print edition കേന്ദ്രം കത്തയക്കും; എസ്‌എസ്‌കെ നടപ്പാക്കും


ബിജോ ടോമി
Published on Oct 03, 2026, 01:31 AM | 1 min read
തിരുവനന്തപുരം : കേന്ദ്ര നിർദേശം അപ്പാടെ സംസ്ഥാനത്തെ സ്‌കൂളുകളിൽ അടിച്ചേൽപ്പിക്കുന്ന സംവിധാനമായി സമഗ്ര ശിക്ഷ കേരളം (എസ്എസ്‌കെ) മാറുന്നെന്ന് വിമർശം. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഘടനയും മുൻഗണനകളും അവഗണിച്ചാണ് കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് വിവിധ പോർട്ടലുകളിലേക്ക് വിവരം ശേഖരിക്കുന്നതും പദ്ധതി നടപ്പാക്കുന്നതും.
സ്‌കൂളുകളിൽനിന്ന് നേരിട്ട് വിവരം ശേഖരിക്കാനും പദ്ധതി നടപ്പാക്കാനും എസ്എസ്‌കെയ്‌ക്ക് അധികാരമില്ല. പൊതുവിദ്യാഭ്യാസ ഡയറക്‌ടറുടെ അനുമതിയോടെയാണ് ഇത്തരം പ്രവർത്തനങ്ങൾ നടത്തുക. എന്നാൽ, ഇപ്പോൾ എസ്‌എസ്‌കെ ഡയറക്‌ടറാണ് നേരിട്ട് നിർദേശം നൽകുന്നത്. വിദ്യാർഥികളുടെയും സ്‌കൂളുകളുടെയും വിവരശേഖരണവും വിവിധ കേന്ദ്ര പദ്ധതികളുടെ ഭാഗമായി നടപ്പാക്കുകയാണ്.
സംസ്ഥാനത്ത് പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ്, വിദ്യാഭ്യാസ സെക്രട്ടറി, മന്ത്രി എന്നിവരടങ്ങുന്ന വ്യക്തമായ ഭരണസംവിധാനമുണ്ട്. എന്നാൽ, യുഡിഎഫ് സർക്കാർ അധികാരത്തിൽ എത്തിയശേഷം കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കത്തുകളും നിർദേശങ്ങളും വിദ്യാഭ്യാസ വകുപ്പ് വേണ്ടവിധം പരിശോധിക്കുകയോ അക്കാദമിക് മുൻഗണനപ്രകാരം ക്രമീകരിക്കുകയോ ചെയ്യാതെ, നേരിട്ട് സ്കൂളുകളിലേക്ക് നൽകുകയാണ്. എസ്‌എസ്‌കെ ജില്ലാ കോ ഓർഡിനേറ്റർമാരും ബിആർസികളും വഴി നടപ്പാക്കേണ്ട പ്രവർത്തനങ്ങൾപോലും അധ്യാപകരുടെ ചുമലിലിടുന്നതായും പരാതിയുണ്ട്.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിൽനിന്ന് ലഭിക്കുന്ന നിർദേശങ്ങൾ പരിശോധിച്ച് ആവശ്യമായവ മാത്രം നടപ്പാക്കുകയും അല്ലാത്തവ കേരളത്തിലെ സാഹചര്യത്തിൽ ആവശ്യമില്ല എന്ന് കേന്ദ്രത്തെ അറിയിക്കുകയും ആണ് ചെയ്‌തിരുന്നത്. കേന്ദ്രത്തിൽനിന്നോ മറ്റ് ഏജൻസികളിൽനിന്നോ വരുന്ന അറിയിപ്പുകൾ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അനുമതിയില്ലാതെ സ്കൂളുകളിലേക്ക് നേരിട്ട് നൽകരുതെന്ന് പ്രധാന അധ്യാപകർ ആവശ്യപ്പെടുന്നു.









0 comments