സ്‌കൂൾ വഴിയിൽ ഇഴജന്തുക്കളുടെ ഭീഷണി പൊലീസ് സ്‌റ്റേഷൻ വളപ്പിൽ കാടുകയറി വാഹനങ്ങൾ

തൃക്കരിപ്പൂർ നൂറുകണക്കിന് വിദ്യാർഥികൾ കാൽനടയായി സ്കൂളിലേക്ക് പോകുന്ന ചന്തേര പൊലീസ് സ്റ്റേഷന് മുന്നിലൂടെയുള്ള പ്രധാന പാതയോരം വിഷപ്പാമ്പുകൾ ഉൾപ്പെടെയുള്ള ഇഴജന്തുക്കളുടെയും കൊതുകുകളുടെയും താവളം. ചന്തേര ഗവ. യുപി സ്കൂൾ, ഇസ്സത്തുൽ ഇസ്ലാം എഎൽപി സ്കൂളിലേക്കും നിരവധി വിദ്യാർഥികൾ നടന്നു പോകുന്ന പാതയോരം ചേർന്നാണ് വാഹനങ്ങൾ കൂട്ടിയിട്ടും കാട് മൂടിയും കിടക്കുന്നത്. കേസുകളിൽപ്പെടുന്ന വാഹനങ്ങൾ സ്റ്റേഷൻ വളപ്പുകളിൽ അനന്തമായി സൂക്ഷിക്കേണ്ടതില്ലെന്ന പ്രഖ്യാപനം പ്രഹസനമാവുകയാണ്. പൊലീസും മോട്ടോർ വാഹന വകുപ്പും എക്സൈസും പിടിച്ചെടുക്കുന്ന വാഹനങ്ങൾ കോടതി ആവശ്യപ്പെട്ടാലല്ലാതെ കസ്റ്റഡിയിൽ സൂക്ഷിക്കരുതെന്ന സർക്കാരിന്റെ കർശന നിർദേശം നിലവിലുണ്ടെങ്കിലും പാലിക്കപ്പെടുന്നില്ല. വാഹനം പിടിച്ചെടുത്താൽ ഫോട്ടോ എടുത്തശേഷം അതിൽ പരാതിക്കാരന്റെയും പ്രതിയുടെയും പിടിച്ചെടുത്ത ഉദ്യോഗസ്ഥന്റെയും ഒപ്പു രേഖപ്പെടുത്തണം. മൂല്യം നിർണയിച്ച ശേഷം രണ്ടാഴ്ചയ്ക്കകം കോടതിയിൽ ഹാജരാക്കണം. വിചാരണ വേളയിൽ വാഹനത്തിന്റെ ഫോട്ടോ മാത്രം ഹാജരാക്കിയാൽ മതി. സ്റ്റേഷൻ വളപ്പുകളിൽ വാഹനങ്ങൾ കെട്ടിക്കിടക്കുന്ന സ്ഥിതി ഒഴിവാക്കാനായിരുന്നു ഇങ്ങനെയൊരു ഉത്തരവ്. കോടതി നിർദേശപ്രകാരം സൂക്ഷിക്കുന്ന വാഹനങ്ങളാണെങ്കിൽ കോടതി നിർദേശം ലഭിച്ചാൽ ആറുമാസത്തിനകം ലേലംചെയ്യണം. പൊതുസ്ഥലത്ത് ഉപേക്ഷിക്കപ്പെട്ട വാഹനങ്ങളാണെങ്കിൽ ജില്ലാ പൊലീസ് മേധാവിക്കു പിടിച്ചെടുത്തു ലേലത്തിനു വയ്ക്കാനും അധികാരമുണ്ട്. ഇതൊന്നും പാലിക്കപ്പെടുന്നില്ല. ബൈക്ക്, ഓട്ടോറിക്ഷ, കാർ, ലോറി എന്നിവയാണ് സ്റ്റേഷൻ അങ്കണത്തിൽ കുന്നുകൂടി കിടക്കുന്നത്. ഡ്രൈവർ മദ്യപിച്ച് ഓടിച്ച വാഹനങ്ങൾ, കുറ്റകൃത്യങ്ങളിൽ അകപ്പെട്ടവ, മണൽകടത്തിയ വാഹനങ്ങൾ, ലഹരിക്കടത്ത് വാഹനങ്ങൾ എന്നിവയാണ് സ്റ്റേഷൻ വളപ്പിൽ കിടക്കുന്നത്. ഇവിടെ ഇട്ടിരിക്കുന്ന വാഹനങ്ങളിലും പുല്ലുകളുമ കാടുകളും നിറഞ്ഞനിലയിലാണ്. കൂടുതൽ വാഹനങ്ങൾ തൊണ്ടി മുതലായി സൂക്ഷിക്കാൻ കുറച്ചു ദിവസംമുമ്പ് ജെസിബി ഉപയോഗിച്ച് സൗകര്യം കൂട്ടി എന്നല്ലാതെ തുരമ്പെടുത്ത് ഉപയോഗ ശൂന്യമായവാഹനങ്ങൾ മാറ്റാനോ ലേലം ചെയ്യാനോ നടപടി സ്വീകരിച്ചില്ല. രാത്രികാലങ്ങളിൽ കാൽനട യാത്രചെയ്യാൻ കഴിയാത്ത അവസ്ഥയിലാണന്ന് പരിസര വാസികൾ പറയുന്നു.










0 comments