അതിവേഗ റെയിലും തഴഞ്ഞ് കേന്ദ്രസർക്കാർ

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: അതിവേഗ റെയിൽ ഇടനാഴികൾ രാജ്യത്തെ മറ്റ് പല സംസ്ഥാനങ്ങൾക്കും പ്രഖ്യാപിച്ചപ്പോഴും കേരളത്തെ തഴഞ്ഞ് കേന്ദ്രം. ഏഴ് റെയിൽ ഇടനാഴികളാണ് ധനമന്ത്രി നിർമല സീതാരാമൻ തമിഴ്‌നാട്, മഹാരാഷ്‌ട്ര, തെലങ്കാന, ഡൽഹി, ഉത്തർപ്രദേശ് സംസ്ഥാനങ്ങൾക്കായി നൽകിയത്. കേരളത്തിലോടുന്ന വന്ദേഭാരത് എക്‌സ്‌പ്രസുകൾക്കാണ് രാജ്യത്ത് ഏറ്റവും കൂടുതൽ യാത്രക്കാരുള്ളത്. രണ്ടുവരി പാതയായതിനാൽ കൂടുതൽ ട്രെയിനുകൾ ഓടിക്കാനാകാത്ത സ്ഥിതിയുണ്ട്. ആലപ്പുഴവഴി പാത ഇരട്ടിപ്പിക്കൽ പൂർത്തിയായതുമില്ല.
അതിവേഗ, അർധ അതിവേഗ പാതകൾക്കായി ആറുവർഷത്തിലധികമായി കേരളം ശ്രമിച്ചുവരികയാണ്. 2019 ഒക്‌ടോബറിലാണ് സാധ്യതാപഠനം നടത്തി കേരളം റിപ്പോർട്ട് അയച്ചത്. നിക്ഷേപത്തിനുമുന്പുള്ള പ്രവർത്തനങ്ങൾക്ക് ഡിസംബർ 17ന് റെയിൽവേ മന്ത്രാലയം തത്വത്തിൽ അനുമതി നൽകി. 2020നും 2023നും ഇടയിൽ നിരവധിതവണ പ്രധാനമന്ത്രിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കാര്യം ചർച്ചചെയ്‌തു.
2020 ജൂണിൽ ഡിപിആർ മന്ത്രിസഭായോഗം അംഗീകരിച്ച് കേന്ദ്രത്തിന് അയച്ചു. സെപ്‌തംബറിൽ ദക്ഷിണറെയിൽവേ അഭിപ്രായങ്ങൾ റെയിൽവേ ബോർഡിന് നൽകി. 2021 ഡിസംബറിൽ സംസ്ഥാന ചീഫ്‌സെക്രട്ടറിയും ബോർഡ് ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തിൽ സംശയങ്ങൾ ഉന്നയിക്കുകയും പരിഹരിക്കുകയും ചെയ്‌തു. 2022ൽ റെയിൽവേയുടെ ആവശ്യപ്രകാരം സംയുക്ത പരിശോധന നടത്തി സാങ്കേതിക വിശദാംശങ്ങൾ സമർപ്പിച്ചു. 2023 ജൂലൈയിൽ, കേരളം എല്ലാ വിശദീകരണവും നൽകിയെന്നും ദക്ഷിണ റെയിൽവേയുടെ സൂക്ഷ്‌മ പരിശോധന നടക്കുകയാണെന്നും റെയിൽമന്ത്രി അശ്വിനി വൈഷ്‌ണവ് പാർലമെന്റിൽ പറഞ്ഞു. പരിശോധന പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാൻ ദക്ഷിണറെയിൽവേയ്‌ക്ക് ബോർഡ് നിർദേശം നൽകി.
2024 ജനുവരിയിൽ ദക്ഷിണറെയിൽവേയോട് വീണ്ടും അഭിപ്രായംതേടി. എന്നാൽ ഇതുവരെ ഡിപിആറിന് അംഗീകാരം നൽകിയില്ല. ഇതിനിടെ ഇ ശ്രീധരൻ തിരുവനന്തപുരം–കണ്ണൂർ അതിവേഗ ഇടനാഴി പദ്ധതിയുമായി സംസ്ഥാന സർക്കാരിനെ ബന്ധപ്പെടുകയും അതിന് പിന്തുണ നൽകുകയും ചെയ്‌തിട്ടുണ്ട്.










0 comments