Deshabhimani

വിദ്യാർഥികളെ തല്ലിച്ചതച്ചത് ന്യായീകരിക്കാനാകില്ല; അടിയന്തിര നടപടി ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രിക്ക് കത്ത് നല്‍കി പിണറായി വിജയന്‍

pinarayi.png
വെബ് ഡെസ്ക്

Published on Oct 04, 2026, 02:54 PM | 2 min read

തിരുവനന്തപുരം : തിരുവനന്തപുരം യൂണിവേഴ്സിറ്റി ഹോസ്റ്റലിലെ യൂത്ത് കോൺഗ്രസ് - പൊലീസ് അതിക്രമത്തിൽ അടിയന്തര നടപടി ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തലയ്ക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.


ആസൂത്രിതവും ഏകപക്ഷീയവുമായ അക്രമസംഭവങ്ങളാണ് യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ നടന്നതെന്നും ബോധപൂർവ്വം സംഘർഷം സൃഷ്ടിക്കുകയെന്നതായിരുന്നു യൂത്ത് കോൺഗ്രസിന്റെ ഉദ്ദേശമെന്നും കത്തിൽ പിണറായി വിജയൻ ചൂണ്ടിക്കാട്ടി. ഹോസ്റ്റൽ പരിസരത്ത് നിന്ന് മാർച്ച് ആരംഭിക്കാൻ പൊലീസിന് അനുമതി നൽകിയിരുന്നോ എന്ന കാര്യം അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


'സാധാരണയായി സമര പരിപാടികൾ ആരംഭിക്കാറുള്ള രക്തസാക്ഷി മണ്ഡപമോ ആശാൻ സ്ക്വയറോ ഒഴിവാക്കി, യൂണിവേഴ്സിറ്റി ഹോസ്റ്റൽ പരിസരത്തുനിന്നും മാർച്ച് ആരംഭിക്കാനുള്ള യൂത്ത് കോൺഗ്രസ് തീരുമാനം തികച്ചും ദുരൂഹമാണ്. സെപ്റ്റംബർ 30 ന് രാത്രി യാതൊരു പ്രകോപനവുമില്ലാതെയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഹോസ്റ്റലിനു നേരെ തീപ്പന്തങ്ങൾ ഉൾപ്പെടെ വലിച്ചെറിഞ്ഞത്. വൈദ്യുതി തടസപ്പെട്ടപ്പോൾ ചില വിദ്യാർഥികൾ കൂവിയെന്നത് അക്രമത്തിനുള്ള ന്യായീകരണമായി പറയുന്നത് തികച്ചും ബാലിശമാണ്.
അക്രമികളുടെ നടപടിയെത്തുടർന്ന് ഹോസ്റ്റലിലേക്ക് തീപടരുകയും, പിന്നീട് അഗ്നിരക്ഷാ സേനയെത്തി തീയണക്കേണ്ട സാഹചര്യവുമുണ്ടായി. വടിവാൾ, കരിങ്കല്ല്, ഇഷ്ടിക, ബിയർ കുപ്പികൾ തുടങ്ങിയ മാരകായുധങ്ങളുമായി എത്തിയ ഇരുന്നൂറോളം വരുന്ന അക്രമിസംഘം ക്യാമ്പസ് വളയുകയും അവരുടെ ആക്രമണത്തിൽ നിരവധി വിദ്യാർഥികൾക്ക് പരിക്കേൽക്കുകയും ചെയ്തു. പൊലീസ് ഇതെല്ലാം നോക്കി നിൽക്കുകയെന്നല്ലാതെ അക്രമികളെ തടയുന്ന കാര്യത്തിൽ ഗുരുതരമായ കൃത്യവിലോപമാണ് കാട്ടിയത്', പിണറായി വിജയൻ പറഞ്ഞു.


അക്രമികളെ പിന്തിരിപ്പിക്കാൻ യൂത്ത് കോൺഗ്രസ്സ് നേതൃത്വം യാതൊരു ശ്രമവും നടത്തിയിട്ടില്ലെന്നും കത്തിൽ പറഞ്ഞു. ജില്ലാ അധ്യക്ഷൻ തന്നെ ഹോസ്റ്റലിലേക്ക് കല്ലെറിയുന്ന ദൃശ്യം മാധ്യമങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പ്രവർത്തകരെ തടയുന്നതിന് പകരം അവർക്ക് പൂർണ സംരക്ഷണം നൽകുന്ന സമീപനമാണ് പൊലീസ് ചെയ്തതെന്നും പറഞ്ഞു. യാതൊരു പ്രകോപനവുമില്ലാതെയാണ് എസ്എഫ്ഐ പ്രവർത്തകർക്ക് നേരെ ലാത്തിച്ചാർജ് നടത്തിയത്. ഹോസ്റ്റൽ വാർഡന്റെ അനുമതിയില്ലാതെ ഹോസ്റ്റലിനകത്ത് കയറിയത് ഗുരുതരമായ നിയമലംഘനമാണെന്നും കത്തിൽ ചൂണ്ടിക്കാട്ടി.


ഹോസ്റ്റൽ വിദ്യാർഥികളെ തല്ലിച്ചതച്ച പൊലീസിന്റെ നടപടി ഒരിക്കലും ന്യായീകരിക്കാനാവാത്തതാണ്. വിദ്യാർഥികളെ ആക്രമിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെയും അധികാരദുർവിനിയോഗം നടത്തിയ ഉദ്യോ​ഗസ്ഥർക്കെതിരെയും കർശനമായ നിയമനടപടികൾ സ്വീകരിക്കണമെന്നും പിണറായി വിജയൻ കത്തിൽ ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home