പുന്നപ്ര–വയലാർ സമരത്തിന് 79
print edition വീരസ്‌മരണകൾ ഇരമ്പും വാരാചരണത്തിന് ഇന്ന് തുടക്കം


സ്വന്തം ലേഖകൻ
Published on Oct 20, 2025, 12:03 AM | 2 min read
ആലപ്പുഴ: വീരപോരാളികളുടെ അമരസ്‌മരണകൾ ഇരമ്പുന്ന 79–ാമത് പുന്നപ്ര–വയലാർ രക്‌തസാക്ഷിവാരാചരണത്തിന് വിപ്ലവഭൂമിയിൽ തിങ്കളാഴ്‌ച തുടക്കമാകും. പുന്നപ്രയിലും മാരാരിക്കുളത്തും മേനാശേരിയിലും വയലാറിലും ദിവാൻ സർ സി പിയുടെ ചോറ്റുപട്ടാളത്തോട് ഏറ്റുമുട്ടി രക്‌തസാക്ഷിത്വം വരിച്ച വീരസഖാക്കളുടെ അമരസ്‌മരണ പുതുക്കും. ആധുനിക കേരളത്തിന് അടിത്തറ പാകിയ പോരാട്ടത്തിന് അഭിവാദ്യമേകി പുതുതലമുറയൊട്ടാകെ അണിനിരക്കും.
സി എച്ച് കണാരൻ ദിനമായ 20 മുതൽ വയലാർ ദിനമായ 27 വരെയാണ് വാരാചരണം. പുന്നപ്ര–വയലാർ രക്‌തസാക്ഷികൾ അന്ത്യവിശ്രമം കൊള്ളുന്ന വലിയ ചുടുകാട് രക്തസാക്ഷി മണ്ഡപത്തിലും പുന്നപ്ര രക്തസാക്ഷി മണ്ഡപത്തിനുമുന്നിലും മാരാരിക്കുളം രക്തസാക്ഷി മണ്ഡപത്തിലും തിങ്കളാഴ്‌ച ചെങ്കൊടി ഉയരും. വൈകിട്ട് അഞ്ചിന് വലിയ ചുടുകാട്ടിൽ വിപ്ലവഗായിക പി കെ മേദിനിയും പുന്നപ്രയിൽ വാരാചരണ കമ്മിറ്റി പ്രസിഡന്റ് ഇ കെ ജയനും ആറിന് മാരാരിക്കുളത്ത് സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസറും പതാക ഉയർത്തും. വയലാറിൽ 21ന് രക്‌തപതാക ഉയരും.
വയലാർ രക്തസാക്ഷി മണ്ഡപത്തിൽ ഉയർത്തുന്ന രക്തപതാക തിങ്കളാഴ്‌ച മേനാശേരി രക്തസാക്ഷി മണ്ഡപത്തിൽനിന്ന് പ്രയാണം തുടങ്ങും. രാവിലെ ഒന്പതിന് സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം സി ബി ചന്ദ്രബാബു സിപിഐ സംസ്ഥാന കൗൺസിൽ അംഗം എം കെ ഉത്തമന് പതാക കൈമാറും. ചൊവ്വ പകൽ 11ന് സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ പതാക ഉയർത്തും. പുന്നപ്രയിലെ രണധീരരെ സമരഭൂമിയിൽ 23ന് സ്‌മരിക്കും. 13 കാരനായ രക്‌തസാക്ഷി മേനാശേരിയിൽ 25നും 26ന് മാരാരിക്കുളത്തും 27ന് വയലാറിലും അനുസ്‌മരണം.
പുന്നപ്രയിൽ 23ന് എം എ ബേബി, 27ന് വയലാറിൽ മുഖ്യമന്ത്രി
23ന് പകൽ 11ന് പുന്നപ്ര സമര ഭൂമിയിൽ പുഷ്‌പാർച്ചന. വൈകിട്ട് ആറിന് പുന്നപ്ര സമരഭൂമിയിൽ പൊതുസമ്മേളനം സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി ഉദ്ഘാടനംചെയ്യും. 25നാണ് മേനാശേരി ദിനം. വൈകിട്ട് അഞ്ചിന് പൊന്നാംവെളിയിൽ സമ്മേളനം സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം വി ജയരാജൻ ഉദ്‌ഘാടനംചെയ്യും.
26ന് മാരാരിക്കുളത്ത് അനുസ്‌മരണ സമ്മേളനം സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്‌ഘാടനംചെയ്യും. വയലാർദിനമായ 27ന് രാവിലെ വലിയ ചുടുകാട്, മേനാശേരി എന്നിവിടങ്ങളിൽനിന്ന് ദീപശിഖാ പ്രയാണം നടക്കും. രക്‌തസാക്ഷി മണ്ഡപത്തിൽ പുഷ്‌പാർച്ചനയും കവിസമ്മേളനവും തുടർന്ന് പൊതുസമ്മേളനവും. മുഖ്യമന്ത്രി പിണറായി വിജയൻ സമ്മേളനം ഉദ്‌ഘാടനംചെയ്യും.









0 comments