രണ്ടുലക്ഷത്തിലേറെ ജനങ്ങൾ ആവേശപൂർവ്വം പങ്കെടുത്ത മേളയായി നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം : സ്പീക്കർ

തിരുവനന്തപുരം: രണ്ടുലക്ഷത്തിലേറെ ജനങ്ങൾ ആവേശപൂർവ്വം പങ്കെടുത്ത മേളയായി നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം മാറിയെന്ന് സ്പീക്കർ എ എൻ ഷംസീർ. പുസ്തക ചർച്ച, ഡയലോഗ്സ്, മീറ്റ് ദ റൈറ്റർ, പാനൽ ചർച്ച, പുസ്തക പ്രകാശനം, സ്റ്റുഡന്റസ് കോർണർ, മാതൃക പാർലമെന്റ് എന്നിങ്ങനെ വിവിധ സെഗ്മെന്റുകളിലായി ആകെ 407 പരിപാടികള്‍ സംഘടിപ്പിച്ചു.
അടുത്ത കാലത്ത് നമ്മെ വിട്ടുപിരിഞ്ഞ മലയാള സിനിമാ രംഗത്തെ അതുല്യ പ്രതിഭകളില്‍ ഒരാളായ ശ്രീനിവാസന്റെ സ്മരണയ്ക്കായി ശ്രീനി കഥപറയുമ്പോള്‍ എന്ന പേരില്‍ ഒരു വേദി പ്രത്യേകം സജ്ജീകരിച്ചിരുന്നു.
ലിറ്റററി ഇവന്റ്സില്‍ ദേശീയ-അന്തര്‍ദേശീയ തലത്തില്‍ പ്രശസ്തരായവര്‍ ഉള്‍പ്പെടെ 173 അതിഥികള്‍ പങ്കെടുക്കുകയും ചെയ്തു. 170 പ്രസാധകര്‍ക്കായി 282 പുസ്തകസ്റ്റാളുകള്‍ ഒരുക്കി. ഇത്തവണ, കാഴ്ചപരിമിതിയുള്ളവര്‍ക്കായുള്ള പ്രത്യേക ഉപകരണങ്ങള്‍ എല്ലാവര്‍ക്കും പരിചയപ്പെടുത്തുന്നതിനായി പ്രത്യേക സ്റ്റാള്‍ അനുവദിച്ചിരുന്നു. 16 ഫുഡ്കോര്‍ട്ടുകളുണ്ടായിരുന്നു.
പൂര്‍ണ്ണമായും ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളും ഡിജിറ്റല്‍ സങ്കേതികവിദ്യകളും മാത്രം പ്രയോജനപ്പെടുത്തിക്കൊണ്ടാണ് ഈ പതിപ്പിന്റെ പ്രചരണ പരിപാടികള്‍ നിര്‍വ്വഹിച്ചത് എന്നൊരു പ്രത്യേകതകൂടി എടുത്തു പറയേണ്ടതുണ്ട്. ഇത്തവണയും പ്രത്യേകമായി ഒരുക്കിയിരുന്ന സ്റ്റുഡന്റ്സ് കോര്‍ണര്‍ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കുകയും ഒട്ടേറെ വിദ്യാര്‍ത്ഥി പ്രതിഭകള്‍ക്ക് അവസരമൊരുക്കുകയും ചെയ്തു. ഭിന്നശേഷിക്കാരായ നിരവധി വിദ്യാര്‍ത്ഥികള്‍ ഈ പുസ്തകോത്സവത്തില്‍ പങ്കാളികളായത് ഏറെ സന്തോഷം നല്‍കുന്നു. സിറ്റി റൈഡ് ഉള്‍പ്പെടെയുള്ള പരിപാടികള്‍ നഗരത്തിലും പുറത്തുമുള്ള ഒട്ടേറ സ്കൂളുകള്‍ പ്രയോജനപ്പെടുത്തുകയുണ്ടായി.
