print edition കോട്ടയം കണ്ടാരും മനക്കോട്ട കെട്ടില്ല

മുഹമ്മദ് ഹാഷിം
Published on Mar 14, 2026, 12:00 AM | 2 min read
കോട്ടയം: റബർ പോലെ പ്രിയപ്പെട്ടതാണ് കോട്ടയത്തിന് രാഷ്‌ട്രീയവും. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിനുണ്ടായ തകർച്ച, റബർ വിലയിടിവിനേക്കാളും അവരെ അന്പരപ്പിച്ചു. ഒന്പത് സീറ്റിൽ അഞ്ചും എൽഡിഎഫിന്. കേരളാ കോൺഗ്രസ് എം, എൽഡിഎഫിൽ എത്തിയതോടെ ജില്ലയുടെ രാഷ്‌ട്രീയ ചരിത്രവും ഇടത്തോട്ട് വഴിമാറി. എൽഡിഎഫ് സർക്കാരിന്റെ സവിശേഷ ശ്രദ്ധയിൽ ജില്ലയിലുണ്ടായത് വികസന വിസ്‌ഫോടനം. പതിനായിരത്തിലധികം കോടി രൂപയുടെ വികസനം. കിഫ്ബി മുഖേന മാത്രം 2739.20 കോടിയുടെ പദ്ധതികൾ.
കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ 1165 കോടി രൂപയുടെ വികസനമെത്തി. ഹൃദയ, ശ്വാസകോശ, കരൾ മാറ്റിവെയ്‌ക്കൽ ശസ്‌ത്രക്രിയകൾ ഒരേസമയം നടത്തി. കേന്ദ്ര സർക്കാർ അടച്ചുപൂട്ടിയ വെള്ളൂരിലെ ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ഏറ്റെടുത്ത് സംസ്ഥാന സർക്കാർ കേരള പേപ്പർ പ്രോഡക്ടസ് ലിമിറ്റഡിന് രൂപം നൽകി 741 കോടി രൂപയുടെ വികസന പദ്ധതിക്ക് തുടക്കമിട്ടു. അങ്കമാലി മുതൽ എരുമേലി വരെയുള്ള ശബരി റെയിൽപാതക്കായി സംസ്ഥാന സർക്കാർ കിഫ്‌ബി മുഖേന ചെലവഴിക്കുന്നത് 1900 കോടി രൂപ. റബർ കർഷകരുടെ പ്രതീക്ഷയായി വെള്ളൂരിൽ കേരള റബർ ലിമിറ്റഡിന് തുടക്കമിട്ടു.
റബറിന് താങ്ങുവില 200 രൂപയാക്കിയത്, വന്യജീവി സംരക്ഷണ നിയമഭേദഗതി, കൃഷിയിടങ്ങളിലിറങ്ങുന്ന കാട്ടുപന്നികളെ കൊല്ലാൻ പഞ്ചായത്തുകൾക്ക് അനുമതി നൽകിയത്, ഭൂപതിവ് ചട്ടം ക്രമവൽകരിക്കൽ എന്നിവ ചർച്ചയാകുന്നു. ഭിന്നശേഷി അധ്യാപകരുടെ നിയമനവുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നം സുപ്രീംകോടതിയിലായിരുന്നിട്ടും സർക്കാർ ഇടപെട്ട് തീരുമാനമാക്കിയത് ആയിരക്കണക്കിന് അധ്യാപകർക്ക് ആശ്വാസം. കന്യാസ്‌ത്രീകൾക്ക് റേഷൻ കാർഡും സാമൂഹ്യക്ഷേമ പെൻഷനും അനുവദിച്ചത് സ്വപ്‌ന സാക്ഷാത്‌കാരമായി. ജെ ബി കോശി കമീഷൻ റിപ്പോർട്ടിലെ ശുപാർശകൾ നടപ്പാക്കാനുള്ള സർക്കാർ തീരുമാനം അനിശ്ചിതത്വം അവസാനിപ്പിച്ചു. സാമൂഹ്യ സുരക്ഷാ പെൻഷൻ ലഭിക്കാത്ത അര ലക്ഷത്തോളം പേർക്ക് സ്‌ത്രീ സുരക്ഷാ പെൻഷൻ ലഭിക്കുന്നുണ്ട്. ലൈഫിൽ 20,290 കുടുംബങ്ങൾക്ക് വീടായി. 2,88,970 പേർക്ക് 2,000 രൂപ സാമൂഹ്യക്ഷേമ പെൻഷൻ ലഭിക്കുന്നുണ്ട്.
ബഹുജന അടിത്തറ ശക്തമാക്കിയ എൽഡിഎഫിന്റെ മധ്യമേഖല വികസന മുന്നേറ്റ ജാഥയെ സ്വീകരിക്കാൻ വിവിധ കേന്ദ്രങ്ങളിൽ എത്തിയത് ആയിരങ്ങൾ. എൽഡിഎഫ് മണ്ഡലം ജാഥകളും വികസന സദസ്സും സംഘടനാ സംവിധാനം കൂടുതൽ ഉൗർജസ്വലമാക്കി. പാലാ അടക്കമുള്ള സീറ്റുകൾ പിടിച്ചെടുത്ത് വലിയ കുതിപ്പിന് ഒരുങ്ങുകയാണ് എൽഡിഎഫ്. അതേസമയം, തർക്കങ്ങളിൽ ഉലയുകയാണ് യുഡിഎഫ്. തിരുവഞ്ചൂർ രാധാകൃഷ്‌ണനും ചാണ്ടി ഉമ്മനും സീറ്റുറപ്പിച്ചുവെങ്കിലും മറ്റ് നേതാക്കൾക്ക് ലഭിക്കണമെങ്കിൽ കേരള കോൺഗ്രസ് ജോസഫിൽ നിന്ന് പിടിച്ചെടുക്കണം. വിട്ടുതരില്ലെന്ന വാശിയിലാണ് ജോസഫ് വിഭാഗം. ഏറ്റുമാനൂരും ചങ്ങനാശേരിയുമാണ് കോൺഗ്രസിന്റെ ആവശ്യം. എൻഡിഎയിൽ കേന്ദ്രമന്ത്രി ജോർജ് കുര്യനും പി സി ജോർജും മകൻ ഷോൺ ജോർജും മത്സരത്തിന് ഒരുങ്ങിയിട്ടുണ്ട്. തദ്ദേശതെരഞ്ഞെടുപ്പിൽ തങ്ങളെ അവഗണിച്ചതിന് പകരം ചോദിക്കാൻ നിൽക്കുകയാണ് ബിഡിജെഎസ്.
ഒമ്പത് മണ്ഡലങ്ങളിൽ ഏറ്റുമാനൂർ, വൈക്കം, ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ എൽഡിഎഫിനും കോട്ടയം, പുതുപ്പള്ളി, കടുത്തുരുത്തി, പാലാ യുഡിഎഫിനുമൊപ്പമാണ്. 7,30,005 പുരുഷന്‍മാരും 7,68,805 സ്‌ത്രീകളും 14 ട്രാന്‍സ്ജെന്‍ഡറുമുൾപ്പെടെ ആകെ 14,98,824 വോട്ടർമാരാണ് ജില്ലയിലുള്ളത്. തീവ്ര വോട്ടർപ്പട്ടിക പരിഷ്‌കരണത്തിൽ 94,751 വോട്ട് കുറഞ്ഞു.









0 comments