print edition സർക്കാരിന്റെ കൂറ് ഭരണഘടനയോടോ ആർഎസ്എസിനോടോ; മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം

പിണറായി വിജയൻ
തിരുവനന്തപുരം: രാഷ്‌ട്രപിതാവ് മഹാത്മാഗാന്ധിയുടെ പേരിലുള്ള എംജി സർവകലാശാലയെ കാവിപുതപ്പിക്കാനുള്ള സംഘപരിവാർ ശ്രമങ്ങൾക്കെതിരെ മതനിരപേക്ഷ ജനാധിപത്യ വിശ്വാസികൾ രംഗത്തുവരണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. യുഡിഎഫ് സർക്കാർ അധികാരത്തിൽവന്നതോടെ ചാൻസലർകൂടിയായ ഗവർണറുടെ ഓഫീസിൽനിന്ന് പിൻസീറ്റ് ഡ്രൈവിങ്ങിന് ശ്രമം നടക്കുന്നു. ഇതിനെതിരെ ഒരക്ഷരം ഉരിയാടാൻ കഴിവില്ലാത്തവരായി ഭരണനേതൃത്വം മാറി. സംഘപരിവാർ അജൻഡയ്‌ക്ക് കീഴ്പ്പെട്ട യുഡിഎഫ് സർക്കാരിന്റെ മൗനം മതനിരപേക്ഷ കേരളത്തോടുള്ള വഞ്ചനയാണ്.
ലോക്‌ഭവനെ മുൻനിർത്തി സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസമേഖലയെ കാവിവൽക്കരിക്കാൻ ശ്രമിച്ചപ്പോൾ കഴിഞ്ഞ 10വർഷവും എൽഡിഎഫ് സർക്കാർ ശക്തമായി പ്രതിരോധിച്ചു. അത്തരം നീക്കങ്ങളെ രാഷ്ട്രീയമായും നിയമപരമായും എതിർത്തു. എന്നാൽ, ഗവർണറുമായി ഏറ്റുമുട്ടലിനില്ലെന്നാണ് യുഡിഎഫ് സർക്കാരിലെ ഉന്നത വിദ്യാഭ്യാസമന്ത്രി ആവർത്തിക്കുന്നത്. മതനിരപേക്ഷ വിശ്വാസികളിൽ ആശങ്കയുണർത്തുന്ന നിലപാടാണിത്.
എംജിയിൽ താൽക്കാലിക വൈസ് ചാൻസലർ നിയമനത്തിന് യുഡിഎഫ് സർക്കാർ പാനൽ നൽകാത്തതിനാൽ, കോടതിയെ സമീപിച്ച് വിസി നിയമനം റദ്ദാക്കാനുള്ള സാധ്യതയും അടഞ്ഞു. സെനറ്റിൽ നിയമവും മാനദണ്ഡങ്ങളും കാറ്റിൽപ്പറത്തി സംഘപരിവാർ നോമിനികളെ തിരുകിക്കയറ്റി. ആകെയുള്ള 30 അംഗങ്ങളിൽ 19പേരും ആർഎസ്എസ് അനുകൂലികളാണ്. സംഘപരിവാർ കേന്ദ്രങ്ങൾ എംജി സർവകലാശാല പിടിച്ചടക്കാൻ ചരടുവലിക്കുമ്പോൾ സംസ്ഥാന സർക്കാരും ഉന്നതവിദ്യാഭ്യാസ വകുപ്പും നോക്കുകുത്തികളാകുകയാണ്. ഒരു വിയോജനക്കുറിപ്പുപോലും ഭരണനേതൃത്വം നൽകിയിട്ടില്ല. താൽക്കാലിക വിസി നിയമനമുൾപ്പെടെ സർക്കാർ പാനലിൽനിന്നാകണമെന്ന കോടതിവിധി നിലനിൽക്കെ ഗവർണർക്ക് ഒത്താശചെയ്യുന്ന നിലപാട് കീഴടങ്ങലിന്റേതാണ്. യുഡിഎഫ് സർക്കാരിന്റെ കൂറ് ഭരണഘടനയോടോ ആർഎസ്എസിനോടോ എന്ന് മുഖ്യമന്ത്രി വ്യക്തമാ ക്കണം.
മുൻ ഗവർണർ ആരിഫ് മൊഹമ്മദ് ഖാന് ഉന്നതവിദ്യാഭ്യാസ രംഗത്ത് ആർഎസ്എസ് അജൻഡ നടപ്പാക്കാൻ നിയമോപദേശം നൽകിയ ആളാണ് സർക്കാരിന്റെ അഡ്വക്കറ്റ് ജനറൽ. അതിനാൽ സർവകലാശാലകളിലെ കാവിവൽക്കരണത്തിനെതിരെയുള്ള നിയമപോരാട്ടത്തിൽ യുഡിഎഫിൽ പ്രതീക്ഷയർപ്പിക്കുന്നതിൽ അർഥമില്ലെന്നും അദ്ദേഹം ഫെയ്‌സ്‌ബുക്ക് കുറിപ്പിൽ പറഞ്ഞു.










0 comments