print edition നഗര ഭവന പദ്ധതിയിൽ നിർമിച്ച വീട്‌ കോൺഗ്രസിന്റേതാക്കി താക്കോൽദാനം

congress home
avatar
എൻ കെ സുജിലേഷ്‌

Published on Oct 18, 2025, 12:03 AM | 1 min read

കണ്ണൂർ: നഗര ഭവന പദ്ധതിയിൽ അനുവദിച്ച തുകയുപയോഗിച്ച്‌ നിർമിച്ച വീട്‌ കോൺഗ്രസിന്റേതാക്കി കള്ളക്കളി. നാലു ലക്ഷം രൂപ കണ്ണൂർ കോർപറേഷനിൽനിന്ന്‌ കൈപ്പറ്റി നിർമിച്ച വീടാണ്‌ കെപിസിസി നിർമിച്ചതായി നോട്ടീസടിച്ച്‌ പ്രചാരണം നടത്തി ശനിയാഴ്‌ച താക്കോൽ കൈമാറുന്നത്‌. എഐസിസി വർക്കിങ്‌ കമ്മിറ്റിയംഗം കെ സുധാകരൻ എംപി താക്കോൽ കൈമാറുമെന്നാണ്‌ പ്രചാരണം. ചടങ്ങിൽ ഡിസിസി പ്രസിഡന്റ്‌ മാർട്ടിൻ ജോർജ്‌ പങ്കെടുക്കുമെന്നും ബോർഡിലും പോസ്‌റ്ററിലുമുണ്ട്‌.


കണ്ണൂർ കോർപറേഷൻ അവേര ഡിവിഷനിലെ അവേരപ്പറന്പിലെ ചെറിയേരിവീട്ടിൽ കെ പി സത്യഭാമയ്‌ക്കാണ്‌ നഗരഭവന പദ്ധതിയിൽ വീട്‌ അനുവദിച്ചത്‌. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെയും തദ്ദേശസ്ഥാപനങ്ങളുടെയും വിഹിതം ഏകോപിപ്പിച്ചാണ്‌ പദ്ധതിക്ക്‌ ഫണ്ട്‌ അനുവദിക്കുന്നത്‌. 2022 മെയ്‌ 25 ന്‌ ചേർന്ന ക‍ൗൺസിൽ യോഗത്തിലെ 99–ാം നന്പർ അജൻഡയായാണ്‌ സത്യഭാമയ്‌ക്ക്‌ വീട്‌ അനുവദിച്ചത്‌. വീട്‌ നിർമാണഘട്ടത്തിൽ വ്യവസ്ഥകൾ അനുസരിച്ച്‌ ഗഡുക്കളായി പണവും അനുവദിച്ചു. സത്യഭാമയുടെ എസ്‌ബിഐ 40965823939 നന്പർ അക്ക‍ൗണ്ടിലേക്കാണ്‌ പണം നൽകിയത്‌. 40,000 ആദ്യവും 1,60,000 വീതം രണ്ടു തവണയും 40,000 രൂപ അവസാന ഗഡുവും നൽകി. ഇതുപയോഗിച്ച്‌ സത്യഭാമയുടെ കുടുംബം നിർമിച്ച വീടാണ്‌ കെപിസിസിയുടെപേരിലാക്കിയത്‌.


കോൺഗ്രസ്‌ അനുഭാവിയായ സത്യഭാമയുടെ അറിവോടെയാണോ സർക്കാർപണം ഉപയോഗിച്ച്‌ നിർമിച്ച വീട്‌ കോൺഗ്രസിന്റേതാക്കിയതെന്ന്‌ വ്യക്തമല്ല. കോൺഗ്രസിന്റെ പ്രചാരണം ചർച്ചയായതോടെ ബോർഡുകൾ പ്രാദേശിക നേതാക്കൾ ഇടപെട്ട്‌ നീക്കി. നഗരഭവന പദ്ധതിയിൽ നിരവധിപ്പേർ വീട്‌ നിർമാണം പൂർത്തിയാക്കിയിട്ടുണ്ടെങ്കിലും ഇതുപോലെ താക്കോൽ കൈമാറ്റം നടന്നിരുന്നില്ല. വിവാദമായതോടെ, കോർപറേഷന്റെ ഒ‍ൗദ്യോഗിക പരിപാടിയാക്കാനും ശ്രമം നടക്കുന്നുണ്ട്‌.




deshabhimani section

Related News

View More
0 comments
Sort by

Home