ad
Deshabhimani

സംഘത്തിലെ ആദ്യത്തെ കുങ്കിയാന ഞായറാഴ്ച അതിരപ്പിള്ളിയിലെത്തും

athirapilly elephant
വെബ് ഡെസ്ക്

Published on Feb 15, 2025, 09:10 PM | 1 min read

ചാലക്കുടി : മസ്തകത്തിൽ മുറിവേറ്റ ആനയെ പിടികൂടി ചികിത്സാ കേന്ദ്രത്തിലെത്തിക്കുന്ന ദൗത്യത്തിനുള്ള കുങ്കിയാന സംഘത്തിലെ ആദ്യത്തെ കുങ്കിയാന ഞായറാഴ്ച അതിരപ്പിള്ളിയിലെത്തും. ഞായർ പുലർച്ചെയോടെ കുങ്കിയാനയെ ലോറിയിൽ എത്തിക്കാനാണ് പദ്ധതി. ബാക്കിയുള്ളവയെ തിങ്കളാഴ്ച കൊണ്ടുവരും. മസ്തകത്തിൽ പരിക്കേറ്റ ആനക്ക് മയക്കുവെടി നൽകി കോടനാട് ആനക്കൂട്ടിലെത്തിച്ച് പരിചരണം നൽകാനാണ് ലക്ഷ്യമിടുന്നത്. മയക്കുവെടി നൽകി കുങ്കിയാനകളുടെ സഹായത്തോടെ കോടനാട്ടുള്ള ആനക്കൂട്ടിലെത്തിക്കും. തുടർന്ന് മുറിവുണങ്ങുന്നതു വരെ ചികിത്സ നല്കും.


ജനുവരി 24ന് ആനക്ക് മയക്കുവെടി വച്ച് ചികിത്സ നല്കിയിരുന്നു. എന്നാൽ മുറിവുണങ്ങാതെ വന്നതോടെയാണ് വീണ്ടും ചികിത്സ നല്കാനൊരുങ്ങുന്നത്. രണ്ടാം തവണ മയക്കുവെടി നൽകുന്നത് വെല്ലുവിളിയാണെന്നാണ് ഡോക്ടർമാരുടെ വിലയിരുത്തൽ. മുറിവുണങ്ങാത്തതും ചികിത്സ നല്കാൻ മറ്റു മാർഗങ്ങളില്ലാത്തതിനാലുമാണ് വീണ്ടും മയക്കുവെടി നല്കാനൊരുങ്ങുന്നത്. ആന ഭക്ഷണവും വെള്ളവും എടുക്കുന്നുണ്ട്. എന്നാൽ ക്ഷീണിതനുമാണ്. ഈ സാഹചര്യത്തിലാണ് ആനയെ പിടികൂടി തുടർചികിത്സ നൽകാമെന്ന തീരുമാനത്തിലെത്തിയത്. ചികിത്സയുടെ ചുമതല വഹിക്കുന്ന ഡോ.അരുൺ സക്കറിയ, വാഴച്ചാൽ ഡിഎഫ്ഒ ആർ ലക്ഷ്മി എന്നിവരടങ്ങിയ സംഘം കോടനാടെത്തി ആനക്കൂട് പരിശോധിച്ചു. കൂടിന് ബലക്കുറവുള്ളതായി പരിശോധനയിൽ ബോധ്യപ്പെട്ടു. ആനക്കൂടിന്റെ തകരാർ പരിഹരിക്കുന്ന പ്രവൃത്തികളും ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ദേവികുളം റേഞ്ചിൽനിന്നും യൂക്കാലി മരങ്ങൾ മാർക്ക് ചെയ്ത് വെട്ടിത്തുടങ്ങി. മുറിച്ച മരങ്ങൾ ഞായറാഴ്ച അതിരപ്പിള്ളിയിലെത്തിക്കും. വയനാട്ടിൽ നിന്നുള്ള ആർആർടി സംഘവും കൂട് പണിയുന്ന സംഘവും ഞായറാഴ്ചയെത്തും. കൂടിന്റെ ബലം ഉറപ്പാക്കി കഴിഞ്ഞാൽ ഉടൻ മയക്കുവെടി നൽകി ആനക്കൂട്ടിലെത്തിക്കാനാണ് പദ്ധതി. നിലവിൽ മസ്തകത്തിൽ മുറിവേറ്റ ആന ഏഴാറ്റുമുഖം വനമേഖലയിലാണുള്ളത്. കൊമ്പൻമാർ തമ്മിൽ കൊമ്പുകോർത്തപ്പോഴാണ് മസ്തകത്തിൽ മുറിവേറ്റതെന്ന് നേരത്തേ കണ്ടെത്തിയിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home