നിയമസഭാ വളപ്പില്‍ പ്രത്യേകം തയ്യാറാക്കിയ തെയ്യത്തറയില്‍ അഞ്ചു ദിവസങ്ങളിലായി ഏഴ് തെയ്യങ്ങള്‍ അവതരിപ്പിച്ചത് ഈ വര്‍ഷത്തെ പുസ്തകോത്സവത്തിന്റെ പ്രത്യേകതയായിരുന്നു. ഉത്തരകേരളത്തില്‍ മാത്രം പരിചിതമായ അനുഷ്ഠാനകലയായ തെയ്യം കാണുന്നതിനും അറിയുന്നതിനും വിദേശികളുള്‍പ്പെടെ ആയിരക്കണക്കിനാളുകള്‍ ഓരോ ദിവസവും എത്തിച്ചേര്‍ന്നു.
പുസ്തകോത്സവത്തിന്റെ നാലാം പതിപ്പ് 2026 ജനുവരി 7 മുതല്‍ 13 വരെ നിയമസഭാ സമുച്ചയത്തിലാണ് സംഘടിപ്പിച്ചത്. പുസ്തകോത്സവത്തിന്റെ ഉദ്ഘാടനം ജനുവരി 7-ന് രാവിലെ 11ന് ആര്‍ ശങ്കരനാരായണന്‍ തമ്പി മെമ്പേഴ്സ് ലോഞ്ചില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിച്ചു. ചടങ്ങില്‍ വിശിഷ്ട അതിഥികളായി സാംബിയന്‍ എംപിയും കോമണ്‍വെല്‍ത്ത് പാര്‍ലമെന്ററി അസോസിയേഷന്‍ ചെയര്‍പേഴ്സണുമായ ഡോ. ക്രിസ്റ്റഫര്‍ കെ കലില, 2025-ലെ അന്താരാഷ്ട്ര ബുക്കര്‍ പുരസ്കാര ജേതാവ് ബാനു മുഷ്താഖ്, സാഹിത്യകാരന്‍ ടി പത്മനാഭന്‍, ബഹുമാനപ്പെട്ട മന്ത്രിമാര്‍ എന്നിവര്‍ പങ്കെടുത്തു. പുസ്തകോത്സവത്തോടനുബന്ധിച്ച്, കല, സാംസ്കാരിക സാഹിത്യ മേഖലകളില്‍ സമഗ്ര സംഭാവനയ്ക്കുള്ള നിയമസഭാ പുരസ്കാരം എന്‍ എസ് മാധവന് നല്‍കി ആദരിച്ചു.
പുസ്തകോത്സവത്തിന്റെ ഏഴു ദിവസങ്ങളിലായി 10 മാധ്യമ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച മെഗാ ഷോ വലിയ തോതിൽ കലാസ്വാദകരെ ആകർഷിച്ചതായി കാണുന്നു. പുസ്തകോത്സവവുമായി സഹകരിച്ച പ്രസ്തുത മാധ്യമ സ്ഥാപനങ്ങളോടുള്ള കേരള നിയമസഭയുടെ നന്ദി അറിയിക്കുകയാണ്.
ഗവര്‍ണ്ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ച സമാപന സമ്മേളനത്തില്‍ മൗറീഷ്യസ് മുന്‍ പ്രസിഡന്റ് ഡോ. അമീന ഗുരിബ് ഫകിം വിശിഷ്ടാതിഥിയായി പങ്കെടുത്തു.
പുസ്തകോത്സവത്തിനു അർഹമായ പ്രചാരണം നൽകി പുസ്തകോത്സവം വൻവിജയമാക്കാൻ സഹകരിച്ച എല്ലാ പത്ര ദൃശ്യ ശ്രവ്യ ഓൺ ലൈൻ മാധ്യമ സുഹൃത്തുക്കളോടുമുള്ള നന്ദി അറിയിക്കുന്നു- സ്പീക്കർ അറിയിച്ചു.










0 comments