print edition അച്ഛൻ പത്തായത്തിലുമില്ല; ധവളപത്രം മേശപ്പുറത്തുമുണ്ട്


സി കെ ദിനേശ്
Published on Jun 05, 2026, 12:00 AM | 1 min read
തിരുവനന്തപുരം: ധവളപത്രം തയ്യാറാക്കിയതിലെ ചില ചട്ടലംഘനങ്ങൾ ക്രമപ്രശ്നമായി മുൻ ധനമന്ത്രി കെ എൻ ബാലഗോപാൽ ഉന്നയിച്ചുകൊണ്ടിരിക്കുന്നു. സ്പീക്കറുമായി ആശയ വിനിമയം തകൃതി. ധവളപത്രം പുറത്തു ‘ക്വട്ടേഷൻ ’ കൊടുത്ത് ചെയ്യിച്ചത് ഭരണഘടനാവിരുദ്ധമാണെന്ന് സംശയിക്കുന്ന സാഹചര്യമാണ് വിഷയം. എന്നാൽ അതിനിടെ ചാടിവീണ് ധവളപത്രം മേശപ്പുറത്ത് വയ്ക്കുന്നുവെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ പ്രഖ്യാപിച്ചു. അച്ഛൻ പത്തായത്തിലുമില്ല എന്ന് പറഞ്ഞ കുട്ടിയുടെ അതേ നിഷ്കളങ്കത!
കീഴ്‌വഴക്ക ലംഘനത്തിനെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ കൂടി എഴുന്നേറ്റതോടെ രംഗം ചൂടുപിടിച്ചു. യഥാർഥ പൊളിറ്റിക്കൽ ഡോക്യുമെന്റ് ആണ് ധവളപത്രമെന്ന് പ്രതിപക്ഷ നേതാവ് തുറന്നടിച്ചു. ചെറിയൊരു ബോർഡ് വച്ചത് മാറ്റാൻ വിട്ടുപോയതാണ് പ്രശ്നമെന്നും ഇനിയത് ഉണ്ടാകില്ലെന്നുമായിരുന്നു കെ പ്രേംകുമാറിന്റെ ചോദ്യത്തോട് മന്ത്രി കെ എം ഷാജിയുടെ മറുപടി. ലീഗ് ഓഫീസിൽ ക്ഷേമപെൻഷൻ വിതരണം ചെയ്ത നിയമവിരുദ്ധമായ നടപടിയാണ് വിഷയം. യുഡിഎഫ് ഓഫീസ് എന്നൊരു ബോർഡ് മുൻപിലുണ്ടായിരുന്നു, അത് മാറ്റാൻ പ്രദേശത്തെ ലീഗുകാർ വിട്ടുപോയി, അത്രേളളൂ. സിംപിൾ! ഇനി പെൻഷൻ നൽകുമ്പോൾ ബോർഡ് വയ്ക്കാത്ത ഓഫീസിലിരുന്ന് വിതരണം ചെയ്തോളാം എന്നാണ് പറയാതെ മന്ത്രി പറഞ്ഞത്.
കഴുത്തിൽ പുതിയ ഒരു ബോർഡ് വച്ചതിന്റെ പ്രഖ്യാപനമായിരുന്നു സി ആർ മഹേഷിന്റെ നന്ദിപ്രമേയ പ്രസംഗം. ‘ വായിക്കുന്ന, ചിരിക്കുന്ന മുഖ്യമന്ത്രി ’. പേപ്പറിൽ എഴുതിക്കൊണ്ടുവന്നായിരുന്നു കോമഡി വായിക്കൽ. താൻ മുഖ്യമന്ത്രിക്കൊപ്പമാണേയെന്ന ഗ്രൂപ്പ് മണവും. അധികം താമസിച്ചില്ല, സ്പീക്കർ തിരുവഞ്ചൂർ മുന്നറിയിപ്പ് നൽകി ‘ സഭയിൽ പ്രസംഗം എഴുതി വായിക്കുന്നത് അത്ര നല്ലതല്ല, ആവർത്തിക്കരുത്’.









0 comments