ഇസ്രയേൽ തെമ്മാടിരാഷ്‌ട്രമെന്ന്‌ ‘ദ ഹിന്ദു’ മുഖപ്രസംഗം

hindu edotorial on isreal
avatar
പ്രത്യേക ലേഖകൻ

Published on Jun 14, 2025, 01:07 PM | 2 min read

തിരുവനന്തപുരം: നിയമവിരുദ്ധവും വിവേകശൂന്യവും അപകടകരവുമായ ആക്രമണങ്ങൾ നടത്തുന്ന ഇസ്രയേലിനെ തെമ്മാടിരാഷ്‌ട്രമെന്ന്‌ വിശേഷിപ്പിച്ച്‌ ‘ദ ഹിന്ദു’ മുഖപ്രസംഗം. വാഷിങ്‌ടണും ടെഹ്‌റാനും തമ്മിൽ ചർച്ചകൾ നടന്നുവരവെയാണ്‌ ഇറാന്റെ ആണവകേന്ദ്രങ്ങളിൽ ഇസ്രയേൽ ആക്രമണം നടത്തിയതെന്ന്‌ ‘ദ ഹിന്ദു’ മുഖപ്രസംഗത്തിൽ ചൂണ്ടിക്കാട്ടി. ആണവവിഷയം പരിഹരിക്കാൻ ചർച്ചകൾ വഴി എന്തെങ്കിലും സാധ്യത ഉണ്ടായിരുന്നെങ്കിൽ ഇസ്രയേൽ അത്‌ പൂർണമായും ഇല്ലാതാക്കി. തന്റെ ഉറ്റ കൂട്ടാളിയെ ഈ ആക്രമണത്തിൽനിന്ന്‌ പിന്തിരിപ്പിക്കാൻ അമേരിക്കൻ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപിന്‌ കഴിഞ്ഞില്ല–-ഒന്നുകിൽ ട്രംപ്‌ സ്വന്തം വാക്കുകൾക്ക്‌ വില കൽപിക്കുന്നില്ല, അല്ലാത്തപക്ഷം അദ്ദേഹത്തിന്റെ സ്വാധീനം പരിമിതമാണ്‌–-ഇതാണ്‌ ഈ സ്ഥിതിയിൽനിന്ന്‌ മനസ്സിലാക്കേണ്ടത്‌.


ഇറാനിലെ നഥാൻസ്‌ ആണവ സമ്പുഷ്ടീകരണ കേന്ദ്രം, ബാലിസ്‌റ്റിക്‌ മിസൈൽ ഫാക്ടറികൾ, ഉന്നത ആണവശാസ്‌ത്രജ്ഞരുടെയും സൈനിക നേതാക്കളുടെയും വസതികൾ എന്നിവിടങ്ങളിലാണ്‌ രാത്രിയുടെ മറവിൽ ആക്രമണം ഇസ്രയേൽ നടത്തിയത്‌. പ്രതികരണമായി ഇറാൻ ഡ്രോൺ ആക്രമണം നടത്തിയെങ്കിലും മിക്കവയും വെടിവച്ചിട്ടു. ഇറാൻ ബാലിസ്‌റ്റിക്‌ മിസൈലുകൾ പ്രയോഗിച്ചാൽ കൂടുതൽ ആക്രമണം ഉണ്ടാകുമെന്നാണ്‌ ഇസ്രയേൽ പ്രധാനമന്ത്രി ബന്യാമിൻ നെതന്യാഹൂവിന്റെ ഭീഷണി. പശ്‌ചിമേഷ്യ നീണ്ടുനിൽക്കുന്ന സംഘർഷത്തിലേയ്‌ക്കും ആക്രമണപ്രത്യാക്രമണങ്ങളിലേയ്‌ക്കും എത്താനുള്ള സാധ്യതയിലേയ്‌ക്കാണ്‌ ഇത്‌ വിരൽചൂണ്ടുന്നത്‌.


ഇറാൻ അണുബോംബ്‌ നിർമിക്കാൻ രഹസ്യശ്രമം നടത്തുന്നുവെന്നാണ്‌ ഇസ്രയേലിന്റെ ആരോപണം. എന്നാൽ ഇറാന്റെ കൈവശം സമ്പുഷ്ട യുറേനിയമുണ്ടെങ്കിലും അവർ അണുബോംബ്‌ നിർമാണത്തിലേയ്‌ക്ക്‌ നീങ്ങിയിട്ടില്ലെന്നാണ്‌ അന്താരാഷ്‌ട്ര ആണവോർജ്ജ ഏജൻസിയുടെ റിപ്പോർട്ട്‌. 2015ലെ ബഹുമുഖ കരാറിന്റെ അടിസ്ഥാനത്തിൽ തങ്ങൾക്കെതിരായ ഉപരോധങ്ങൾ നീക്കിയാൽ ആണവോർജ്ജ പദ്ധതിയിൽനിന്ന്‌ പിന്മാറാമെന്ന്‌ ഇറാൻ സമ്മതിച്ചിരുന്നു. എന്നാൽ ട്രംപ്‌ 2015ലെ കരാർ അട്ടിമറിച്ചു.


രണ്ടാം വട്ടമെത്തിയ ട്രംപ്‌ ചർച്ചയ്‌ക്ക്‌ തയ്യാറായപ്പോൾ ഇറാൻ വഴങ്ങുകയും ചെയ്‌തു. എന്നാൽ പകരമായി അവർക്ക്‌ കിട്ടിയത്‌ ആണവകേന്ദ്രങ്ങളിൽ ആക്രമണമാണ്‌. അമേരിക്കയുടെ രാഷ്‌ട്രീയ, സൈനിക, നയതന്ത്ര പിന്തുണ ഉറപ്പുള്ളതുകൊണ്ടാണ്‌ ഇസ്രയേൽ ഇതിന്‌ തുനിഞ്ഞത്‌. 54,000 പലസ്‌തീൻകാരെ വംശഹത്യ ചെയ്‌തുവെന്ന ആരോപണം നേരിടുകയാണ്‌ ഇസ്രയേൽ. ഹിസ്‌ബൊള്ളയുമായി വെടിനിർത്തൽ നിലവിലുള്ളപ്പോഴും അവർ ലബനനിൽ ആക്രമണങ്ങൾ നടത്തുന്നു.


സിറിയൻ മേഖലകളിലും ആക്രമണങ്ങൾ തുടരുകയാണ്‌. പശ്‌ചിമേഷ്യയെ കടുത്ത സുരക്ഷാപ്രശ്‌നത്തിലേയ്‌ക്ക്‌ നയിക്കുകയാണ്‌ ഇസ്രയേൽ. ജൂതമതരാഷ്‌ട്രത്തെ നിലയ്‌ക്കുനിർത്താനും മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാനും ഏകോപിതമായ അന്താരാഷ്‌ട്ര നീക്കങ്ങൾ ഉയർന്നുവരണമെന്ന്‌ ‘ തെമ്മാടി രാഷ്‌ട്രം’ എന്ന തലക്കെട്ടിൽ -‘ദ ഹിന്ദു’ പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിൽ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home