എം ലീലാവതിക്കെതിരായ സൈബർ ആക്രമണം അപലപനീയം: പി സതീദേവി

കൊച്ചി: ഡോ. എം ലീലാവതിക്കെതിരായ സൈബർ ആക്രമണങ്ങൾക്കെതിരെ കേരളസമൂഹം പ്രതികരിക്കണമെന്ന് സംസ്ഥാന വനിതാ കമീഷൻ അധ്യക്ഷ അഡ്വ. പി സതീദേവി. കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ. കേരളം ആദരിക്കുന്ന ഡോ. എം ലീലാവതിയെ അധിക്ഷേപിക്കുന്നത് വേദനാജനകമാണ്. പ്രായംപോലും കണക്കിലെടുക്കാതെയാണ് ആക്രമണമെന്നും സതീദേവി പറഞ്ഞു.
ചാനലുകളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും സ്ത്രീകളെ അധിക്ഷേപങ്ങൾക്ക് ഇരയാക്കുന്നത് വർധിക്കുകയാണ്. ഇത്തരത്തിൽ അധിക്ഷേപിക്കപ്പെട്ട നടി പൊലീസിന് പരാതി നൽകിയത് മറ്റുള്ളവർക്ക് പ്രചോദനമാണ്. ഈ പരാതിയിൽ നടപടി സ്വീകരിച്ചുവരികയാണ്. പൊലീസ് റിപ്പോർട്ടും കമീഷന് ലഭിച്ചിട്ടുണ്ട്.
സ്ത്രീകൾക്കെതിരെയുള്ള അധിക്ഷേപങ്ങൾ പലരൂപത്തിൽ ഉണ്ടാകുന്ന സാഹചര്യത്തിൽ വനിതാ കമീഷന്റെ മീഡിയ മോണിറ്ററിങ് സെൽ പ്രവർത്തനം ശക്തമാക്കും. തൊഴിലിടങ്ങളിൽ സ്ത്രീകളുടെ സുരക്ഷയ്‌ക്കായി പോഷ് ആക്ട് പ്രശ്‌നപരിഹാര സംവിധാനം (ഇന്റേണൽ കമ്മിറ്റി) നിലവിലുണ്ട്. പല സ്ഥാപനങ്ങളിലും ഇത്തരം ഇന്റേണൽ കമ്മിറ്റികളുടെ ഘടന, നിയമം അനുശാസിക്കുന്ന രീതിയിലല്ല. ഇതുസംബന്ധിച്ച് പരാതികൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ബാങ്കിങ് സ്ഥാപനങ്ങളിലും പരിശോധന ശക്തമാക്കിയിട്ടുണ്ടെന്നും സതീദേവി പറഞ്ഞു.








0 comments