുവാവ് അറസ്റ്റിൽ. മുണ്ടൂർ മൂത്തേടം ഹൗസിൽ അഭിജിത്ത് (21) ആണ് അറസ്റ്റിലായത്. വിക്രമുണ്ടേശ്വര ക്ഷേത്രത്തിനുസമീപം പുനർജനി വീട്ടിൽ വി പ്രവീണി(32)നാണ് ഗുരുതര പരിക്കേറ്റത്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: തിങ്കൾ പുലർച്ചെ അഞ്ചരയോടെ പ്രവീണിന്റെ അയൽവാസിയായ പെൺകുട്ടിയുടെ കിടപ്പുമുറിയുടെ ജനലിൽ തട്ടി വിളിച്ച് അഭിജിത്ത് ശല്യം ചെയ്തിരുന്നു. ഭയന്ന പെൺകുട്ടി പ്രവീണിനെ ഇക്കാര്യം അറിയിച്ചു. പ്രവീണെത്തി അഭിജിത്തിനെ പിടിക്കാൻ ശ്രമിച്ചു. ഇതോടെ കൈയിൽക്കിട്ടിയ ഇരുമ്പ് പൈപ്പെടുത്ത് പ്രതി പ്രവീണിന്റെ തലയിലും മുഖത്തും വലത് തോളിലും അടിക്കുകയായിരുന്നു.
ആക്രമണത്തിൽ പ്രവീണിന്റെ തലയ്ക്കും ചുണ്ടുകൾക്കും ആഴത്തിൽ പരിക്കേൽക്കുകയും മുന്നിലെ പല്ല് പൊട്ടുകയും ചെയ്തു. കാൽമുട്ടിലെ എല്ല് പൊട്ടുകയും വലത് തോളിന്റെ കുഴ തെറ്റുകയും ചെയ്തിട്ടുണ്ട്. വീണ്ടും തലയ്ക്കടിക്കാൻ ശ്രമിച്ചപ്പോൾ പ്രവീൺ ഒഴിഞ്ഞുമാറിയതിനാലാണ് ജീവൻ രക്ഷപ്പെട്ടത്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സബ് ഇൻസ്പെക്ടർ എം എസ് സത്യജിത്ത്, എഎസ്ഐ രാജു നാരായണൻ, ഷീബ, സുനിൽകുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ പ്രസാദ്, സിവിൽ പൊലീസ് ഓഫീസർമാരായ രാജേഷ്, മഹേഷ്, ധന്യ എന്നിവരുടെ നേതൃത്വത്തിൽ പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.









0 comments