ad
Deshabhimani

ഇന്ന്‌ പരിസ്ഥിതിദിനം

print edition വായിച്ചിട്ടും വായിച്ചിട്ടും തീരാത്ത പ്രകൃതി വിശേഷം

s sivaprasad book.jpg
avatar
സയൻസൺ

Published on Jun 05, 2026, 02:00 AM | 1 min read

മലപ്പുറം: വായിച്ചാലും വായിച്ചാലും മതിവരാത്ത വിസ്മയങ്ങളുടെ കലവറയായ ഇ‍ൗ പുസ്തകം പരിസ്ഥിതിയെ സ്‌നേഹിക്കാൻ നമ്മെ പഠിപ്പിക്കാൻ തുടങ്ങിയിട്ട്‌ നാല്‌ പതിറ്റാണ്ട്‌. പരിസ്ഥിതി സംരക്ഷണത്തിന്‌ അത്ര പ്രാധാന്യമൊന്നുമില്ലാതിരുന്ന കാലത്ത്‌ വായനയിലൂടെ മണ്ണിനെയും മനുഷ്യനെയും ജീവജാലങ്ങളെയും സ്‌നേഹിക്കാനും പരിഗണിക്കാനും പഠിപ്പിക്കുന്നതായിരുന്നു വായിച്ചാലും വായിച്ചാലും തീരാത്ത പുസ്തകം. മില്ലിനേഴ്‌സ്‌, ജെൻസി, ആൽഫാ തലമുറകളെയെല്ലാം രസിപ്പിച്ച പുസ്തകമാണിത്‌. ലളിതമായ ഭാഷയിൽ പ്രപഞ്ച വിശേഷങ്ങൾ അവതരിപ്പിച്ചപ്പോൾ പുസ്തകത്തെ കുട്ടികൾ ഏറ്റെടുത്തു.


23 പതിപ്പുകളിലായി രണ്ടുലക്ഷത്തിലധികം കോപ്പികൾ വിറ്റഴിഞ്ഞ ഈ പുസ്തകം പത്തുലക്ഷത്തിലധികം കുട്ടികളിൽ പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെ സന്ദേശം എത്തിച്ചു. ഒറ്റയിരിപ്പിൽ വായിച്ചുതീർക്കാവുന്ന ഒരു ചെറിയ പുസ്തകമാണിത്‌. എന്നാൽ പഠിച്ചാലും പഠിച്ചാലും തീരാത്ത പ്രപഞ്ചവിശേഷങ്ങളിലേക്ക് കുട്ടികളെ ആകർഷിക്കുന്നതായതിലാണ്‌ വായിച്ചാലും വായിച്ചാലും തീരാത്ത പുസ്തകമെന്ന്‌ ഇതിന്‌ പേരിട്ടത്‌. അധ്യായങ്ങളുടെ പേരുകൾതന്നെ വിദ്യാർഥികളെ ആകർഷിക്കുന്നതരത്തിലാണ്‌. ഒരു കഴുതക്കഥ, ടുട്ട്രൂ ടുട്ട്രൂ ട്ട്രൂ ട്ട്രൂ, ഞാൻ കണ്ട നാടകം, ജയനെ പാമ്പുകടിച്ചു, നീർക്കോലിപിടിത്തം, മാൻ-സിംഹക്കളി, സർപ്പക്കാവിലെ രഹസ്യങ്ങൾ, പാമ്പുകളി, വാലുമാക്രി വളർത്തൽ, മിമിക്രിമത്സരം - ഇങ്ങനെയൊക്കെയാണ് ഉള്ളടക്കം.

മണ്ടനായ ഒരു കഴുതക്കാരന്റെ കഴുതയെ കാണാതെ പോകുന്നതും വ്യാപാരി താൻ കണ്ടിട്ടേയില്ലാത്ത കഴുതയുടെ ലക്ഷണങ്ങൾ പറഞ്ഞു വെട്ടിലാകുന്നതുമാണ് ആദ്യകഥ. ബാലവേദിയിലെ കൂട്ടുകാർക്ക്‌ കഥ പറഞ്ഞുകൊടുക്കുന്ന തരത്തിലാണ്‌ അവതരണം. സൂസിക്കുട്ടി, അപ്പുക്കുട്ടൻ, കൊച്ചുമുഹമ്മദ്‌, കൊച്ചുറാണി, തോമസ്‌, ലില്ലിക്കുട്ടി, ജയൻ ലീല, ദീപു തുടങ്ങിയ കുട്ടികളുടെ ചോദ്യങ്ങളും അന്വേഷണങ്ങളും കണ്ടെത്തലുകളുമായി പുസ്തകത്തിലെ അറിവുകൾ വികസിക്കുന്നു. കേരളത്തിൽ ഏറ്റവുമധികം തലമുറകൾ വായിച്ച പുസ്തകം ഇതായിരിക്കും. 1985-ലാണ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പുസ്തകം പ്രസിദ്ധീകരിക്കുന്നത്‌. 1986മുതൽ -ഇതുവരെ 23 പതിപ്പുകൾ ഇറങ്ങി. ഇതുവരെ രണ്ടുലക്ഷം കോപ്പികൾ വിൽപ്പന നടത്തി. ശാസ്ത്രപ്രചാരകനും വിദ്യാഭ്യാസപ്രവർത്തകനും യുറീക്കാമാമനുമായിരുന്ന പ്രൊഫ. എസ് ശിവദാസാണ് പുസ്തകം എഴുതിയത്. 180 രൂപയാണ്‌ വില.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home