പുതുപ്രതീക്ഷ... മുണ്ടക്കൈ ടൗൺഷിപ്പിൽ ആദ്യ കുടുംബത്തിന്റെ ഗൃഹപ്രവേശം

ടൗൺഷിപ്പിലെ വീട്ടിൽ വിജയനും കുടുംബവും പാലുകാച്ചുന്നു. photo: ബിനുരാജ്
കൽപ്പറ്റ: മുണ്ടക്കൈ, ചൂരൽമല ഉരുൾ അതിജീവിതർക്കായി എൽഡിഎഫ് സർക്കാർ കൽപ്പറ്റയിൽ ഒരുക്കിയ ടൗൺഷിപ്പിൽ ആദ്യ ഗൃഹപ്രവേശനം. ചൂരൽമല സ്‌കൂൾ റോഡിൽ താമസിച്ചിരുന്ന കെ വിജയനും കുടുംബവുമാണ് മുണ്ടക്കൈ ടൗൺഷിപ്പിലെ വീട്ടിൽ പാലുകാച്ചിയത്. പകൽ 10.30നായിരുന്നു പാലുകാച്ചൽ ചടങ്ങ്. കുടുംബാംഗങ്ങളും നാട്ടുകാരും ജനപ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു.
‘വീട്ടിലേക്ക് കയറാനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായി, കണ്ണിലെ കൃഷ്‌ണമണിപോലെ സർക്കാർ ഞങ്ങളെ ഇത്രനാൾ കാത്തു. കൽപ്പറ്റ നഗരഹൃദയത്തിലെ സ്വന്തം വീട്ടിലിനി സ്വസ്ഥമായി കിടന്നുറങ്ങാം’- വിജയൻ പറയുന്നു. മുന്നൂറോളംപേരെ ക്ഷണിച്ചാണ് പാലുകാച്ചൽ.
അഞ്ച് സോണിലായി 410 വീടാണ് ടൗൺഷിപ്പിൽ ഉയരുന്നത്. കഴിഞ്ഞ അഞ്ചിനാണ് കുടുംബത്തിന് ഒന്നാംസോണിലെ ‘ഡി’ ക്ലസ്റ്ററിൽ 38–ാം വീട് കൈമാറിയത്. വീട് കൈപ്പറ്റുന്നതായി മഹസറിൽ ഒപ്പുവച്ച് വെള്ളിയാഴ്‌ചയാണ് ജില്ലാ ഭരണസംവിധാനത്തിൽനിന്ന് ഒൗദ്യോഗികമായി ഏറ്റുവാങ്ങിയത്. സർക്കാർ നൽകുന്ന ഒരുലക്ഷം രൂപയ്‌ക്കുള്ള ഗൃഹോപകരണങ്ങളെല്ലാം ശനിയാഴ്‌ചയോടെ വീട്ടിലെത്തിച്ചു.
വിജയന്റെ ഭാര്യ ലാലു, മകൻ കെ വി സ്‌മിജിത്ത്, മരുമകൾ സജിത, പേരക്കുട്ടികളായ ദ്രുപത്, ദ്രുവൽജിത്ത്, ദ്രുവദത്ത് എന്നിവരാണ് വീട്ടുകാർ. ചൂരൽമലയിലെ വീടിനേക്കാൾ സൗകര്യങ്ങളുള്ള മനോഹര ഭവനമാണ് സമ്മാനിച്ചതെന്നും കുടുംബാംഗങ്ങൾ പറഞ്ഞു. ഒന്നാംഘട്ട ഉദ്‌ഘാടനത്തിൽ പട്ടയവു-ം ഉടമസ്ഥാവകാശവും നൽകിയ 178–ാമത്തെ വീടും ഗുണമേന്മ പരിശോധന പൂർത്തിയാക്കി തിങ്കളാഴ്‌ച ഗുണഭോക്താക്കൾക്ക് കൈമാറും.










0 comments