കോമൺവെൽത്ത് ഗെയിംസിൽ സ്വർണമെറിഞ്ഞ് ഷർമിള; ചരിത്രം കുറിച്ച് ഇന്ത്യയുടെ പാരാ അത്‌ലറ്റിക് താരം

സിൽ പാരാ അത്‌ലറ്റിക്സ് ഷോട്ട്പുട്ടിൽ സ്വർണം നേടിയ ഷർമിള ധൻകർ | Image Credit : Facebook / Team Indiaകോമൺവെൽത്ത് ഗെയിം
ഗ്ലാസ്ഗോ : കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് ചരിത്രനേട്ടം. പാരാ അത്‌ലറ്റിക്സിൽ ഇന്ത്യക്ക് ആദ്യ സ്വർണം. വനിതകളുടെ ഷോട്ട്പുട്ടിൽ സ്വർണം മെഡൽ സ്വന്തമാക്കി ഷർമിള ധൻകർ. എഫ് 57 വിഭാഗത്തിൽ 9.81 മീറ്റർ എറിഞ്ഞാണ് ഷർമിള ചരിത്ര നേട്ടം കുറിച്ചത്. ഇതോടെ ഷർമിള കോമൺവെൽത്ത് ഗെയിംസ് പാരാ അത്‌ലറ്റിക്സ് ഷോട്ടുപുട്ടിൽ ഇന്ത്യക്കുവെണ്ടി ആദ്യ സ്വർണം നേടുന്ന വനിതയായി. ഇതേ ഇനത്തിൽ ഇന്ത്യക്ക് വേണ്ടി ശില്പ കെ ഷൈല വെങ്കല മെഡലും നേടി. കോമൺവെൽത്ത് ഗെയിംസിൽ പാരാ അത്‌ലറ്റിക്സിൽ ഒരേ ഇനത്തിൽ രണ്ട് മെഡലുകൾ നേടുന്നതും ഇതാദ്യമായാണ്.
പാരാ അത്‌ലറ്റിക്സ് ഷോട്ട്പുട്ടിൽ സ്വർണം നേടിയ ഷർമിളയും വെങ്കലം നേടിയ ശില്പയും | Image Credit : Team India / Facebook
തിങ്കളാഴ്ച രാത്രി നടന്ന മത്സരത്തിൽ സീസണിലെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ചാണ് ഷർമിള സ്വപ്നലക്ഷ്യത്തിലെത്തിയത്. ഇതോടെ കോമൺവെൽത്ത് ഗെയിംസ് പാരാ അത്‌ലറ്റിക്സിൽ ഇന്ത്യയുടെ ഇരുപത് വർഷത്തെ മെഡൽ കാത്തിരിപ്പിനാണ് വിരാമമായത്. 2006ലെ കോമൺവെൽത്ത് ഗെയിംസിൽ രഞ്ജിത്ത് കുമാർ ജയശീലനാണ് സീറ്റഡ് ഡിസ്കസ് ത്രോയിൽ ഇതിനു മുൻപ് അവസാനമായി പാരാ അത്‌ലറ്റിക്സിൽ സ്വർണ മെഡൽ നേടിയത്.
മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ഷർമിള ഒരു ലീഡ് നേടി 9.48 മീറ്റർ എറിഞ്ഞ് മികച്ച പ്രകടനം കാഴ്ചവെച്ചു. തുടർന്ന് 9.81 മീറ്റർ ലക്ഷ്യം കണ്ടു. പിന്നീടുള്ള റൗണ്ടുകളിൽ ആ റെക്കോഡ് അതേപടി നിലനിർത്തി.
കൈകാലുകൾക്ക് വൈകല്യമോ പേശികൾക്ക് ശക്തിക്കുറവോ ഉള്ളവർക്ക് ഇരുന്നുകൊണ്ട് പങ്കെടുക്കാൻ കഴിയുന്ന ഷോട്ട്പുട്ട് മത്സരമാണ് എഫ് 57 എന്നത്.
ഹരിയാനയിലെ മഹേന്ദ്രഗഢ് ജില്ലയിൽ നിന്നാണ് ഷർമിള ഗ്ലാസ്ഗോയിലെ കായികമാമാങ്കത്തിൽ പങ്കെടുക്കാൻ ഇന്ത്യയെ പ്രതിനിധീകരിച്ചെത്തിയത്. നാൽപത് വയസുകാരിയായ വയസുകാരിയായ ഷർമിള ഈ വർഷം ആദ്യം ദുബായിൽ നടന്ന ഫാസ ഇന്റർനാഷണൽ പാരാ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ഷോട്ട്പുട്ടിൽ സ്വർണവും ഡിസ്കസിൽ വെങ്കലവും അവർ നേടിയിരുന്നു. ദേശീയ പാരാ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ 9.52 മീറ്റർ എറിഞ്ഞ് ദേശീയ റെക്കോർഡും ശർമിള സ്ഥാപിച്ചിട്ടുണ്ട്.
ഹാങ്‌ഷൗവിൽ നടന്ന ഏഷ്യൻ പാരാ ഗെയിംസിൽ നാലാം സ്ഥാനവും ന്യൂഡൽഹിയിൽ നടന്ന ലോക പാരാ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ അഞ്ചാം സ്ഥാനവും നേടി. ബെർമിംഗ്ഹാം കോമൺവെൽത്ത് ഗെയിംസിൽ അവർ നാലാം സ്ഥാനത്തായിരുന്നു.








0 comments