Deshabhimani

കബഡിയിൽ അട്ടപ്പാടിയിലെ പെൺപട

kabadi
വെബ് ഡെസ്ക്

Published on Nov 21, 2026, 10:55 PM | 1 min read

കഴക്കൂട്ടം : കളിക്കളം കായികമേള കബഡി മത്സരത്തിൽ കരുത്തും കൂട്ടായ്‌മയും കൈമുതലാക്കി സ്വർണം പോക്കറ്റിലാക്കി അട്ടപ്പാടിയിലെ പെൺപട. അട്ടപ്പാടി ജിഎംആർഎസാണ് മികച്ച പ്രകടനത്തോടെ കിരീടം നേടിയത്. പരിശീലന സൗകര്യങ്ങളുടെ അഭാവത്തിൽ കഴിഞ്ഞവർഷം പരാജയം ഏറ്റുവാങ്ങി മടങ്ങിയ ടീം, ഇത്തവണ ചിട്ടയായ പരിശീലനത്തിലൂടെ വിജയം നേടുകയായിരുന്നു.


ആദ്യഘട്ട മത്സരങ്ങളിൽ കാസർകോട്, കട്ടേല, ഏറ്റുമാനൂർ എംആർഎസ് ടീമുകളെ പരാജയപ്പെടുത്തിയ സംഘം ഫൈനലിൽ ചാലക്കുടി എംആർഎസിനെയാണ്‌ കീഴടക്കിയത്‌. തുടക്കംമുതൽ അവസാനംവരെ 10 പോയിന്റിന്റെ ലീഡ് നിലനിർത്തിയാണ് ടീം ആധികാരിക വിജയം നേടിയത്‌.


പ്ലസ് വൺ വിദ്യാർഥിനി അഞ്ജനദേവിയുടെ നേതൃത്വത്തിലാണ് ഇത്തവണ ടീം കളത്തിലിറങ്ങിയത്. വിവിധ ഊരുകളിൽനിന്ന്‌ നിരവധി പ്രതിസന്ധികൾ മറികടന്നാണ് പെൺകുട്ടികൾ കായികമേളയുടെ വേദിയിലെത്തിയത്. മഴക്കാലത്ത് കൃത്യമായ പരിശീലനം നടത്താൻ കഴിയാത്തതും പരിശീലനത്തിന് അനുയോജ്യമായ ഗ്രൗണ്ടുകളുടെ അഭാവവും പ്രധാന വെല്ലുവിളികളായിരുന്നു. എസ് അശ്വതി, ജി ശിവരഞ്ജിനി, എസ് സദ, അനാമിക പ്രകാശ്, എം മീന, കെ അഞ്ജലി, എം അശ്വതി, എം അർച്ചന എന്നിവരാണ്‌ മറ്റ്‌ ടീം അംഗങ്ങൾ. പരിമിതമായ സൗകര്യങ്ങൾക്കിടയിലും 18 ദിവസത്തെ ചിട്ടയായ പരിശീലനവും മികച്ച ഒത്തിണക്കവുമാണ്‌ വിജയത്തിലേക്ക്‌ നയിച്ചതെന്ന്‌ പരിശീലകരായ അൻഷാദും കതിർവേലും പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home